ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. അത്ലറ്റിക്സ് താരങ്ങളായ കെ.ടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് അച്ചടക്ക നടപടിക്ക് വിധേയരായത്. താമസ സ്ഥലത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്ലറ്റിക്സ് വില്ലേജിലെ ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് സിറിഞ്ച് കണ്ടെടുത്തുവെന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍റെ ആരോപണം. ഇരുതാരങ്ങളും നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ലെന്ന് അധികൃതര്‍ വിശദീകരിച്ചു. നടപടിയെ തുടര്‍ന്ന് ഇരുവര്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടി വരും. 


കെ.ടി ഇര്‍ഫാന്‍റെ മത്സരം പൂര്‍ത്തിയായിരുന്നു. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇര്‍ഫാന്‍ 13-ാമത് ആയാണ് ഫിനിഷ് ചെയ്തത്. ട്രിപിള്‍ ജമ്പ് താരമാണ് രാകേഷ് ബാബു. ശനിയാഴ്ച നടക്കുന്ന ട്രിപിള്‍ ജമ്പ് ഫൈനലിലേക്ക് രാകേഷ് യോഗ്യത നേടിയിരുന്നു. ഇവര്‍ക്കൊപ്പം മൂന്ന് ഇന്ത്യന്‍ ഒഫീഷ്യലുകളെയും ഫെഡറേഷന്‍ വിളിപ്പിച്ചിരുന്നു. ഇവര്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചു.