ചതുരംഗ കളത്തിലെ ചടുലമായ കരുനീക്കത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച വിശ്വാഥന്‍ ആനന്ദിന് ഒരു പിന്‍ഗാമി. അതും തമിഴ്‌നാട്ടില്‍ നിന്ന്. രമേശ്ബാബു പ്രജ്ഞാനന്ദ എന്ന പതിനാറുകാരന്‍. ലോക ചെസ് കിരീടം നിരവധി തവണ ഉയര്‍ത്തിയ മാഗ്‌നസ് കാള്‍സണെ തോല്‍പ്പിച്ചാണ് ആര്‍ പ്രജ്ഞാനന്ദ ചരിത്രം സൃഷ്ടിച്ചത്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്ന് വിജയങ്ങളോടെ തേരോട്ടത്തിനെത്തിയ കാള്‍സണെ 39 നീക്കത്തിലാണ്  പ്രജ്ഞാനന്ദ മുട്ടുകുത്തിച്ചത്. അത് നിസാരമല്ല. ആ തിരിച്ചറിവിലാണ് പ്രജ്ഞാനന്ദ എന്ന അത്ഭുത ബാലനിലേക്ക് ലോകം ഉറ്റുനോക്കുന്നത്.  16 ലോകതാരങ്ങള്‍ മാറ്റുരയ്ക്കുന്ന എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിലെ എട്ടാം റൗണ്ടിലാണ് കാള്‍സനെ പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയത്. ഇതേ ടൂര്‍ണമെന്റില്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള ലെവ് ആരോനിയ, പ്രജ്ഞാനന്ദയുടെ കരുനീക്കത്തില്‍ പരാജയത്തിന്റെ ചൂടറിഞ്ഞു. ടൂര്‍ണമെന്റില്‍  രണ്ട് സമനിലയും നാല് പരാജയവും പ്രജ്ഞാനന്ദയ്ക്ക് നേരിടേണ്ടിവന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സച്ചിന്‍ തെണ്ടുല്‍ക്കര്‍  ഉള്‍പ്പെടെ നിരവധി കായികപ്രേമികളാണ് പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനവുമായി എത്തിയത്.  ഇന്ത്യയുടെ അഭിമാനമാണ് പ്രജ്ഞാനന്ദ എന്ന് കുറിച്ച സച്ചിന്‍,  ചെസ് ലോകത്ത് മികച്ച ഭാവി ഉണ്ടാകട്ടെ എന്നും ആശംസിച്ചു. 2005 ഓഗസ്റ്റ് പത്തിനാണ് പ്രജ്ഞാനന്ദയുടെ ജനനം. രമേശ് ബാബുവും നാഗലക്ഷ്മിയുമാണ് മാതാപിതാക്കള്‍. പ്രജ്ഞാനന്ദയ്ക്ക് ചെസിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്  സഹോദരി വൈശാലി രമേശ്ബാബുവാണ്. ചെസ് ഗ്രാന്റ് മാസ്റ്ററായിരുന്നു വൈശാലി. പ്രശസ്ത ചെസ് പരിശീലകന്‍ ആര്‍ബി രമേശായിരുന്നു പ്രജ്ഞാനന്ദയ്ക്ക് പരിശീലനം നല്‍കിയത്. പരിശീലന കാലയളവില്‍ തന്നെ ഒപ്പമുള്ള പല മികച്ച കളിക്കാരെയും പ്രജ്ഞാനന്ദ തോല്‍പ്പിച്ചിരുന്നു.


ചടുലമായ നീക്കങ്ങളും എതിരാളിക്ക് പെട്ടെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള മുന്നേറ്റങ്ങളും പ്രജ്ഞാനന്ദയുടെ മികവായി. പ്രജ്ഞാനന്ദയുടെ ചതുരംഗമികവിന് മുന്നില്‍  പരിശീലകനായ ആര്‍ബി രമേശിനും പലവട്ടം കീഴടങ്ങേണ്ടി വന്നു. ലോക യൂത്ത് ചെസ് മത്സരത്തിലാണ് പ്രജ്ഞാനന്ദയുടെ ആദ്യ കിരീട നേട്ടം. അതും ഏഴാം വയസില്‍. 2015ല്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയതോടെ ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ ഗ്രാന്‍റ് മാസ്റ്ററായി. അന്ന് പത്ത് വയസായിരുന്നു  പ്രജ്ഞാനന്ദയുടെ പ്രായം. നേരത്തെയും കാള്‍സന്റെ കരുനീക്കത്തിന് തടയിട്ട് സമനിലയിലാക്കാന്‍ പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പരാജയപ്പെടുത്തിയത് ആദ്യമായാണ്. യോഹാന്‍ സെബാസ്റ്റിയന്‍ ക്രിസ്റ്റിയന്‍സെന്‍, യാന്‍ ക്രൈസോഫ് ഡ്യൂഡ, സെര്‍ജി കര്യാക്കിന്‍, ടെയ്മര്‍ റാഡ്യാബോവ് എന്നിങ്ങനെയുള്ള പല മികച്ച കിരീട ജേതാക്കളെയും പ്രജ്ഞാനന്ദ നിലംപരിശാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.