പത്രത്തില്‍ ഇനി പരസ്യം കാണാം ലൈവായി; എ.ആര്‍ സാധ്യത പരീക്ഷിച്ച് ഡിഎന്‍എ
പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ സ്കാന്‍ ചെയ്താല്‍ ഡിഎന്‍എയുടെ എ.ആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ആപ്പ് വഴി അവ ലൈവായി കാണുകയും ചെയ്യാം
പരസ്യങ്ങളില്‍ പ്രതീതി യാഥാര്‍ത്ഥ്യ (ഓഗ്മെന്റഡ് റിയാലിറ്റി) സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഡെയ്ലി ന്യൂസ് ആന്‍റ് അനാലിസിസ് (ഡിഎന്‍എ) പത്രം. പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ സ്കാന്‍ ചെയ്താല്‍ ഡിഎന്‍എയുടെ എ.ആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ആപ്പ് വഴി അവ ലൈവായി കാണുകയും ചെയ്യാം.
വായനക്കാര്‍ക്ക് ഉല്‍പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പകരാന്‍ കഴിയും എന്നതാണ് പുതിയ ടെക്നിക്കിന്‍റെ സാധ്യത. അച്ചടി മാധ്യമത്തിന്‍റെ സാധ്യതകള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിച്ച് പുതിയ കാലത്തെ വായനക്കാര്‍ക്കും പരസ്യദാതാക്കള്‍ക്കും മെച്ചപ്പെട്ട അനുഭവം സാധ്യമാക്കുകയാണ് പുതിയ ഉദ്യമം ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിഎന്‍എ സിഇഒ സഞ്ജീവ് ഗാര്‍ഗ് പറഞ്ഞു.
സമാനമായ നൂതന ചുവടുവയ്പുകള്‍ ഇനിയും ഡിഎന്‍എയില്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ആര്‍ സാധ്യത പ്രയോജനപ്പെടുത്തുന്ന പരസ്യങ്ങള്‍ എണ്‍പത് ശതമാനം വായനക്കാരിലും താല്‍പര്യം ജനിപ്പിക്കുന്നതായി അമേരിക്കയിലെ വൈബ്രന്‍റ് മീഡിയ നടത്തിയ പഠനത്തില്‍ പറയുന്നു. ഈയടുത്ത് ഗൂഗിളും ഓഗ്മെന്റഡ് റിയാലിറ്റി പ്ലാറ്റ്‌ഫോം ആയ ഗൂഗിള്‍ എആര്‍കോര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരുന്നു.