മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ്‌, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്.


2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു.


2019ല്‍ ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളാണ് ഇന്ത്യക്കായി കളിച്ചത്.


2007ലെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സര്‍ പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് യുവി.


ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലായെങ്കിലും പതറാതെ ചികിത്സ തേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്‍റെ പ്രതിരൂപമായി.


ഇന്ത്യക്കായി 58 ടി20 മത്സരങ്ങളില്‍ കളിച്ച യുവി 136.38 പ്രഹരശേഷിയില്‍ 1177 റണ്‍സടിച്ചു. എട്ട് അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.


28 വിക്കറ്റുകളും സ്വന്തമാക്കി. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്.