ഗൂഗിൾ സൗജന്യമായി സേവനങ്ങൾ നൽകുന്നതെങ്ങനെ? വരുമാനം ലഭിക്കുന്നത് എവിടെ നിന്ന്!
എത്രത്തോളം ആളുകൾ ഈ സർവീസുകൾ ഉപയോഗിക്കുന്നു എന്നതാണ് കമ്പനിയെ സംബന്ധിച്ച് പ്രധാനം. ഗൂഗിളിന്റെ ബിസിനസ് മോഡലും ഇത് തന്നെയാണ്
ഗൂഗിൾ ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു എന്ന് തന്നെ പറയാം. എന്ത് സംശയങ്ങളും നാം ആദ്യം അന്വേഷിച്ച് പോകുന്നത് ഗൂഗിളിലാണ്. ഈ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തികച്ചും സൗജന്യമായി ഗൂഗിൾ നമുക്ക് പറഞ്ഞ് തരാറുമുണ്ട്. എന്നാൽ ഇത് കൊണ്ട് ഗൂഗിളിന് എന്താണ് നേട്ടം എന്ന് ചിന്തിച്ചിട്ടുണ്ടോ... എവിടെ നിന്നാണ് ഗൂഗിളിന് വരുമാനം ലഭിക്കുന്നതെന്ന് പലര്‍ക്കും സംശയമുണ്ടാകാം. നമ്മൾ ചോദിക്കുന്ന ഏത് സംശയങ്ങൾക്കും ഞൊടിയിടയിൽ ഉത്തരം നൽകുന്ന പ്ലാറ്റ്ഫോമായാണ് ഗൂഗിൾ ആദ്യം ഓർമയിൽ എത്തുക.
ഗൂഗിൾ എന്ന പ്ലാറ്റ്ഫോം ഏറ്റവും കൂടുതലായി ആളുകൾ ഉപയോഗിക്കുന്നത് സേർച്ച് ആവശ്യത്തിനാണ്. ഇത് സൗജന്യമായാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. ക്രോം വെബ് ബ്രൗസർ വഴി സെർച്ച് ചെയ്യുന്നതും ഗൂഗിൾ നൽകുന്ന സൗജന്യ സേവനമാണ്. ഇത് കൂടാതെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ജി മെയിൽ സേവനങ്ങളാണ്. ഇതും ഗൂഗിൾ തികച്ചും സൗജന്യമായാണ് നൽകുന്നത്.ഗൂഗിൾ ഡ്രൈവ് എന്ന ക്ലൗഡ് സ്റ്റോറേജാണ് മറ്റൊന്ന് . ഇവിടെയും 15 ജിബി വരെ സ്റ്റോറേജ് സൗജന്യമായി ലഭിക്കുന്നു. യൂട്യൂബ് എന്ന വീഡിയോ പ്ലാറ്റ്ഫോമാണ് സേവനത്തിൽ മുന്നിൽ നിൽക്കുന്നത്. വിവിധ വിഷയങ്ങളിലും, ഭാഷകളിലും വീഡിയോകൾ ഇവിടെ ലഭ്യമാവുന്നു. ഈ സേവനവും സൗജന്യമാണ്. ഗൂഗിൾ മാപ്സ്, ഗൂഗിൾ ഫോട്ടോസ് പോലെ മറ്റ് നിരവധി സേവനങ്ങളും സൗജന്യമായി ഗൂഗിൾ നമുക്ക് നൽകുന്നു.ലോകത്തെ മുൻനിര കമ്പനിയാണ് ഗൂഗിൾ. നിരവധി സ്കിൽഡ് പ്രൊഫഷണൽസാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇത്രയും സേവനങ്ങൾ കമ്പനി സൗജന്യമായി നൽകുമ്പോൾ എങ്ങനെയാണ് കമ്പനിക്ക് വരുമാനം ലഭിക്കുനന്നതെന്നത് പലരുടെയും സംശയമാണ്.
ഗൂഗിൾ എന്ന കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം ഏകദേശം 1 ട്രില്യൺ യുഎസ് ഡോളറുകളാണ്. ഇവിടെ ബിസിനസ് മോഡൽ പരിശോധിച്ചാൽ എന്ത് സർവീസ് സൗജന്യമെന്നു പറഞ്ഞാലും പ്രൊഡക്ട് എന്നത് കസ്റ്റമർ തന്നെയാണ്. എത്രത്തോളം ആളുകൾ ഈ സർവീസുകൾ ഉപയോഗിക്കുന്നു എന്നതാണ് കമ്പനിയെ സംബന്ധിച്ച് പ്രധാനം. ഗൂഗിളിന്റെ ബിസിനസ് മോഡലും ഇത് തന്നെയാണ്. ലോകമാകെ കോടിക്കണക്കിന് ആളുകൾ ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നു എന്നതു തന്നെയാണ് ഗൂഗിളിന്റെ ബിസിനസിന് കരുത്തു നൽകുന്നത്. ഇവരിൽ ഭൂരിഭാഗവും ഗൂഗിൾ എന്ന പേരിനപ്പുറം ചിന്തിക്കാത്തവർ കൂടിയാണ്.ഉപഭോക്താക്കൾക്ക് നൽകുന്ന വിവിധ സെക്ടറുകളിലൂടെ ഗൂഗിൾ വരുമാനം നേടുന്നുണ്ട്. ഇതിൽ ഒന്നാണ് ഗൂഗിൾ ക്ലൗഡ് സർവീസസ് . നാം ജിമെയിൽ ഉപയോഗിക്കുമ്പോൾ 15 ജിബി സ്റ്റോറേജ് നമുക്ക് സൗജന്യമായി ലഭിക്കുന്നു. ഈ പരിധി കഴിഞ്ഞാൽ പണം നൽകി വാങ്ങേണ്ടതാണ്. കോർപറേറ്റ് ലെവലുകളിൽ ആപ്ലിക്കേഷൻ ഹോസ്റ്റ് ചെയ്യുന്നതിന് ചാർജ് ഈടാക്കുന്നതിലൂടെ ഗൂഗിളിന് വരുമാനം ലഭിക്കുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറാണ് മറ്റൊരു വരുമാന മാർഗം. ആപ്പുകൾ ഡെവലപ് ചെയ്താൽ ഇവിടെയാണ് അപ്ലോഡ് ചെയ്യുന്നത്. അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിന് പണം നൽകേണ്ടതായി വരുന്നു. ഇനിയുള്ളത് ഗൂഗിൾ പ്രീമിയം സർവീസുകളാണ്. യൂട്യൂബിൽ പരസ്യം വരാതിരിക്കാൻ പ്രീമിയം സെഗ്മെന്റ് നൽകുന്നു. പണം ഈടാക്കിയാണ് ഇവിടെയും സേവനങ്ങൾ നൽകുന്നത്. ഗൂഗിൾ സബ്സിഡിയറി സർവീസുകളാണ് ഇനിയുള്ളത്. ഗൂഗിൾ ഫൈബർ ഉദാഹരണമാണ്. എന്നാൽ ഇത്തരം സേവനങ്ങളിൽ നിന്ന് 1 ശതമാനത്തിൽ കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഗൂഗിളിന്റെ വരുമാനത്തിന്റെ 84% വരുമാനവും പരസ്യത്തിൽ നിന്നാണ് വരുന്നത്. ഗൂഗിൾ സേർച്ചിൽ നിന്നാണ് 60% വരുമാനവും കമ്പനിക്ക് ലഭിക്കുന്നത്. ഇവിടെയാണ് ഗൂഗിളിന്റെ ആർടിഫിഷ്യൽ ഇന്റലിജൻസും, മെഷീൻ ലേണിങ്ങുമെല്ലാം വർക്ക് ചെയ്യുന്നത്. ഉദാഹരണത്തിന് നിങ്ങൾ എന്തെങ്കിലും സേർച്ച് ചെയ്താൽ അത് സേവ് ചെയ്യപ്പെടുന്നു.
അടുത്ത തവണ സേർച്ച് ചെയ്യുമ്പോൾ സമാനമായവ ഡിസ്പ്ലേ ചെയ്യുന്നു. അല്ലെങ്കിൽ പരസ്യമായി നിങ്ങളുടെ മുന്നിലെത്തുന്നു. അതായത് നിങ്ങളുടെ ബിഹേവിയർ, പാറ്റേൺ തുടങ്ങിയവയെല്ലാം അനുസരിച്ചുള്ള സേർച്ച് റിസൾടുകൾ പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ അവ വാങ്ങാൻ സാധ്യത കൂടുതലാണ്. ആ പരസ്യം നൽകിയ കമ്പനി ഗൂഗിളിന് പണം നൽകുകയാണ് ചെയ്യുന്നത്. ഗൂഗിൾ നെറ്റ് വർക്ക് മെംബർ പ്രോപർട്ടീസ് ആണ് മറ്റൊരു മാര്‍ഗം. ഇവയുടെ ഉദാഹരണമാണ് ഗൂഗിൾ ആഡ് സെൻസ്. ബ്ലോഗ് പോലെയുള്ളവയ്ക്ക് പരസ്യം ലഭിക്കാൻ ഗൂഗിളിന്റെ മാനദണ്ഡ പ്രകാരമുള്ള യോഗ്യത ലഭിക്കണം. ആകെ പരസ്യ വരുമാനത്തിൽ ഏകദേശം 14% ഇവിടെ നിന്നാണ് കമ്പനിക്ക് ലഭിക്കുന്നത്.ഇത്തരത്തിൽ ഒരുപാട് സേവനങ്ങൾ നൽകുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിൾ. ദിവസം കഴിയുന്തോറും തങ്ങളുടെ ബിസിനസ് മോഡൽ കൂടുതൽ ആകർഷകമാക്കാൻ കമ്പനി ശ്രമിക്കുകയും ചെയ്യുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...