T20 World Cup 2022: പാക്കിസ്ഥാനെ ഞെട്ടിച്ച് സിംബാബ്വെ; ജയം ഒരു റണ്ണിന്
സിക്കന്തർ റാസയാണ് സിംബാബ്‌യ്ക്കുവേണ്ടി കൂടുതൽ വിക്കറ്റ് നേടിയത്.
ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്വെയുടെ ജയം. ഒരു റണ്ണിനാണ് സിംബാബ്വെ ജയം സ്വന്തമാക്കിയത്. ആദ്യ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് സിംബാബ്വെയ്ക്ക് മുന്നിൽ അടിപതറുകയായിരുന്നു. 131 റൺസ് വിജയലക്ഷ്യമുയർത്തിയ സിംബാബ്‍വെയോട് 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമെ പാകിസ്ഥാന് എടുക്കാൻ കഴിഞ്ഞുള്ളൂ.
അവസാന മൂന്നു പന്തിൽ മൂന്ന് റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ പാക്കിസ്ഥാന്റെ മുഹമ്മദ് നവാസ് പുറത്തായത് കളി പാക്കിസ്ഥാന്റെ കൈവിട്ടു പോകാൻ കാരണമായി. മികച്ച ഫീൽഡിങ് പുറത്തെടുത്ത സിംബാബ്‌വെ പാക്കിസ്ഥാനെ തളയ്ക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. 28 പന്തിൽ മൂന്നു ഫോറുകളോടെ 31 റൺസെടുത്ത ഷോൺ വില്യംസാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർ. ഓപ്പണർമാരായ വെസ്‌ലി മാദ്‌ഹിവേരെ (13 പന്തിൽ 17), ക്യാപ്റ്റൻ കൂടിയായ ക്രെയ്ഗ് എർവിൻ (19 പന്തിൽ 19), ബ്രാഡ് ഇവാൻസ് (15 പന്തിൽ 19), റയാൻ ബേൾ (15 പന്തിൽ 10) എന്നിവരും സിംബാബ്വെയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മൂന്ന് വിക്കറ്റ് എടുത്ത് കൊണ്ട് സിക്കന്തർ റാസയാണ് സിംബാബ്‌യ്ക്കുവേണ്ടി കൂടുതൽ വിക്കറ്റ് നേടിയത്. ബ്രാഡ് ഇവൻസ് രണ്ടും, ബ്ലെസിങ് മുസരാബാനി, ലൂക്ക് ജോങ്‌വെ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
ഷാൻ മസൂദ് ആണ് പാക്കിസ്ഥാന് വേണ്ടി കൂടുതൽ റൺസ് എടുത്തത്. 38 പന്തിൽ 44 റൺസാണ് ഷാൻ മസൂദ് നേടിയത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം 9 പന്തിൽ നാല് റൺസ് മാത്രമാണ് എടുത്തത്. മുഹമ്മദ് റിസ്‌വാൻ 16 പന്തിൽ നിന്ന് 14 റൺസും ഇഫ്തിഖർ അഹമ്മദ് 10 പന്തിൽ നിന്ന് 5 റൺസും ഷദബ് ഖാൻ 14 പന്തിൽ 17 റൺസും എടുത്തു. ഹൈദർ അലി ആദ്യപന്തിൽ റണ്ണൊന്നുമില്ലാതെ പുറത്തായി.
നാല് ഓവറിൽ 24 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് വസിം ജൂനിയറാണ് പാക്കിസ്ഥാന്റെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ. ഷതാബ് ഖാൻ നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുക്കാൻ ഹാരിസ് റൗഫിനും സാധിച്ചു.
പാക്കിസ്ഥാന് ഇത് രണ്ടാ തോൽവിയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സിംബാബ്‌വെയുടെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...