ഇന്ന് വ്യാപാര സ്ഥാപനങ്ങളിലും മറ്റും യുപിഐ ആപ്പുകൾ ഉപയോഗിച്ചുള്ള പണമിടപാട് രീതികൾ സർവ്വ സാധാരണമാണ്. കയ്യിൽ പണം കൊണ്ടു നടക്കാതെയുള്ള ഡിജിറ്റൽ പണമിടപാട് രീതികൾ ഉപഭോക്താക്കൾക്കും ഏറെ സ്വീകാര്യമാണ്. ഓൺലൈൻ പണമിടപാടുകൾക്കായി നമ്മെ സഹായിക്കുന്ന  നിരവധി ആപ്പുകളുണ്ട്.  ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങി നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഈ ആപ്പുകളെല്ലാം ഉപയോഗിക്കാൻ എളുപ്പമായവയും ക്യാഷ് ബാക്ക് ഉൾപ്പടെയുള്ള ഓഫറുകൾ നൽകുന്നവയുമാണ്.  ഇന്ന് ചെറുകിട കച്ചവടക്കാർ മുതൽ വൻ ഷോപ്പിംഗ് മാളുകളിൽ വരെ ഓൺലൈൻ പണമിടപാട് രീതികൾ നടത്തുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരികെ ചില്ലറ കൊടുക്കുന്ന ബുദ്ധിമുട്ടും കീറിയ നോട്ടുകൾ ലഭിക്കാനുള്ള സാദ്ധ്യതകളുമൊക്കെ കണക്കിലെടുത്താണ്  കച്ചവടക്കാരും ഈ രീതി  പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ  യുപിഐ ആപ്പുകൾ ജനപ്രിയമായതോടെ അത് വഴിയുള്ള തട്ടിപ്പും വര്‍ദ്ധിച്ചു വരികയാണ്. കടകളിൽ നിന്ന് സാധനം വാങ്ങിയ ശേഷം  ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണം അടയ്ക്കുകയും ശേഷം പേയ്മെന്റ് സക്സസ്ഫുൾ എന്ന് സ്ക്രീനിൽ തെളിഞ്ഞ മെസേജ് കടക്കാരനെ കാണിക്കുന്നതുമാണ് സാധാരണയുള്ള രീതി. എന്നാൽ ഇത്തരം പണമിടപാട് രീതികളിൽ കച്ചടവടക്കാരെ ലക്ഷ്യമിട്ടുള്ള പുതിയ തട്ടിപ്പ് രീതികളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.  തിരക്കുള്ള സമയങ്ങളിൽ പലപ്പോഴും കടക്കാരന്  തന്റെ അക്കൗണ്ടിൽ പണം വന്നോ എന്ന കാര്യം പരിശോധിക്കാനാകാറില്ല. ഈ സമയങ്ങളിൽ സാധനം വാങ്ങിയ ആളിന്റെ ഫോണിലെ സക്സസ്ഫുൾ എന്ന മെസേജ് മാത്രമാണ് കടക്കാരൻ നോക്കുക. ഇതാണ് തട്ടിപ്പുകാർ അവസരമായി മാറ്റിയെടുക്കുന്നത്.



അതിനായി  സ്പൂഫ് ആപ്പുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. പേയ്മെന്‍റ് ആപ്പുകൾക്ക് സമാനമായ  പലതരം സ്പൂഫ് ആപ്ലിക്കേഷനുകളും ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. ഒരു ആപ്പിനെ കോപ്പിയടിച്ച് ആ ആപ്പിന്റെ ജനപ്രീതി മുതലെടുത്തുകൊണ്ട് ആ ആപ്പിന്റെ യൂസർ ഇന്റർഫസ് അഥവാ യു ഐയോട് പൂർണമായി സാമ്യമുള്ള ഇന്റർഫേസുമായി പുറത്തിറങ്ങുന്ന വ്യാജ ആപ്പിനെയാണ് സ്പൂഫ് ആപ്പ് എന്ന് വിളിക്കുന്നത്. ഫോണിലോ ടാബ്ലെറ്റിലോ  ആപ്പ് നമുക്ക് എങ്ങനെയാണോ ദൃശ്യമാവുന്നത് ആ ഡിസൈനിനെയാണ് യൂസർ ഇന്റർഫേസ് എന്ന് വിളിക്കുന്നത്. സാധാരണയായി നാം  ക്യൂ ആർ കോഡ് വഴി പണമിടപാട് നടത്തുമ്പോൾ പണം അയച്ച ആളിന്റെ ഫോണിൽ ആപ്പിനുള്ളിൽ തന്നെ ഇടപാടിന്റെ വിവരങ്ങൾ ദൃശ്യമാകുന്നു. ആർക്കാണ് പണം അയച്ചത്, എത്രയാണ് അയച്ചത്, ഏത് അക്കൗണ്ടിൽ നിന്നാണ് പണം പോയിരിക്കുന്നത്, ബാലൻസ് എത്ര എല്ലാ  വിവരങ്ങളും പേയ്മെന്റ് സക്സസ്ഫുൾ എന്ന ഒരു കുറിപ്പിനൊപ്പം  ആപ്പിൽ ദൃശ്യമാകും.  ഈ വിവരങ്ങളാണ് നാം പണമിടപാട് നടന്നതിന് തെളിവായി നാം  കടക്കാരന് കാണിച്ചു കൊടുക്കുന്നത്.



എന്നാൽ  ഈ വിവരങ്ങളടങ്ങിയ കുറിപ്പ് നമ്മുടെ ഇഷ്ടാനുസരണം രൂപകൽപന ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള  സ്പൂഫ് ആപ്പുകളാണ് തട്ടിപ്പ് നടത്താനായി ഉപയോഗിക്കുന്നത്. അതായത്, പണം അയക്കാതെ തന്നെ  പണം അയച്ചു എന്ന തരത്തിലുള്ള  വിവരങ്ങളുടെ കുറിപ്പ് നമ്മുടെ ഫോണിൽ സൃഷ്ടിക്കാൻ സാധിക്കും. പണം അയക്കുമ്പോൾ യഥാർത്ഥ ആപ്പിൽ എങ്ങനെയാണോ വിവരങ്ങൾ ദൃശ്യമാകുന്നത് അതേ രൂപത്തിൽ  സ്പൂഫ് ആപ്പിൽ കുറിപ്പ് നമുക്ക് ഡിസൈൻ ചെയ്തെടുക്കാൻ സാധിക്കും. ഈ കുറിപ്പ് കടക്കാരനെ കാണിക്കുന്നതിലൂടെ  അയാളെ പറ്റിക്കാനും  സാധിക്കും. പേടിഎം ആപ്പിന്റെ സ്പൂഫ് തട്ടിപ്പാണ് ഇന്ത്യയിൽ വ്യാപകമായി നടക്കാറുള്ളത്. പേ ടിഎം വഴി പണമയച്ച് കഴിയുമ്പോൾ തെളിയുന്ന സ്ക്രീൻ അത്പോലെ തന്നെ അനുകരിച്ച് പണമയക്കാതെ‌ കടക്കാരനെ തട്ടിപ്പിനിരയാക്കുന്ന  സംഭവങ്ങൾ പലയിടങ്ങളിലും ഉണ്ടാകാറുണ്ട്.


പണമയക്കുന്ന സമയത്ത്  തന്നെ അക്കൗണ്ട് പരിശോധിക്കുക എന്നതാണ് ഇത്തരത്തിലുള്ള  തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി രക്ഷപ്പെടാൻ സഹായിക്കുന്നത്. എന്നാൽ  തിരക്കേറെയുള്ള സമയങ്ങളിൽ ഇത് സാദ്ധ്യമാകാറില്ല. കടകളിൽ ക്യൂ ആർ കോഡ് സ്ഥാപിക്കുന്നതിനൊപ്പം ഇടപാടുകളുടെ വിവരം വരുന്ന മെസേജ് വായിച്ച് കേൾപ്പിക്കുന്ന ഒരു സ്പീക്കർ സിസ്റ്റം കൂടി വാങ്ങി വയ്ക്കുക എന്നതാണ് ഇത്തരം തട്ടിപ്പിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗം. മിക്ക യുപിഐ ആപ്പുകളും അത്തരത്തിൽ മെസേജ് റീഡ് ചെയ്യുന്ന സ്പീക്കറുകൾ വിപണിയിലെത്തിക്കുന്നുണ്ട്. പേ ടിഎം സൗണ്ട് ബോക്സ്, ടോക്ക് ഇറ്റ് ലൗഡ് സൗണ്ട് ബോക്സ് തുടങ്ങിയ  സ്പീക്കറുകൾ ഇതിന് ഉദാഹരണങ്ങളാണ്. ഇത് സ്ഥാപിക്കുന്നതിലൂടെ  ക്യൂ ആർ കോ‌ഡിലൂടെ നടക്കുന്ന പണമിടപാടിന്റെ വിവരം ഫോൺ നോക്കാതെ തന്നെ ഉച്ചത്തിൽ കേൾക്കാൻ കടയുടമയ്ക്ക്  സാധിക്കും. തിരക്കുള്ള കടകളിൽ ഇത് സ്ഥാപിക്കുക വഴി ഈ തട്ടിപ്പി ഇരയാകുന്നത് ഒഴിവാക്കാനാകും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ