വെല്ലി൦ഗ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്‍റി20 പരമ്പരയില്‍ ഇന്ത്യക്ക് 80 റണ്‍സിന്‍റെ ദയനീയ തോല്‍വി. ഇതോടെ, മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0നു പിന്നിലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍, സീഫര്‍ട്ടിന്‍റെ വെടിക്കെട്ട് ബാറ്റിംഗില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിരുന്നു. 


കോളിന്‍ മണ്‍റോയും ടിം സിഫര്‍ട്ടുമാണ് കിവീസിന് മികച്ച തുടക്കം നല്‍കി. എന്നാല്‍, ഇന്ത്യയുടെ മറുപടി 19.2 ഓവറില്‍ 139 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 


ടീം ഒന്നടങ്കം ബാറ്റുവച്ചു കീഴടങ്ങുമ്പോഴും ഒറ്റയാള്‍ പോരാളിയുടെ വേഷമിട്ട മഹേന്ദ്രസി൦ഗ് ധോണിയാണ് ഇക്കുറിയും ടീമിന്‍റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 39 റണ്‍സുമായാണ് ധോണി പുറത്തായത്. 


ഇന്ത്യക്കായി ഹാര്‍ദ്ദിക് രണ്ടും ഭുവിയും ഖലീലും ക്രുണാലും ചാഹലും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. ചാഹലും ക്രുണാലും മാത്രമാണ് 10ല്‍ താഴെ ശരാശരിയില്‍ പന്തെറിഞ്ഞത്.  


ടി20യില്‍ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 2010ല്‍ ബ്രിഡ്ജ്ടൗണില്‍ ഓസ്ട്രേലിയയോട് 49 റണ്‍സിന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കനത്ത തോല്‍വി.