Virat Kohli : ഇതാണ് തിരിച്ചു വരവ്; മൂന്ന് വർഷം മൂന്ന് മാസം 20 ദിവസങ്ങൾ; കോലി കാത്തിരുന്നത് കേവലം ഒരു സെഞ്ചുറി നേട്ടം മാത്രമായിരുന്നില്ല
Virat Kohli Century : 1204 ദിനങ്ങൾക്ക് ശേഷമാണ് വിരാട് കോലി തന്റെ ടെസ്റ്റ് കരിയറിൽ മറ്റൊരു സെഞ്ചുറി നേടുന്നത്. ഏറ്റവും അവസാനം നേടിയത് 2019ൽ
കായിക മേഖലയിൽ എപ്പോഴും പറയപ്പെടുന്ന ഒരു വാചകമാണ് ഫോം ഈസ് ടെംപൊററി, ബട്ട് ക്ലാസ് ഈസ് പെർമനന്റ് (ഫോം താൽക്കാലികമാണ്, പക്ഷെ ക്ലാസ് എന്നും സ്ഥിരമായിട്ടുള്ളതാണ്). ആ വാചകത്തിനുള്ള ഏറ്റവും വലിയ ഉദ്ദാഹരണമാണ് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വിരാട് കോലി ഇന്ന് കാണിച്ച് നൽകിയത്. തന്റെ കരിയറിലെ ഏറ്റവും മോശപ്പെട്ട കാലഘട്ടത്തിൽ നിന്നും പൂർണ്ണമായിട്ടും കരകയറി ഇരിക്കുകയാണ് വിരാട് കോലി. അഹമ്മദബാദിൽ പുരോഗമിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ കോലി തന്റെ 28-ാം സെഞ്ചുറി നേടിയതോടെ താരത്തിന്റെ എല്ലാ ഫോർമാറ്റിലെയും സെഞ്ചുറി വരൾച്ചയാണ് ഇതോടെ അവസാനിച്ചത്. ആറ് മാസങ്ങൾക്ക് മുമ്പാണ് വൈറ്റ് ബോൾ ഫോർമാറ്റിലൂടെ വിരാട് കോലി തന്റെ തിരിച്ചുവരവ് അറിയിച്ചത്. താരം തന്റെ ട്വന്റി20ലെ കന്നി സെഞ്ചുറി നേട്ടവും ഏകദിനത്തിൽ രണ്ടര വർഷത്തോളം വരുന്ന ശധകം നേട്ടത്തിലെ വരൾച്ചയ്ക്ക് തടയിട്ടതുമെല്ലാം ഈ അടുത്തിടെയാണ്. ഇപ്പോഴിതാ 40 മാസങ്ങൾക്ക് ശേഷം ടെസ്റ്റിലും വിരാട് കോലി സെഞ്ചുറി നേടിയിരിക്കുകയാണ്.
ചുരുക്കം പറഞ്ഞാൽ മൂന്ന് വർഷം മൂന്ന് മാസം 20 ദിവസമാണ് വിരാട് കോലിക്ക് തന്റെ 28-ാം ടെസ്റ്റ് സെഞ്ചുറി നേട്ടത്തിനായി കാത്തിരിക്കേണ്ടി വന്നത്. ക്യാപ്റ്റൻസി ഒഴിഞ്ഞതും ബിസിസിഐയുമായിട്ടുള്ള താരത്തിന്റെ പിണക്കവുമെല്ലാം ഒരു ഘട്ടത്തിൽ കോലിയുടെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു. രോഹിത് ശർമയിലേക്ക് ഇന്ത്യയുടെ ക്യാപ്റ്റൻസി എത്തിയപ്പോൾ കോലി ടീമിലെ ഒരു അധിക പറ്റാണോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലിയുമായിട്ടും മുൻ കോച്ച് അനിൽ കുംബ്ലെയുമായിട്ടും ഈഗോ പ്രശ്നം പലപ്പോഴും കോലിക്ക് വില്ലൻ ചിത്രം നൽകിയിരുന്നു. അതിനിടെയാണ് ചില ക്രിക്കറ്റ് വിദഗ്ധരും ആരാധകരും കോലിയുടെ കരിയറിന് അവസാനമായി പ്രവചിക്കുകയും ചെയ്തു.
എന്നാൽ അതെല്ലാം വെറും പ്രവചനം മാത്രമാണെന്ന് അവരെ ഓർമ്മപ്പെടുത്തുകയായിരുന്നു 2022 സെപ്റ്റംബറിൽ എഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20ലെ കന്നി സെഞ്ചുറി. തുടർന്ന് ലങ്കയ്ക്കെതിരെ ഏകദിന പരമ്പരയിൽ കാര്യവട്ടത്തെ അടക്കം രണ്ട് സെഞ്ചുറിയാണ് ഈ വർഷാരംഭത്തിൽ വിരാട് കോലി നേടിയത്. പിന്നീട് ബാക്കി വന്നത് ചുവന്ന ബോൾ ഫോർമാറ്റിലെ താരത്തിന്റെ സെഞ്ചുറി നേട്ടമായിരുന്നു. അതും ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് കോലി നേടി.
2019 നവംബർ 22ന് കൊൽക്കത്തയിൽ ഈഡൻ ഗാർഡനിൽ വെച്ച് ബംഗ്ലാദേശിനെതിരെയായിരുന്നു വിരാട് കോലി തന്റെ കരിയറിലെ 27-ാം സെഞ്ചുറി നേടിയത്. അതിന് ശേഷം താരത്തിന്റെ 28-ാം സെഞ്ചുറി നേട്ടം കാണുന്നതിന് വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് 1204 ദിനങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. വെറും അഞ്ച് ബൗണ്ടറികളുടെ അകമ്പടിയോടെ ക്ഷമയോടെ ബാറ്റ് വീശിയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ തന്റെ ടെസ്റ്റ് കരിയറിലെ സെഞ്ചുറി വരൾച്ചയ്ക്ക് തടയിട്ടത്. 186 റൺസെടുത്താണ് താരം തന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ കോലി തന്റെ ടെസ്റ്റ് കരിയറിലെ എട്ടാം ഇരട്ട സെഞ്ചുറി നേട്ടം സ്വന്തമാക്കിയേക്കുമെന്ന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ 186 റൺസിൽ നിൽക്കുമ്പോൾ ടോഡ് മർഫിയുടെ പന്ത് മാർനസ് ലാബുഷെയ്ന്റെ കൈകളിൽ എത്തിച്ച് കോലി പുറത്താകുകയായിരുന്നു. പരിക്ക് മൂലം ശ്രെയസ് ഐയ്യറിനെ കളത്തിൽ ഇറങ്ങാൻ സാധിക്കാത്തതിനാൽ ഇന്ത്യയുടെ ഇന്നിങ്സ് അവിടെ അവസാനിച്ചു.
കോലിയുടെയും ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും സെഞ്ചുറി മികവിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ 91 റൺസ് ലീഡാണ് ആദ്യ ഇന്നിങ്സിൽ ഉയർത്തിരിക്കുന്നത്. ഗില്ല് പുറത്തായതിന് ശേഷം രവീന്ദ്ര ജഡേജ, കെ.എസ് ഭരത്, അക്സർ പട്ടേൽ എന്നിവർക്കൊപ്പം കൂട്ടുകെട്ട് സൃഷ്ടിച്ചാണ് കോലി ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ ലീഡ് സമ്മാനിച്ചത്. അക്സർ പട്ടേലിനൊപ്പം 162 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കോലി സൃഷ്ടിച്ചത്. ആ നിർണായക ഇന്നിങ്സിലൂടെയാണ് ഇന്ത്യ സന്ദർശകർക്കെതിരെ ലീഡ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കായി നഥാൻ ലയോൺ, മർഫി എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി. മിച്ചൽ സ്റ്റാർക്കും മാത്യു കുനെമാനുമാണ് ബാക്കി വിക്കറ്റുകൾ നേടിയത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടമാകാതെ മൂന്ന് റൺസ് എന്ന നിലയിലാണ് നാലാം ദിനം അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...