IPL 2022 : രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ട് ബിസിസിഐ ഐപിഎൽ മത്സരങ്ങൾ തുടരുന്നു?
ഇത്തവണ ഒരു ടീമിലെ രണ്ട് താരങ്ങൾ ഉൾപ്പെടെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സീസണുമായി മുന്നോട്ട് പോകുകയാണ്. എന്താണ് കാരണം?
മുംബൈ : ഡൽഹി ക്യാപിറ്റൽസിന്റെ ക്യാമ്പിൽ രണ്ട് താരങ്ങൾ ഉൾപ്പെടെ ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതെ തുടർന്ന് ഐപിഎൽ വീണ്ടും കോവിഡിന്റെ നിഴലിലേക്കെത്തിയിരിക്കുകയാണ്. 2021 സീസണിൽ രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബിസിസിഐ താൽക്കാലികമായി ഐപിഎൽ നിർത്തിവെക്കാൻ നിർബന്ധിതരാകുകയായിരുന്നു. എന്നാൽ ഇത്തവണ ഒരു ടീമിലെ രണ്ട് താരങ്ങൾ ഉൾപ്പെടെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സീസണുമായി മുന്നോട്ട് പോകുകയാണ്. എന്താണ് കാരണം?
ഐപിഎൽ 2021 പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നതും പിന്നീട് യുഎഇയിൽ വെച്ച് ബാക്കി സീസൺ പൂർത്തികരിക്കേണ്ടി വന്നത് കൊണ്ടും ബിസിസിഐ നേരിട്ടത് ഭീമിമായ സാമ്പത്തിക നഷ്ടമാണ്. കൂടാതെ തന്നെ ബിസിസിഐയുടെ കലണ്ടറിൽ ആകെ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് കളിക്കാരെ കൂടുതൽ സമ്മർദത്തിലേക്ക് നയിക്കുകയും അതിലൂടെ അവരുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നു.
എത്രയൊക്കെ ബയോ ബബിൾ സുരക്ഷ ഒരുക്കിയാലും കോവിഡിന് അത് ദേദിക്കാനാകുമെന്ന് ബിസിസിഐ കഴിഞ്ഞ സീസണോടെ മനസിലാക്കിയിരുന്നു. അങ്ങനെയിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇത്തവണ പ്രത്യേക കോവിഡ് നിയമങ്ങളാണ് ഉൾപ്പെടുത്തിയത്. യൂറോപ്യൻ ഫുട്ബോൾ ലീഗുകളിൽ പ്രാവർത്തികമാക്കിയിരിക്കുന്ന അതെ കോവിഡ് മാനദണ്ഡങ്ങളാണ് ബിസിസിഐ ഇത്തവണത്തെ ഐപിഎല്ലിനായിട്ട് ഒരുക്കിയിരിക്കുന്നത്.
ഡൽഹിയുടെ മിച്ചൽ മാർഷിനും ടിം സേഫേർട്ടിനും കോവിഡ് സ്ഥിരീകരിച്ചതോടെ ടൂർണമെന്റ് നിർത്തിവെക്കുമോ എന്ന തലത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇനി മുതൽ അങ്ങനെ സീസൺ നിർത്തിവെക്കില്ല. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ടീമിലെ ഒന്നോ രണ്ടോ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റും. ടീം മാനേജുമെന്റുമായി ബന്ധപ്പെട്ടുള്ള സ്റ്റാഫുകൾക്കാണെങ്കിൽ പോലും ഇത് തന്നെയാണ് നിയമം. കൂടാതെ ടീമിലെ താരങ്ങൾ എല്ലാവരെയും ഒന്നിലധികം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും മറ്റുള്ളവരിലേക്ക് രോഗം പടർന്നിട്ടില്ലയെന്ന് ഫ്രാഞ്ചൈസികൾ ഉറപ്പ് വരുത്തേണ്ടതുമാണ്.
ALSO READ : IPL 2022 : ഡൽഹി ക്യാപിറ്റൽസ് താരത്തിന് കോവിഡ്; ഐപിഎൽ ടൂർണമെന്റ് വീണ്ടും നിർത്തിവെക്കുമോ?
ഒന്നിലധികം താരങ്ങൾക്ക് കോവിഡ് ബാധിച്ചാലോ?
ഏറ്റവും കുറഞ്ഞത് 12 താരങ്ങൾ ടീമിൽ രോഗബാധ ഏൽക്കാതെയുണ്ടെങ്കിൽ ആ ഫ്രാഞ്ചൈസിക്ക് മത്സരത്തിനായി ഇറങ്ങാൻ സാധിക്കുന്നതാണ്. അതിൽ ഏഴ് പേരും ഇന്ത്യൻ താരങ്ങൾ ആയിരിക്കണമെന്ന് ബിസിസഐക്ക് നിർബന്ധമുണ്ട്. ഇനി അഥാവ ഈ കണക്കിൽ 12 പേർ ടീമിൽ ആരോഗ്യവാന്മാരായി ഇല്ലെങ്കിൽ ബിസിസിഐ ആ മത്സരം മാറ്റിവെക്കുന്നതായിരിക്കും. ഇനി ഏതെങ്കിലും കാരണത്താൽ മത്സരം മാറ്റിവെക്കാൻ ബിസിസിഐ അനുവദിച്ചില്ലെങ്കിൽ ഫ്രാഞ്ചൈസിക്ക് ഐപിഎല്ലിന്റെ ടെക്നിക്കൽ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്. പക്ഷെ ആ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. നേരത്തെ ഇത്തരത്തിൽ ഒരു ടീമിന് മത്സരത്തിനായി ഇറങ്ങാൻ സാധിക്കില്ലായെങ്കിൽ എതിർ ഫ്രാഞ്ചൈസിക്ക് രണ്ട് പോയിന്റ് നൽകുന്ന നയമായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. അത് ഈ സീസണിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.