WPL Auction : വനിത പ്രീമിയർ ലീഗ് താരലേലം; മലയാളി താരം മിന്നു മണിയെ ഡൽഹി ക്യാപ്റ്റൽസ് സ്വന്തമാക്കി
Minnu Mani Delhi Capitals : പത്ത് ലക്ഷം രൂപയായിരുന്നു മിന്നു മണിയുടെ അടിസ്ഥാന തുക. വയനാട് സ്വദേശിനിയാണ്
പ്രഥമ വനിത പ്രീമിയർ ലീഗിന്റെ താരലേലത്തിൽ മലയാളി താരത്തെ സ്വന്തമാക്കി ഡൽഹി ക്യാപ്റ്റൽസ്. കേരള ക്രിക്കറ്റ് അസോസിയേഷൻ താരം മിന്നു മണിയെ 30 ലക്ഷം രൂപയ്ക്കാണ് ഡബ്ലിയുപിഎല്ലിൽ താരലേലത്തിൽ ഡൽഹി ക്യാപ്റ്റിൽസ് സ്വന്തമാക്കിയത്. കേരളത്തിന്റെ ഓൾറൗണ്ടർ താരമാണ് മിന്നു. ഇടം കൈ ബാറ്ററായ മിന്നും ഓഫ് സ്പിന്നറും കൂടിയാണ്. വയനാട് സ്വദേശിനായണ് മിന്നു.
പത്ത് ലക്ഷം രൂപ അടിസ്ഥാന തുകയായിരുന്ന മിന്നുവിനെയാണ് ഡൽഹി 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. മിന്നുവിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവും ബിഡ് ചെയ്തിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് പുറമെ അണ്ടർ 23 ഏഷ്യ കപ്പിൽ ഇന്ത്യക്ക് വേണ്ടി പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ എ താരവും കൂടിയാണ് മിന്നു. 1525 താരങ്ങളാണ് ഡബ്ല്യുപിഎല്ലിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 409 താരങ്ങൾ മാത്രമാണ് ലേല പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. അതിൽ 246 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
ഏഴ് മലയാളി താരങ്ങളാണ് പട്ടികയിൽ ഇടം നേടിട്ടുള്ളത്. മിന്നുവിന് പുറമെ ഇന്ത്യയുടെ അണ്ടർ19 താരം നജില സിഎംസി, കീർത്തി കെ ജെയിംസ്, സജന എസ്, അനശ്വര സന്തോഷ്, ഷാനി ടി, മൃദുല വിഎസ് എന്നിവരാണ് കേരള ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ചുകൊണ്ട് ബിസിസിഐ പുറത്ത് വിട്ട ഡബ്ലിയുപിഎല്ലിന്റെ ലേല പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. എല്ലാവർക്കും പത്ത് ലക്ഷം രൂപയാണ് അടിസ്ഥാന തുക.
അഞ്ച് ടീമുകളാണ് പ്രഥമ ഡബ്ല്യുപിഎല്ലിൽ അണിനിരക്കുന്നത്. യുപി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ്, ഐപിഎൽ ടീമുകളായ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളാണ് പ്രഥമ ഡബ്ല്യുപിഎല്ലിൽ അണിനരക്കുക. ഒരു ടീമിന് പരമാവധി 18 താരങ്ങളെയാണ് ലേലത്തിലൂടെ സ്വന്തമാക്കാൻ സാധിക്കുക. ഏറ്റവും കുറഞ്ഞത് 15 താരങ്ങളെ എങ്കിലും ലേലത്തിലൂടെ സ്വന്തമാക്കണം. അങ്ങനെയാണെങ്കിൽ ആകെയുള്ള 406 പേരിൽ 90 താരങ്ങളെ ലേലത്തിൽ വിറ്റ് പോകാൻ സാധ്യതയുള്ളൂ. ഒരു ടീമിൽ അഞ്ച് വിദേശ താരങ്ങളെ ഉൾപ്പെടുത്താനെ സാധിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...