T20 World Cup 2024: മാക്സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ടി20 ലോകകപ്പില്‍ ഓസീസിനെ തറപറ്റിച്ച് അഫ്ഗാനിസ്താന്
T20 World Cup semifinal qualification scenario: ഒരു ഘട്ടത്തില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയയുടെ രക്ഷകനാകുമെന്ന് തോന്നിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
സെന്റ് വിന്‍സെന്റ്: ടി20 ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്താന്‍. 21 റണ്‍സിനാണ് അഫ്ഗാനിസ്താന്റെ വിജയം. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞില്ല. 127 റണ്‍സ് എടുക്കുന്നതിനിടെ ഓസീസ് ഓള്‍ ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന് വേണ്ടി ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സര്‍ദാനും ഗംഭീര തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 49 പന്തുകളില്‍ നിന്ന് 60 റണ്‍സുമായി ഗുര്‍ബാസ് കളംനിറഞ്ഞപ്പോള്‍ 48 പന്തില്‍ 51 റണ്‍സുമായി സര്‍ദാന്‍ മികച്ച പിന്തുണ നല്‍കി. കരിം ജന്നത് 13 റണ്‍സ് നേടി. അവസാന നിമിഷം ആഞ്ഞടിച്ച മുഹമ്മദ് നബി 4 പന്തില്‍ പുറത്താകാതെ നേടിയ 10 റണ്‍സാണ് അഫ്ഗാനിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ആദം സാംപ രണ്ടും മാര്‍ക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും സ്വന്തമാക്കി.
149 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ഓസ്‌ട്രേലിയ തുടക്കത്തില്‍ തന്നെ പതറി. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ അപകടകാരിയായ ട്രാവിസ് ഹെഡിന്റെ കുറ്റി തെറിപ്പിച്ച് നവീന്‍ ഉല്‍ ഹഖ് ആദ്യ പ്രഹരമേല്‍പ്പിച്ചു. മൂന്നാം ഓവറില്‍ നായകന്‍ മിച്ചല്‍ മാര്‍ഷിനെ (12) മടക്കി അയച്ച് നവീന്‍ വീണ്ടും അഫ്ഗാന് മേല്‍ക്കൈ നല്‍കി. പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പ് ഡേവിഡ് വാര്‍ണര്‍ (3) കൂടി മടങ്ങിയതോടെ ഓസീസ് അപകടം മണത്തു. മാര്‍ക്കസ് സ്റ്റോയിനിസും (11) ടിം ഡേവിഡും (2) വന്നപോലെ മടങ്ങി.
ഫോമിലേയ്ക്ക് മടങ്ങി എത്തിയ ഗ്ലെന്‍ മാക്‌സ്വെല്‍ ഒരറ്റത്ത് ഉറച്ച് നിന്നത് മാത്രമായിരുന്നു ഓസീസിന്റെ ഏക വിജയപ്രതീക്ഷ. 41 പന്തുകള്‍ നേരിട്ട മാക്‌സ്വെല്‍ 6 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 59 റണ്‍സ് നേടി പുറത്തായതോടെ ഓസീസിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഓസീസ് നിരയില്‍ ആകെ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. അഫ്ഗാനിസ്താന് വേണ്ടി ഗുല്‍ബദീന്‍ നായിബ് 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. നവീന്‍ ഉല്‍ ഹഖ് മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ അസ്മത്തുല്ല ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ജയത്തോടെ അഫ്ഗാനിസ്താന്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്താനായാല്‍ അഫ്ഗാനിസ്താന് സെമി ഫൈനല്‍ പ്രതീക്ഷ സജീവമാക്കാം. അതേസമയം, നാളെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍. ഇന്ത്യയോട് പരാജയപ്പെട്ടാല്‍ ഓസ്‌ട്രേലിയയ്ക്ക് സെമി കാണാതെ പുറത്ത് പോകേണ്ടി വരും എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. മറുഭാഗത്ത്, അഫ്ഗാനിസ്താന്‍ ഓസീസിനെതിരെ വിജയിച്ചതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത ശക്തമായി.