നിദാഹസ് ട്രോഫി: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം
കൊളംബോ: ത്രിരാഷ്ട്ര ടിട്വന്റി ടൂര്‍ണമെന്റ് ഫൈനലില്‍ ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടി. ബംഗ്ലാദേശിനെതിരേ ജയിക്കാന്‍ ഒരു ബൗളില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില് ദിനേശ് കാര്‍ത്തിക് നേടിയ സിക്‌സാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്.
ഇതോടെ 167 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വിജയം നാല് വിക്കറ്റിന്. 12 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 34 റണ്‍സില്‍ 29 റണ്‍സും കാര്‍ത്തികിന്‍റെ ബാറ്റില്‍ നിന്നായിരുന്നു.
തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായപ്പോള്‍ 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ (24), മനീഷ് പാണ്ഡെ (28), ദിനേഷ് കാര്‍ത്തിക് (29) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യ വിജയം എളുപ്പമാക്കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും സ്‌കോര്‍ 27ല്‍ എത്തിനില്‍ക്കെ ഓപ്പണര്‍മാരെ നഷ്ടമായി. തമീം ഇഖ്ബാല്‍ (15), ലിറ്റണ്‍ ദാസ് (11) എന്നിവരെ യഥാക്രമം ചാഹലും വാഷിങ്ടണ്‍ സുന്ദറും പുറത്താക്കി.
പിന്നീട് 77 റണ്‍സെടുത്ത സാബിര്‍ റഹ്മാനാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചെങ്കിലും സൗമ്യ സര്‍ക്കാര്‍ (1), മുഷ്ഫികുര്‍ റഹീം (9) എന്നിവര്‍ നിലയുറപ്പിക്കും മുന്‍പ് മടങ്ങിയതോടെ സാബിറിന് പിന്തുണ നഷ്ടമായി.
ഇതോടെ 68 ന് നാല് എന്ന നിലയില്‍ തകര്‍ന്നെങ്കിലും മഹ്മുദുള്ള (21) സാബിര്‍ റഹ്മാന്‍ എന്നിവരുടെ പ്രകടനം ബംഗ്ലാദേശിന് ആശ്വാസം നല്‍കി. ഏഴ് റണ്‍സ് മാത്രമെടുത്ത് ക്യാപ്റ്റന്‍ റണ്ണൗട്ടായി. മെഹ്ദി ഹസന്‍ (19), മുസ്തഫിസുര്‍ റഹ്മാന്‍ (0) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ചാഹല്‍ മൂന്നും ഉനദ്കട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.