150 രൂപ പോലും എടുക്കാനില്ലാത്ത വീട്, ക്രിക്കറ്റ് കിറ്റ് കടം; 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ആ മലയാളി ക്രിക്കറ്റ് താരം | Interview
മിക്ക ദിവസങ്ങളിലും തിരിച്ചു പോകാൻ കയ്യിൽ പൈസ ഉണ്ടാവാറില്ല, എന്തെങ്കിലും വാങ്ങി കഴിക്കാനും പണം തികയില്ല, ഇറങ്ങുമ്പോൾ കയ്യിൽ ചോറും കറിയും വെക്കാൻ സാധനങ്ങളും
വയനാട്: പരിശീലനത്തിന് പോകാൻ 150 രൂപ എടുക്കാനില്ലാത്ത ആ കൊച്ചു വീട്ടിൽ നിന്നും മിന്നുമണി എന്ന എന്ന വയനാട്ടുകാരി എത്തിയത് പ്രഥമ വനിതാ ഐപിഎല്ലിലേക്കാണ്. കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്ക് ചോയിമൂല എടപ്പടി കോളനിയിൽ നിന്ന് കുറഞ്ഞത് ഒന്നര മണിക്കൂർ എങ്കിലും യാത്ര ചെയ്താണ് മിന്നു മണി പരിശീലനത്തിന് എത്തിയത്.
മിക്ക ദിവസങ്ങളിലും തിരിച്ചു പോകാൻ കയ്യിൽ പൈസ ഉണ്ടാവാറില്ല, എന്തെങ്കിലും വാങ്ങി കഴിക്കാനും പണം തികയില്ല. ഇറങ്ങുമ്പോൾ കയ്യിൽ ചോറും കറിയും വെക്കാൻ സാധനങ്ങളും കരുതും.സ്റ്റേഡിയത്തിൽ സ്വന്തമായി പാചകം ചെയ്തതും അവിടെ താമസിച്ചും അങ്ങിനെ അങ്ങിനെ ക്രിക്കറ്റിൻറെ ഓള്‍ റൗണ്ടറാവുകയായിരുന്നു മിന്നു.
പ്രഥമ വനിത ഐ.പി.എല്ലിൽ 30 ലക്ഷം രൂപയ്ക്കാണ് മിന്നും താരമായ മിന്നുവിനെ ഡൽഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരിക്കുന്നത്. മാന്തനന്തവാടി ചോയിമൂല എടപ്പടി ആദിവാസി കോളനിയിലാണ് മിന്നുവിന്‍റെ വീട്. ഓഫ് സ്പിന്നും, ഇടം കൈ ബാറ്റിങ്ങ് അങ്ങിനെ മിന്നുവിൻറെ സ്കോർബോർഡിൽ പ്രത്യേകതകൾ നിരവധി.
അനിയമാരുടെയും ഏട്ടൻമാരുടയും കൂടെ ക്രിക്കറ്റ് കളിച്ച്....
കുട്ടിക്കാലത്ത് വയലിൽ അനിയമാരുടെയും ഏട്ടൻമാരുടയും കൂടയായിരുന്നു മിന്നുവിൻറെ ക്രിക്കറ്റ് മത്സരം.എട്ടാം ക്ലാസ് മുതലാണ് കൃത്യമായ പരിശീലനം തുടങ്ങുന്നത്. ഒമ്പതാം ക്ലാസുമുതൽ ഡിഗ്രി കഴിയുന്നത് വരെ കേരള ക്രിക്കറ്റ് അസോസിയേഷൻറെ കീഴിലായിരുന്നു പരിശീലനം. ഒമ്പതും പത്തും തൊടുപുഴ ക്രിക്കറ്റ് അക്കാദമിയുടെ കീഴിലും പ്ലസ് വൺ, പ്ലസ്ടു വയനാട് ക്രിക്കറ്റ് അക്കാദമിയ്ക്ക് കീഴിലുമായിരുന്നു പരിശീലനം നടത്തി. ഡിഗ്രിക്കാലത്തെ പരിശീലനം തിരുവനന്തപുരത്തെ ക്രിക്കറ്റ് അക്കാദമിയ്ക്ക് കീഴിലുമായിരുന്നു.
ഇവിടങ്ങളിലെ പരിശീലകന്‍മാർ നൽകിയ പിന്തുണയാണ് ഐ.പി.എല്ലിലേക്കുള്ള വാതിൽ തനിക്കുമുന്നിൽ തുറന്ന് തന്നതെന്ന് മിന്നുമണി സീ മലയാളം ന്യൂസിനോട് പറഞ്ഞു. പ്രഥമ വനിത ഐ.പി.എല്ലിൽ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. എറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് തന്‍റെ മാതാപിതാക്കളോടാണെന്നും മിന്നു പറഞ്ഞു.
ഐ.പി.എലിൽ ഡൽഹി ക്യാപിററൽ 30 ലക്ഷം രൂപയ്ക്കാണ് മിന്നുമണിയെ സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ മൂന്ന് വർഷമായി വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തി വരുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ ഒരിക്കൽ വീട്ടിലേക്ക് വരും. ഒരോ നിമിഷവും കഷ്ടപ്പാട് അറിഞ്ഞാണ് വിജയത്തിൻറെ ഒരോ ചവിട്ടു പടിയും മിന്നുമണി കയറിയത്. വീട്ടിൽ നിന്നും ഒന്നരമണിക്കൂർ യാത്രചെയ്താൽ മാത്രമേ പരിശീലന ഗൗണ്ടിൽ എത്താൻ സാധിക്കു. അതുകൊണ്ട് തന്നെ ഇനി ഒരു സ്കൂട്ടര്‍ വാങ്ങിയാൽ എളുപ്പത്തിൽ പോകാൻ കഴിയുമെന്ന പ്രതിക്ഷയും താരത്തിനുണ്ട്.
കടം വാങ്ങിയ ക്രിക്കറ്റ് കിറ്റ്
സ്വന്തമായി ക്രിക്കറ്റ് കിറ്റ് വാങ്ങാൻ കഴിയാത്തിനാൽ ആദ്യ കാലങ്ങളില്‍ സീനിയേഴ്സിന്റെ കിറ്റ് കടം വാങ്ങിയായിരുന്നു പരിശീലനം നടത്തിയിരുന്നത്. അക്കാദമിയിൽ എത്തിയപ്പോൾ അവിടെ നിന്നുള്ള കിറ്റ് ഉപയോഗിച്ചായി പരിശീലനം. സ്റ്റേറ്റിൽ കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ ലഭിച്ച തുകകൾ കൂട്ടിവച്ചാണ് മിന്നുമണി 2019ൽ ആദ്യമായി സ്വന്തമായി ഒരു കിറ്റ് വാങ്ങുന്നത്. ഇന്ത്യൻ ജേഴ്സി അണിയണമെന്നാണ് മിന്നുവിന്‍റെ ഏറ്റവും വലിയ ആഗ്രഹം. അതിനൊരു നല്ല അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും മിന്നുമണി സീ മലയാളം ന്യൂസിനോട് പറഞ്ഞു.
കൂടുംബത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഐ.പി.എലിൽ ഡൽഹി ക്യാപിറ്റലിൽ എത്തിയതോടെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മിന്നുമണി. കൂലിപ്പണി എടുത്ത് തന്നെ ഇതുവരെ എത്തിച്ച അച്ഛനെയും അമ്മയെയും നന്നായി നോക്കണം. അതോടെപ്പം അനിയത്തിയ്ക്ക് വേണ്ട കാര്യങ്ങൾ ചെയ്യണം അങ്ങനെ അങ്ങനെ ഒരുപാട് ആഗ്രഹങ്ങലുമായാണ് ഡൽഹിക്കായി മിന്നു ബാറ്റെടുക്കുന്നത്.
ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന മിന്നുമണി ഇന്ത്യൻ എ ടിമിന്‍റെ ഭാഗമായി 2019ൽ ബംഗ്ലാദേശ്, ശ്രീലങ്ക പര്യടനത്തിലും വനിതാ ഏഷ്യൻ കപ്പിലും പങ്കെടുത്തിട്ടുണ്ട്. ഈ മാസം 26-ന് ഡൽഹി ടീമിനോപ്പം ചേരും. ഇപ്പോൾ ഇന്ത്യൻ സത്ത് സോൺ ടീമിനായി ഹൈദ്രാബാദിലെ മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മിന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...