ന്യൂസിലാന്റിനെതിരെ പോരാടാനിറങ്ങുമ്പോള്‍ കളിമറന്നുപോകുന്ന ഒരു പ്രേത സ്വപ്‌നം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പലപ്പോഴും വേട്ടയാടാറുണ്ട്. പ്രത്യേകിച്ചും അത് നോക്കൗട്ട് റൗണ്ടില്‍ ആകുമ്പോള്‍. ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ താണ്ഡവമാടിയപ്പോള്‍, മേല്‍പറഞ്ഞതെല്ലാം ഒരു പഴങ്കഥയാണെന്ന് ഉറപ്പിച്ചതായിരുന്നു ഇന്ത്യന്‍ ആരാധകര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന്റെ നെടുംതൂണുകളായ രചിന്‍ രവീന്ദ്രയേയും ഡെവോണ്‍ കോണ്‍വേയേയും പുറത്താക്കി ഷമി കരുത്ത് തെളിയിച്ചപ്പോള്‍ ഇന്ത്യന്‍ ആവേശം വീണ്ടും വാനോളം ഉയര്‍ന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ പിന്നീടങ്ങോട്ട് ഗാലറിയിലെ നീലക്കൂട്ടം നിശബ്ദതയില്‍ അലിയുന്ന കാഴ്ചയായിരുന്നു കണ്ടത്. ഡാരില്‍ മിച്ചലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ചേര്‍ന്ന് ന്യൂസിലാന്റിന്റെ ഫൈനല്‍ സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്നുകൊണ്ടേയിരുന്നു. അതിനിടയില്‍ ബുംറയുടെ പന്തില്‍ കെയ്ന്‍ വില്യംസണിന്റെ ലളിതമായൊരു ക്യാച്ച് മുഹമ്മദ് ഷമി എന്ന അതികായന്‍ വിട്ടുകളഞ്ഞു. ഗാലറി മുഴുവന്‍ പകച്ചുപോയ നിമിഷം. എന്നാല്‍, ആ നിമിഷം ഷമിയുടെ മനസ്സിലേക്ക് ഇരച്ചുകയറിയത് പഴയ പാകിസ്താന്‍ മത്സരത്തിന് ശേഷം നടന്ന വര്‍ഗീയ ആക്രമണം മാത്രമായിരുന്നിരിക്കണം.


Read Also: 50 വിക്കറ്റ് നേട്ടത്തില്‍ മുഹമ്മദ്‌ ഷമി, പ്ലെയര്‍ ഓഫ് ദ മാച്ച്


ന്യൂസിലാന്റിനെതിരെ പരാജയപ്പെട്ടിരുന്നെങ്കില്‍, അതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഷമിയുടെ തലയില്‍ ചാര്‍ത്തപ്പെട്ടേനെ. ഒരുപക്ഷേ, മുമ്പ് പിന്തുണച്ച വിരാട് കോലിയ്ക്ക് പോലും ഇത്തവണ നിശബ്ദനായി നില്‍ക്കേണ്ടിയും വന്നേനെ. എന്നാല്‍ ഷമി സീറോയോ വില്ലനോ അല്ല, ഹീറോ ആണ്. ലോകകപ്പ് തുടങ്ങിയപ്പോള്‍ ആദ്യത്തെ നാല് കളികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും പിന്നീട് കളിച്ച കളികളിലെല്ലാം ഇന്ത്യന്‍ ബൗളിങ്ങിന്റെ നെടുന്തൂണ്‍ ആയി മാറുകയും ചെയ്ത ആളാണ് ഷമി. 


താന്‍ ക്യാച്ച് നഷ്ടപ്പെടുത്തിയ കെയ്ന്‍ വില്യംസണിന്റേയും ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചുകൊണ്ടിരുന്ന ഡാരില്‍ മിച്ചലിന്റേയും അടക്കം അഞ്ച് വിക്കറ്റുകള്‍ തുടരെത്തുടരെ തെറിപ്പിച്ചുകൊണ്ടായിരുന്നു ഷമി തന്റെ ഹീറോയിസം കാണിച്ചത്. കൈവിട്ടുപോകും എന്ന് കരുതിയ ഇന്ത്യന്‍ വിജയം അനായാസമാക്കിയത് ഷമി എന്ന ഹീറോയുടെ മാസ്മരിക ബൗളിങ് ഒന്ന് മാത്രമായിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ ഏറ്റവും അധികം വിക്കറ്റുകള്‍ എടുത്ത ബൗളറായിമാറി ഷമി. ലോകകപ്പില്‍ ഏതൊരു ഇന്ത്യന്‍ താരവും പിഴുതെടുത്ത വിക്കറ്റുകളുടെ എണ്ണം നോക്കിയാലും ഷമി തന്നെ മുന്നില്‍. ലോകകപ്പില്‍ ഒറ്റ മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഏക ഇന്ത്യന്‍ താരവും ഷമി തന്നെ. ഒരു ലോകകപ്പില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഏക ഇന്ത്യക്കാരനും മുഹമ്മദ് ഷമി തന്നെ.


Read Also: ലോകകപ്പിൽ മുഹമ്മദ് ഷമിയുടെ അത്ഭുത നേട്ടം


ഇതൊക്കെ ഇപ്പോഴത്തെ കഥ. എന്നാല്‍ സീറോയില്‍ നിന്ന് ഹീറോയില്‍ എത്താന്‍ ഷമി താണ്ടിയ കഷ്ടതകളുടേയും ദുരിതങ്ങളുടേയും കടല്‍ ഒരു സാധാരണ ഇന്ത്യന്‍ ക്രിക്കറ്റര്‍ക്ക് ചിന്തിക്കാന്‍ പോലും ആകാത്തതാണ്. ഉത്തര്‍ പ്രദേശില്‍ ജനിച്ച്, സെലക്ടര്‍മാരുടെ അവഗണന സഹിക്കാനാവാതെ കൊല്‍ക്കത്തയിലേക്ക് സ്വയം പറിച്ചുനടപ്പെട്ടവനാണ് ഇന്ത്യന്‍ ബൗളിങ്ങിന്റെ ആണിക്കല്ലായ ഈ ബൗളര്‍. അവിടേയും ദുരിതപര്‍വ്വമായിരുന്നു ഷമിയെ കാത്തിരുന്നത്. തുച്ഛമായ പ്രതിഫലവും കടുത്ത ജീവിത സാഹചര്യങ്ങളും... ഒടുവില്‍ ദേവവ്രത ദാസ് എന്ന പരിശീലകനും കൊല്‍ക്കത്ത ടൗണ്‍ ക്ലബ്ബും. അവിടെ നിന്ന് മോഹന്‍ ബഗാനിലേക്കും പിന്നെ ഇന്ത്യന്‍ ടീമിലേക്കും.


എന്നാല്‍ അവിടംകൊണ്ട് തീര്‍ന്നില്ല ഷമിയ്ക്ക് മേല്‍ വര്‍ഷിച്ച ശാപവര്‍ഷങ്ങള്‍. 2015 ലെ ഓസ്‌ട്രേലിയന്‍ ലോകകപ്പില്‍ തീപാറുന്ന പ്രകടനം കാഴ്ചവച്ച ഷമി പരിക്കിന്റെ പിടിയിലമര്‍ന്നു. ഒന്നോ രണ്ടോ മാസങ്ങളല്ല, രണ്ട് വിലപ്പെട്ട വര്‍ഷങ്ങളാണ് അയാള്‍ക്ക് നഷ്ടമായത്. അതിന് പിറകെ ദാമ്പത്യ പ്രശ്‌നങ്ങളുടെ ഊരാക്കുടുക്കില്‍ ഷമി സ്വയം നഷ്ടപ്പെട്ടു. കടുത്ത വിഷാദ രോഗത്തിന് അടിമയായി. മൂന്ന് തവണ താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് ഷമി തന്നെ പിന്നീട് വെളിപ്പെടുത്തി. 


അതിലും ദുരന്തപൂര്‍ണമായിരുന്നു പിന്നീട് സംഭവിച്ച കാര്യങ്ങള്‍. പാകിസ്താനി വനിതയില്‍ നിന്ന് പണം പറ്റി ഷമി ഒത്തുകളിച്ചു എന്ന ആരോപണം ഉയര്‍ത്തിയത് സ്വന്തം ഭാര്യ തന്നെ ആയിരുന്നു. ഷമിയെ പോലെ ഒരാള്‍ക്ക് താങ്ങാന്‍ പോലും ആകാത്ത കാര്യം. ബിസിസിഐ ഈ വിഷയം അന്വേഷിച്ചു. ഷമിയുടെ കോണ്‍ട്രാക്ട് താത്കാലികമായി റദ്ദ് ചെയ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഷമിയ്ക്കെതിരെ ആരോപണ ശരങ്ങളുയർന്നു. രാജ്യദ്രോഹിയെന്ന് ഒരു കൂട്ടർ ആർത്തുവിളിച്ചുകൊണ്ടിരുന്നു. ഷമിയെ പിന്തുണച്ച് രം​ഗത്ത് വന്ന വിരാട് കോലിയ്ക്കും കേൾക്കേണ്ടി വന്നു ആക്ഷേപം. കോലിയുടെ ജീവിത പങ്കാളിയും ബോളിവുഡ് താരവുമായ അനുഷ്കയും പിഞ്ചു പൈതലും വരെ ക്രൂരമായ സൈബ‍ർ ആക്രമണം നേരിട്ടു. മുഹമ്മദ് ഷമി വിഷാദത്തിന്റെ അ​ഗാധ​ഗർത്തത്തിലേക്ക് വീണുപോയി. പക്ഷേ, അന്തിമ വിജയം ആ ഹീറോയ്‌ക്കൊപ്പം തന്നെ ആയിരുന്നു. ബിസിസിയുടെ ആന്റി കറപ്ഷന്‍ വിങ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷമി കുറ്റവിമുക്തനാക്കപ്പെട്ടു.


പക്ഷേ, വിധിയ്ക്ക് ഷമിയെ വേട്ടയാടി മതിയായിട്ടുണ്ടായിരുന്നില്ല. 2018 ലെ ഐപിഎല്ലില്‍ തിരിച്ചുവരവിന് കാത്തിരുന്ന ഷമിയെ വരവേറ്റത് മറ്റൊരു ദുരന്തമായിരുന്നു. ഐപിഎല്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷമി സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷമിയ്ക്ക് ആ സീസണ്‍ തന്നെ നഷ്ടപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പക്ഷേ, പോരാളിയായ ഷമി തിരിച്ചുവന്നു, തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷ വാനോളം ഉയര്‍ത്തിയ താരമായി. എന്നിട്ടും സെമി ഫൈനലില്‍ ന്യൂസിലാന്റിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ ഷമിയെ പതിനൊന്നംഗ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്ന് തരിപ്പണമായി പുറത്തായത് നെഞ്ച് തകര്‍ന്നുകൊണ്ടായിരുന്നു ഷമി ബഞ്ചിലിരുന്ന് കണ്ടത്.


പക്ഷേ, ഇപ്പോള്‍ മധുരപ്രതികാരം തീര്‍ത്ത് അജയ്യനായിരിക്കുകയാണ് മുഹമ്മദ് ഷമി. സെമി ഫൈനലില്‍ അന്നത്തെ പോലെ തന്നെ ന്യൂസിലാന്റിനെ തന്നെ എതിരാളിയായി കിട്ടി. ഷമിയുടെ സ്ഥാനം ബഞ്ചിലായിരുന്നില്ല, പോര്‍ക്കളത്തിലെ പോര്‍മുനയുടെ സ്ഥാനത്ത് തന്നെ ആയിരുന്നു. ഇപ്പോള്‍ ഉറപ്പിച്ച് പറയാം... ഷമ്മി സീറോയോ വില്ലനോ അല്ല, ഹീറോ ആണെടാ, ഹീറോ...


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.