Sanju Samson: സഞ്ജുവിന് പരിക്ക്, രണ്ട് മത്സരങ്ങൾ നഷ്ടമാകും; T20 യിൽ രണ്ടാം മത്സരം വൈകിട്ട് 7.30ന്
Sanju Samson injury: നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സഞ്ജു കഴിഞ്ഞ മത്സരത്തിനായി ഇറങ്ങിയത്. എന്നാൽ കാൽമുട്ടിനേറ്റ പരിക്ക് തിരിച്ചടിയായിരിക്കുകയാണ്.
തിരുവനന്തപുരം: സഞ്ജു സാംസണിന് ഇനിയുള്ള രണ്ട് T20 മത്സരങ്ങൾ നഷ്ടമാകും. ഒന്നാം T20 മത്സരത്തിലെ ഫീൽഡിങ്ങിനിടയിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇനിയുള്ള രണ്ട് മത്സരങ്ങളും സഞ്ജുവിന് നഷ്ടമാകുന്നത്. കാല്‍ മുട്ടിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെങ്കിൽ സ്കാനിങിനായും തുടർ പരിശോധനയ്ക്കുമായി മുബൈയിൽ തുടരാനാണ് സഞ്ജുവിനോട് ടീം മാനേജ്മെന്‍റ് നിർദേശിച്ചിരിക്കുന്നത്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സഞ്ജു കഴിഞ്ഞ മത്സരത്തിനായി ഇറങ്ങിയത്. എന്നാൽ കാലിനേറ്റ പരിക്ക് തിരിച്ചടിയായിരിക്കുകയാണ്.
ശ്രീലങ്കൻ ചേസിംഗിന്റെ ആദ്യ ഓവറിൽ ഡൈവിംഗ് ക്യാച്ചിനിടെയാണ് പരിക്കേറ്റത്. പന്ത് പിടിച്ചെങ്കിലും നിലത്ത് വീണതോടെ പന്ത് കൈയിൽ നിന്ന് തെറിച്ചു. പിന്നീട് മത്സരത്തിൽ ഫീൽഡിംഗ് തുടർന്നെങ്കിലും നീർവീക്കം അനുഭവപ്പെട്ടതിനാൽ വൈദ്യോപദേശം ആവശ്യപ്പെടുകയായിരുന്നു. മിഡ് ഓഫിലാണ് സഞ്ജു സാംസൺ ഫീൽഡ് ചെയ്തിരുന്നത്. T 20 ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചത് ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ നോക്കികണ്ടത്. ആദ്യമത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ആ മത്സരത്തിൽ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
ALSO READ: IND vs SL : വാങ്കെഡെ ത്രില്ലർ! ലങ്കയ്ക്കെതിരെ ഇന്ത്യക്ക് രണ്ട് റൺസ് ജയം
ആറ് ബോളിൽ അഞ്ച് റൺസ് നേടാനേ സഞ്ജുവിന് കഴിഞ്ഞിരുന്നുള്ളു. ഇത് വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷം ലഭിച്ച അവസരം കളഞ്ഞതിനെതിരെ ആയിരുന്നു ക്രിക്കറ്റ് പ്രേമികളുടെ വിമർശനം. അതിനിടയിലാണ് കാലിനേറ്റ പരിക്ക് കാരണം ഇനിയുള്ള മത്സരങ്ങള്‍ കൂടി നഷ്ടമകുമെന്ന വാർത്തകൂടി വരുന്നത്. രാഹുൽ ത്രിപാഠി അരങ്ങേറ്റ മത്സരം കളിക്കാനാണ് സാധ്യത. യുവതാരം ജിതേഷ് ശർമയെ സഞ്ജുവിന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 7.30നാണ് ഇന്ത്യ ശ്രീലങ്ക T20 യിലെ രണ്ടാം മത്സരം. പരിക്കേറ്റതോടെ രഞ്ജി ട്രോഫിയിൽ സഞ്ജു ഇനി എന്ന് കേരളത്തിനായി കളിക്കാൻ ഇറങ്ങും എന്ന ആശങ്കയും നിലിൽക്കുന്നുണ്ട്. കേരള ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...