IND vs NZ | കിവീസിനെതിരായ പരമ്പര റാഞ്ചി ഇന്ത്യ, ജയം 7 വിക്കറ്റിന്
ജിമ്മി നീഷാമിനെ തുടര്‍ച്ചയായി രണ്ടുതവണ സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.
ന്യൂസിലൻഡിനെതിരായ ടി-ട്വന്റി (T20I) പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ (New Zealand) ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ (India) പരമ്പര സ്വന്തമാക്കിയത്. 16 പന്തുകൾ ശേഷിക്കെ 154 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും (KL Rahul) ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (Rohit Sharma) അര്‍ധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ഇന്ത്യയുടെ ടോപ് സ്കോറര്‍ കെഎൽ രാഹുലാണ്. 49 പന്തില്‍ നിന്നും 65 റണ്‍സാണ് രാഹുൽ നേടിയത്. രോഹിത് 36 പന്തില്‍ 55 റണ്‍സടിച്ച് വിജയത്തിനരികെ പുറത്തായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ്(1) നിരാശപ്പെടുത്തിയെങ്കിലും വെങ്കടേഷ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ജിമ്മി നീഷാമിനെ തുടര്‍ച്ചയായി രണ്ടുതവണ സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബൗളർമാരാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്.
ഓപണിങ് ബാറ്റ്‌സ്മാൻമാരായ മാർട്ടിൻ ഗുപ്ട്ടിലും ഡാരിയൽ മിറ്റ്ച്ചലും ചേർന്ന് മികച്ച തുടക്കമാണ് കിവീസിന് നൽകിയത്. നാല് ഓവറിൽ തന്നെ കിവീസ് 50 റൺസ് കടന്നിരുന്നു. 15 ബോളിൽ 31 റൺസെടുത്ത് നിൽക്കവെ ചഹർ, ഗുപ്റ്റലിനെ വീഴ്ത്തി. മാർക്ക് ചാപ്‌മെനെ 21 റൺസിൽ നിൽക്കവെ അക്‌സർ പട്ടേലും മടക്കി. ഗ്ലേൻ ഫിലിപ്‌സ് 34 ഉം സീഫേര്‍ട്ട് 13 റൺസും നേടി.
ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ പരമ്പര തന്നെ സ്വന്തമാക്കിയതോടെ രോഹിത് ശര്‍മയും (Rohit Sharma) പരിശീലകനെന്ന നിലയില്‍ ആദ്യ പരമ്പര നേട്ടത്തോടെ രാഹുല്‍ ദ്രാവിഡും (Rahul Dravid) ഇന്ത്യന്‍ ക്രിക്കറ്റിലെ (Indian Cricket) പുതിയ യുഗത്തിന് വിജയത്തുടക്കമിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...