Ind vs Pak: ലോകകപ്പിൽ വീണ്ടും ഇന്ത്യ-പാക് പോരാട്ടം; തീയതി ഉറപ്പിച്ചു, ഇനി വാശിക്കളിക്കുള്ള കാത്തിരിപ്പ്
Ind vs Pak, ODI WC 2023: ഏകദിന ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്താന് കഴിഞ്ഞിട്ടില്ല.
ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ ടീം ഇന്ത്യയുടെ മത്സരക്രമമായി. ഇത്തവണയും ലോകകപ്പിൽ ഇന്ത്യ - പാകിസ്താൻ പോരാട്ടം നടക്കുമെന്നതാണ് സവിശേഷത. ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വീറും വാശിയുമേറിയ മത്സരം അരങ്ങേറുക. ഒക്ടോബർ 5ന് ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കും. നവംബർ 19ന് അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം നടക്കുക. ഒന്നര മാസം നീണ്ടുനിൽക്കുന്ന ലോകകപ്പിൽ 10 ടീമുകൾ മാറ്റുരയ്ക്കും.
അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായാണ് ഇന്ത്യ- പാകിസ്താൻ മത്സരങ്ങൾ കണക്കാക്കപ്പെടുന്നത്. ലക്ഷക്കണക്കിന് ആളുകൾ ടിവിയിലും ഓൺലൈനിലും ഈ മത്സരം തത്സമയം കാണുകയും ആയിരക്കണക്കിന് ആളുകൾ സ്റ്റേഡിയത്തിനുള്ളിൽ തിങ്ങി നിറയുകയും ചെയ്യുന്നതിനാൽ ഇന്ത്യ തങ്ങളുടെ ചിരകാലവൈരികളെ നേരിടാൻ ഇറങ്ങുന്നത് സർവവിധ സന്നാഹങ്ങളുമായി ആയിരിക്കും എന്നുറപ്പാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളുടെ ഫലം നോക്കിയാൽ ഇന്ത്യയ്ക്കും പാകിസ്താനും സമാനമായ വിജയശതമാനം ഉണ്ട്. എന്നാൽ, ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഇന്ത്യ പാക്കിസ്താനോട് തോറ്റിട്ടില്ല.
ALSO READ: ഇക്കണോമിക് ക്ലാസില്‍ ക്യാന്‍ഡി ക്രഷ് കളിച്ച് ധോണി; ഗെയിം വീണ്ടും ട്രെന്‍ഡിംഗായി, വീഡിയോ വൈറൽ
ലോകകപ്പിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കുമ്പോൾ പാക്കിസ്താനെ നയിക്കുക ബാബർ അസമാണ്. 1983ലും 2011ലും ഇന്ത്യ രണ്ട് തവണ ലോകകപ്പ് നേടിയപ്പോൾ പാകിസ്താൻ ഒരു തവണ മാത്രമാണ് കിരീടം നേടിയത്. 1992ൽ ഓസ്‌ട്രേലിയയിൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലായിരുന്നു പാകിസ്താന്റെ കന്നിക്കിരീട നേട്ടം. കഴിഞ്ഞ തവണ ഇന്ത്യയിൽ ലോകകപ്പ് നടന്നപ്പോൾ എം.എസ് ധോണിയുടെ നേതൃത്വത്തിൽ ആതിഥേയരായ ഇന്ത്യ തന്നെയാണ് കിരീടം നേടിയത്.
ടൂർണമെന്റിലെ ഏറ്റവും വലിയ മത്സരമായ ഇന്ത്യ - പാകിസ്താൻ പോരാട്ടം മാറ്റി നിർത്തിയാൽ എല്ലാ കണ്ണുകളും ഇന്ത്യ - ഓസ്‌ട്രേലിയ, ഇന്ത്യ - ഇംഗ്ലണ്ട് മത്സരങ്ങളിലേക്കാണ്. പാകിസ്താൻ ക്രിക്കറ്റ് ടീം 2016ൽ നടന്ന ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇതിന് മുമ്പ് ഏകദിന ലോകകപ്പിൽ ഇതുവരെ 7 തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. എന്നാൽ ഒരു തവണ പോലും ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്താന് കഴിഞ്ഞിട്ടില്ല. നാണക്കേടിൻ്റെ ഈ റെക്കോർഡ് തിരുത്തി എഴുതാൻ ഉറച്ചാകും ഇത്തവണ പാക് ടീം എത്തുക.
ടീം ഇന്ത്യയുടെ മുഴുവൻ ഷെഡ്യൂളുകളും ചുവടെ:
ഇന്ത്യ - ഓസ്ട്രേലിയ, ഒക്ടോബർ 8, ചെന്നൈ
ഇന്ത്യ - അഫ്ഗാനിസ്താൻ, ഒക്ടോബർ 11, ഡൽഹി
ഇന്ത്യ - പാകിസ്താൻ, ഒക്ടോബർ 15, അഹമ്മദാബാദ്
ഇന്ത്യ - ബംഗ്ലാദേശ്, ഒക്ടോബർ 19, പൂനെ
ഇന്ത്യ - ന്യൂസിലൻഡ്, ഒക്ടോബർ 22, ധർമ്മശാല
ഇന്ത്യ - ഇംഗ്ലണ്ട്, ഒക്ടോബർ 29, ലഖ്‌നൗ
ഇന്ത്യ - ക്വാളിഫയർ, നവംബർ 2, മുംബൈ
ഇന്ത്യ - ദക്ഷിണാഫ്രിക്ക, നവംബർ 5, കൊൽക്കത്ത
ഇന്ത്യ - ക്വാളിഫയർ, നവംബർ 11, ബെംഗളൂരു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...