ICC Test Rankings: ഓൾ റൗണ്ടർമാരുടെ റാങ്കിംഗിലെ ആദ്യ നാലിൽ മൂന്നും ഇന്ത്യൻ താരങ്ങൾ
അടുത്തിടെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യൻ താരങ്ങൾ പുറത്തെടുത്ത മികച്ച പ്രകടനമാണ് റാങ്കിംഗിൽ നേട്ടമായത്.
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ഓൾ റൌണ്ടർമാരുടെ റാങ്കിംഗിൽ ആദ്യ നാല് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ്. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ എന്നിവരാണ് ആദ്യ നാലിൽ ഇടംനേടിയത്.
ടെസ്റ്റ് ഓൾ റൌണ്ടർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്ത്. ജഡേജയ്ക്ക് 431 പോയിൻ്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള രവിചന്ദ്രൻ അശ്വിന് 359 പോയിൻ്റുകളുണ്ട്. 216 പോയിൻ്റുകളുമായി അക്സർ പട്ടേലാണ് റാങ്കിംഗിൽ നാലാം സ്ഥാനത്ത്. ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ മികച്ച പ്രകടനമാണ് അക്സർ പട്ടേലിൻ്റെ റാങ്കിംഗിൽ മുന്നേറ്റമുണ്ടാക്കിയത്. ബംഗ്ലാദേശിൻ്റെ ഷക്കീബ് അൽ ഹസനാണ് പട്ടേലിന് മുന്നിൽ മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിൻ്റെ സ്റ്റാർ ഓൾ റൌണ്ടർ ബെൻ സ്റ്റോക്സാണ് അഞ്ചാം സ്ഥാനത്തുള്ളത്.
ALSO READ: 'ടെസ്റ്റ്' ജയിച്ചു, ഇനി ഏകദിനപ്പോര്: ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയെ കുറിച്ച് അറിയേണ്ടതെല്ലാം
ഐസിസി ടെസ്റ്റ് ബൌളർമാരുടെ റാങ്കിംഗിൽ അശ്വിൻ അഞ്ചാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആകെ 25 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനായിരുന്നു സീരീസിലെ താരം. അതേസമയം, ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ വിരാട് കോഹ്ലി നില മെച്ചപ്പെടുത്തി. 20-ാംസ്ഥാനത്തായിരുന്ന കോഹ്ലി 13-ാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയ്ക്ക് എതിരായ നാലാം ടെസ്റ്റിൽ നേടിയ തകർപ്പൻ സെഞ്ച്വറിയാണ് കോഹ്ലിയ്ക്ക് തുണയായത്. 1205 ദിവസത്തിന് ശേഷം ടെസ്റ്റിൽ സെഞ്ച്വറിയടിച്ച കോഹ്ലി 186 റൺസ് നേടിയിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയുടെ ടോപ് സ്കോററും പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരവും കോഹ്ലിയായിരുന്നു. പരമ്പരയിലെ ടോപ് സ്കോററായ ഉസ്മാൻ ഖവാജയെക്കാൾ 36 റൺസ് മാത്രം പിന്നിലായാണ് കോഹ്ലി ഫിനിഷ് ചെയ്തത്.
രവീന്ദ്ര ജഡേജയായിരുന്നു ഓസീസിനെതിരായ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ രണ്ടാമത്തെ ബൌളർ. 4 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. രണ്ട് തവണ 5 വിക്കറ്റ് നേട്ടവും ജഡേജ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡ് നായകൻ ടിം സൌത്തിയാണ് ടെസ്റ്റ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സൌത്തി 12-ാം സ്ഥാനത്തെത്തി. ക്രൈസ്റ്റ് ചർച്ചിൽ ശ്രീലങ്കയ്ക്ക് എതിരെ 7 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതാണ് സൌത്തിയുടെ റാങ്കിംഗ് മെച്ചപ്പെടാൻ കാരണം. ശ്രീലങ്കയ്ക്ക് എതിരെ 102, 81 എന്നിങ്ങനെ സ്കോർ ചെയ്ത കീവീസിൻ്റെ ഡാരി മിച്ചൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 8-ാം സ്ഥാനത്തെത്തി.
പരിക്കിൽ നിന്ന് മോചിതനായ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവാണ് ഇന്ത്യയുടെ ആരാധകർ ഏറെ ആഘോഷമാക്കിയത്. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ജഡേജ ആറ് മാസം ടീമിന് പുറത്തിരുന്നു. നാഗ്പൂരിൽ ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന ആദ്യ ടെസ്റ്റിൽ തന്നെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് ജഡേജ തൻ്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...