ഖത്തർ ലോകകപ്പ് ആവേശം സംസ്ഥാനത്തേക്കും; ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഫുട്ബോൾ പരിശീലനവുമായി കായിക വകുപ്പ്
മികവു പുലര്‍ത്തുന്നവര്‍ക്ക് തുടർന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കി മികച്ച താരങ്ങളാക്കി മാറ്റുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ
തിരുവനന്തപുരം: ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപ്പിച്ചു. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ് വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 10നും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്ത് ദിവസത്തെ ഫുട്‌ബോൾ പരിശീലനമാണ് വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി നല്‍കുക.
മികവു പുലര്‍ത്തുന്നവര്‍ക്ക് തുടർന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കി മികച്ച താരങ്ങളാക്കി മാറ്റുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. നവംബര്‍ 11 മുതൽ 20 വരെയാണ് അടിസ്ഥാന ഫുട്‌ബോൾ പരിശീലന പരിപാടി. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളിൽ 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. ഓരോ ജില്ലയിലും തെരഞ്ഞെടുത്തിട്ടുളള വൺ മില്യൺ ഗോൾ അംബാസിഡര്‍മാരായ മുൻ സന്തോഷ് ട്രോഫി താരങ്ങൾ ക്യാമ്പയിന്റെ പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
സംസ്ഥാനത്തെ 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് “ഗോള്‍” എന്നപേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ലോകകപ്പ് ഫുട്‌ബോളിന് തുടക്കമാകുന്ന നവംബര്‍ 20ന് പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ഗോളുകൾ സംസ്ഥാനത്ത് ആകെ അടിക്കാനും കായിക വകുപ്പ് പദ്ധതിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...