ജൊഹന്നാസ്ബര്‍ഗ്:  അണ്ടര്‍ 19 ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി ബംഗ്ലാദേശ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഐസിസി ടൂര്‍ണമെന്റില്‍ ആദ്യമായാണ് ബംഗ്ലാദേശ് ചാമ്പ്യന്മാരാകുന്നത്. 


41 -ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ മഴ പെയ്തതോടെ 46 ഓവറില്‍ 170 റണ്‍സായി വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചു. 23 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ഈ ലക്ഷ്യം മറികടന്നു. 


47 റണ്‍സെടുത്ത ഓപ്പണര്‍ പര്‍വേസ് ഹുസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ്സ്‌കോറര്‍. 79 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്‍റെ ഇന്നിംഗ്സ്. അക്ബര്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്.


178 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി നായകന്‍ അക്ബര്‍ അലി (43) യും റാകിബുല്‍ ഹസനും (9) ചേര്‍ന്നാണ് വിജയം പൂര്‍ത്തീകരിച്ചത്.


ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 47.2 ഓവറില്‍  177 റണ്‍സിന് പുറത്താവുകയായിരുന്നു.  88 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്‍റെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.


ഇന്ത്യന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. യശസ്വിക്ക് പുറമെ തിലക് വര്‍മ്മ 38 ഉം ധ്രുവ് ജുറെല്‍ 22 ഉം റണ്‍സെടുത്ത് പുറത്തായി. ഒരു വിക്കറ്റിന് 103 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ തകര്‍ന്ന്‍ തരിപ്പണമായത്. 


മൂന്ന് വിക്കറ്റ് വീഴ്ത്തിയ അവിഷേക് ദാസും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ തന്‍ സിം ഹസന്‍ ഷക്കീബും, ഷോറിഫുള്‍ ഇസ്ലാമുമാണ് ഇന്ത്യയെ തകര്‍ത്തത്. രാക്കി ബുള്‍ ഹസന്‍ ഒരു വിക്കറ്റ് വീഴ്ത്തി.