Robin Uthappa : റോബിൻ ഉത്തപ്പ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു; കെസിഎയ്ക്കും നന്ദി അറിയിച്ച് താരം
Robin Uthappa Resigns : 2007ൽ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഉത്തപ്പ.
ബെംഗളൂരു : ക്രീസിൽ നിന്നും മെല്ലെ നടന്നിറങ്ങി പന്തുകൾ ബൗണ്ടറികൾ പായിച്ച ഇന്ത്യൻ കായിക പ്രേമികളുടെ ഉള്ളിൽ ഇടം പിടിച്ച റോബിൻ ഉത്തപ്പ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിൽ നീണ്ട കുറിപ്പ് പങ്കുവെച്ചാണ് കർണാടക സ്വദേശിയായ താരം തന്റെ 20 വർഷത്തെ ക്രിക്കറ്റ് കരിയറിൽ നിന്നും പടിയിറങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായ താരം തന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ കെസിഎയ്ക്കും നന്ദി അറിയിച്ചിട്ടുണ്ട്. 2007ൽ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഉത്തപ്പ.
2006ൽ ഇംഗ്ലണ്ടിനെതിരെയാണ ഉത്തപ്പ രാജ്യാന്തര കരിയറിന് തുടക്കമിടുന്നത്. തുടർന്ന് 2007ൽ നടന്ന കരീബിയൻ ലോകകപ്പിൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ഉത്തപ്പ. രണ്ട് മത്സരങ്ങളിൽ ഇന്ത്യയുടെ ഓപ്പണിങ് താരമായിരുന്നു ഉത്തപ്പ. തുടർന്ന് അതേവർഷം തന്നെ നടന്ന പ്രഥമ ടി20 ലോകകപ്പ് ടീമിലും ഉത്തപ്പ നിറസാന്നിധ്യമായിരുന്നു. സമനിലയിലായ പാകിസ്ഥാനെതിരെയുള്ള ഗ്രൂപ്പ്ഘട്ട മത്സരത്തിൽ നിർണായക 50 റൺസ് റോബിൻ ഉത്തപ്പ സ്വന്തമാക്കിയിരുന്നു. കൂടാതെ സമനിലയായ മത്സരത്തിൽ ബോൾഔട്ടിൽ പന്തെറിഞ്ഞ താരങ്ങൾ ഒരാൾ റോബിനായിരുന്നു. 46 ഏകദിന മത്സരങ്ങളിലായി 934 റൺസും 13 ടി20കളിൽ നിന്നായി 249 റൺസ് ഉത്തപ്പ തന്റെ രാജ്യാന്തര കരിയറിൽ സ്വന്തമാക്കി. ക്രീസിന്റെ പുറത്തേക്ക് നടന്ന് ഇറങ്ങിയുള്ള റോബിയുടെ ഷോട്ടിന് തന്നെ പ്രത്യേകം ആരാധകർ ഉണ്ട്.
ALSO READ : BCCI : ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലിക്കും ജയ് ഷായ്ക്കും തുടരാം; ആശ്വാസമായി സുപ്രീം കോടതി വിധി
നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരിക്കെയാണ് ഉത്തപ്പ തന്റെ പാഡ് അഴിച്ച് വെക്കുന്നത്. ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ 2021ലും ഗൗതം ഗംഭീറിന്റെ കീഴിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ വെച്ച് 2012ലു 2014ലുമായി ഐപിഎൽ കിരീടത്തിൽ മുത്തമിടുകയും ചെയ്തു. 2014 സീസണിലെ ഓറഞ്ച് ക്യാപ് ഉത്തപ്പയ്ക്കായിരുന്നു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങൾ നിലവിൽ ഒമ്പതാം സ്ഥാനത്താണ് ഉത്തപ്പ. 15 സീസണുകളിൽ നിന്ന് താരം ആറ് ഐപിഎൽ ടീമുകളെയാണ് ഉത്തപ്പ പ്രതിനിധീകരിച്ചത്. സിഎസ്കെ, കെകെആർ എന്നിവയ്ക്ക് പുറമെ മുംബൈ ഇന്ത്യൻസ്, പൂണെ വാരിയേഴ്സ് ഇന്ത്യ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ ഭാഗമായിട്ടുണ്ട്.
കുടക് സ്വദേശിയായ താരം ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ ഭാഗമായിട്ടാണ് കരിയറിന് തുടക്കമിടുന്നത്. പിന്നീട് സൗരാഷ്ട്ര, കേരള ക്രിക്കറ്റ് അസോസിയേഷനുകൾക്ക് താരം ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി. അതേസമയം മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം വഴിമുട്ടിയപ്പോൾ മാനസിക സമ്മർദ്ദത്തെ തുടർന്ന് താരം ആത്മഹത്യയുടെ വക്കിൽ വരെയെത്തിയെന്നുള്ള കാര്യ ഉത്തപ്പ തന്നെ തന്റെ ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. മുൻ ഹോക്കി അമ്പയറായിരുന്ന വേണു ഉത്തപ്പയും മലയാളിയായ റോസ്ലിനുമാണ് ഉത്തപ്പയുടെ മാതാപിതാക്കൾ. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ വിവാഹം ചെയ്ത ശീതൾ ഗൗതമാണ് ഉത്തപ്പയുടെ ഭാര്യ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.