അപൂർവ രോഗങ്ങൾ തിരിച്ചറിയാൻ ഒരു ആപ്പ്; ഫെയ്സ്2ജീൻ ആപ്ലിക്കേഷനെ കുറിച്ച് കൂടുതലറിയാം
ഫേഷ്യൽ റെക്കഗ്നീഷൻ സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകിയാണ് ഫെയ്സ്2ജീൻ പ്രവർത്തിക്കുന്നത്
ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അപൂർവ്വ രോഗങ്ങൾ കണ്ടെത്താൻ സാധിക്കുമോ... കഴിയും എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഫെയ്സ്2ജീൻ എന്ന ആപ്ലിക്കേഷനാണ് ഇതിന് സഹായിക്കുന്നത്. രോഗിയുടെ മുഖം സ്കാൻ ചെയ്യുന്നതിലൂടെ 300ലധികം രോഗങ്ങൾ തിരിച്ചറിയാൻ ഫെയ്സ്2ജീൻ ആപ്ലിക്കേഷന് കഴിയുമെന്നാണ് കണ്ടെത്തൽ. കുട്ടികളുടെ മുഖത്ത് രോഗം മൂലമുണ്ടാകുന്ന അടയാളങ്ങളും ലക്ഷണങ്ങളും വിലയിരുത്തിയാകും ഈ ആപ്ലിക്കേഷൻ രോഗനിർണയം നടത്തുന്നത്. ഫേഷ്യൽ റെക്കഗ്നീഷൻ സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകിയാണ് ഫെയ്സ്2ജീൻ പ്രവർത്തിക്കുന്നത്.
സോഷ്യൽ നെറ്റ്‌വർക്കുകളിൽ വ്യാപകമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വൈദ്യപരിശോധനാ മേഖലയിലും ഇപ്പോൾ ഇതിന്‍റെ ഉപയോഗം വർദ്ധിച്ചു വരികയാണ്. ഒരു രോഗിയുടെ മുഖം സ്കാൻ ചെയ്യുന്നതിലൂടെ 300ലധികം രോഗങ്ങൾ തിരിച്ചറിയാൻ ഫെയ്സ്2ജീൻ ആപ്ലിക്കേഷന് സാധിക്കുമെന്നാണ് 'വയേർഡ്' എന്ന അമേരിക്കൻ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്. ഒരു പുതിയ അൽഗോരിതം കൂടി ചേർത്തതോടെ 800ലധികം രോഗങ്ങൾ കൂടി ഇപ്പോൾ ഈ സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ആപ്ലിക്കേഷന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് മോട്ടി ഷ്നിബർഗ് എന്ന എഞ്ചിനീയറാണ്. അപൂർവ രോഗങ്ങൾ തിരിച്ചറിയാൻ ഡോക്ടർമാർക്ക് കുട്ടികളുടെ മുഖഭാവം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഇദ്ദേഹം മനസിലാക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ കുട്ടികളുടെ മുഖത്ത് ചില സൂചനകൾ അവശേഷിപ്പിക്കുമെന്നതായിരുന്നു ഇവരുടെ നിഗമനം. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയിൽ വിദഗ്ധനായ ഇദ്ദേഹം തന്റെ സ്റ്റാർട്ട്-അപ്പ് ആയ എഫ്ഡിഎൻഎ വഴി ഒരു മെഷീൻ ലേണിങ് അൽഗോരിതം വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്. ഇതിന്റെ ആദ്യത്തെ ഫലമായാണ് 2014ൽ ഫേസ്2ജീൻ ആപ്പ് പുറത്തിറക്കിയത്.
എന്നിരുന്നാലും, ഈ സാങ്കേതിക വിദ്യയ്ക്ക് ചില പോരായ്മകളുണ്ട്. ഭൂരിഭാഗം ജനിതക രോഗങ്ങളും ഈ ആപ്ലിക്കേഷന് കണ്ടെത്താൻ കഴിയില്ലെന്നും ഇദ്ദേഹം സമ്മതിക്കുന്നു. ഈ രോഗങ്ങളുടെ അപൂർവതയാണ് ഇതിന് കാരണം. നിർമിതബുദ്ധി ഉപയോഗിച്ച് ഒരു രോഗം തിരിച്ചറിയണമെങ്കിൽ അത് ബാധിച്ച രോഗികളുടെ ഏഴ് ഫോട്ടോകളെങ്കിലും ലഭിക്കണം.
ലോകമെമ്പാടും ആയിരക്കണക്കിന് ഉപയോക്താക്കളെ ഇതിനോടകം ഈ ആപ്പ് നേടിക്കഴിഞ്ഞു. ഫെയ്സ്2ജീൻ ഇപ്പോൾ ആയിരക്കണക്കിന് ജനിതകശാസ്ത്രജ്ഞർ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഒരു രോഗിയുടെ മുഖത്ത് നിന്ന് കൃത്യതയോടെ ഏകദേശം 300 വൈകല്യങ്ങൾ തിരിച്ചറിയാൻ അതിന്റെ പ്രധാന അൽഗോരിതത്തിന് സാധിക്കും. രോഗനിർണ്ണയത്തിനായി വഴികൾ തിരയുന്ന ജനിതകശാസ്ത്രജ്ഞർക്കും കുടുംബങ്ങൾക്കും ഒരു അനുഗ്രഹമാകുകയാണ് ഈ ആപ്ലിക്കേഷൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA