Car Fire | കാറിന് തീപിടിച്ചാൽ എന്തൊക്ക ചെയ്യണം? ചെയ്യരുത്
ചെറിയൊരു അശ്രദ്ധ ചിലപ്പോൾ ഇത്തരത്തിൽ വലിയൊരു അപകടത്തിലേക്ക് നയിച്ചേക്കാം, ഇതാണ് ഇവിടെ പരിശോധിക്കുന്നത്
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ രണ്ട് പ്രധാന അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഓടി കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് വാഹനങ്ങളും തീപിടിച്ചത്. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ആദ്യത്തേ അപകടം കണ്ണൂരിലാണെങ്കിൽ രണ്ടാമത്തേത് തിരുവനന്തപുരം വെഞ്ഞാറമ്മൂടിലായിരുന്നു. രണ്ട് വാഹനങ്ങളും ഓട്ടത്തിനിടയിലാണ് തീ പീടിച്ചത്. ചെറിയൊരു അശ്രദ്ധ ചിലപ്പോൾ ഇത്തരത്തിൽ വലിയൊരു അപകടത്തിലേക്ക് നയിച്ചേക്കാം. എങ്ങിനെയാണ് കാറുകൾക്ക് തീ പിടിക്കുന്നത്? ഇതൊഴിവാക്കാൻ എന്തൊക്കെ ചെയ്യാം എന്ന് പരിശോധിക്കാം.
ഇലക്ട്രിക്കൽ മുതൽ മെക്കാനിക്കൽ വരെ
വാഹനങ്ങളിലെ തീ പിടുത്തത്തിന് പിന്നിൽ പലവിധ കാരണങ്ങളുണ്ട്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാലോ, ഇലക്ട്രിക്കൽ തകരാർ സംഭവിച്ചാലോ ഇന്ധന ചോർച്ചയുണ്ടായാലോ, ടയർ പൊട്ടിയാലോ അത് വാഹനത്തിൽ തീ പിടിക്കാൻ കാരണമാകും. ചെറിയൊരു ഫ്യൂസ് തകരാറിലായാൽ പോലും അത് തീപിടുത്തത്തിലേക്ക് നയിക്കും.
നിലവാരമില്ലാത്ത മെറ്റീരിയലുകൾ
കാറിൽ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിക്കുന്നത് തീപിടുത്തത്തിന് കാരണമാകും. ഒരു കാറിന്റെ മെക്കാനിക്കൽ ഘടകങ്ങൾ ഉയർന്ന തലത്തിലുള്ള സമ്മർദ്ദത്തിന് വിധേയമാകുന്നതാണ്. ഇതിന് ഗുണനിലവാരം ഇല്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവാം.
തെറ്റായ വയറിംഗ്
തെറ്റായ വയറിംഗ് കണക്ഷൻ ഒരു ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം, ഇത് തീപിടുത്തത്തിലേക്ക് നയിച്ചേക്കാം. കൃത്യമായ ഇൻസുലേഷന ഇതിൽ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത് വാഹന ഉടമ തന്നെ പരിശോധിച്ച് ഉറപ്പിക്കണം
ഓയിൽ ചോർച്ച
എഞ്ചിൻ ഓയിൽ മാറ്റുന്നതിനിടയിൽ എഞ്ചിൻ ബേയിൽ ഓയിൽ ഒഴുകിയാൽ, എഞ്ചിൻ താപനില കൂടുമ്പോൾ അതിന് തീപിടിച്ചേക്കാം. അതിനാൽ, എഞ്ചിൻ ബേയിൽ എണ്ണ ചോർച്ചയില്ലെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക.
ഫ്ലൂയിഡ് ലീക്കുകൾ
കൂളന്റ്, ട്രാൻസ്മിഷൻ ഫ്ലൂയിഡ്, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ് തുടങ്ങിയ മറ്റ് സുപ്രധാന ഫ്ലൂയിഡുകളുടെ ചോർച്ച നിങ്ങളുടെ കാറിൽ തീപിടുത്തത്തിന് കാരണമാകും. എല്ലായ്‌പ്പോഴും, കാർ റോഡിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് എന്തെങ്കിലും ചോർച്ചയുണ്ടോയെന്ന് പരിശോധിക്കുക.
കാർ തീപിടിത്തങ്ങൾ എങ്ങനെ തടയാം
സർവ്വീസ്
കൃത്യമായ ഇടവേളകളിൽ അല്ലെങ്കിൽ നിർമ്മാതാവ് നിർദ്ദേശിച്ച ഇടവേള അനുസരിച്ച് നിങ്ങളുടെ കാർ സർവീസ് ചെയ്യുക. എല്ലാ ഫ്ലൂയിഡുകളും കൃത്യമായ ലെവലിൽ നിലനിർത്തുകയും എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.ഫ്യുവൽ ലൈനുകൾ എന്തെങ്കിലും തേയ്മാനമോ ചോർച്ചയോ ഉണ്ടോയെന്ന് പതിവായി പരിശോധിക്കുക. ഇന്ധന ചോർച്ച വളരെ അപകടകരമാണ്.
ഫയർ എസ്റ്റിംഗ്യുഷർ
നിങ്ങളുടെ കാറിൽ ഒരു ഫയർ എസ്റ്റിംഗ്യുഷർ നിർബന്ധമായി ഉണ്ടാവണം. ഇത് ഡ്രൈവർ സീറ്റിന് സമീപം വയ്ക്കുക.കാറിനുള്ളിൽ പുകവലിക്കരുത്. കാറിന്റെ ഉൾഭാഗത്ത് പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും അടങ്ങിയിരിക്കുന്നതിനാൽ ചെറിയ തീപ്പൊരി പോലും തീപിടിക്കാൻ ഇടയാക്കും.
മണം വന്നാൽ
കാറിന്റെ അടിയിൽ റബ്ബറോ പ്ലാസ്റ്റിക്കോ കത്തുന്ന മണം തോന്നിയാൽ ഉടൻ എഞ്ചിൻ ഓഫ് ചെയ്യുക.ബ്രേക്കിന്റെ ബോണറ്റിൽ നിന്ന് പുക വരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കാർ നിർത്തുക.തീപിടിക്കുന്ന വാതകങ്ങൾക്കോ ദ്രാവകങ്ങൾക്കോ സമീപം കാർ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾ കാർ പാർക്ക് ചെയ്യുമ്പോൾ എഞ്ചിൻ ചൂടാകും, തീപിടിക്കുന്ന വസ്തുക്കൾക്ക് സമീപം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
തീ പിടിച്ചാൽ ഇൻഷുറൻസ് കിട്ടുമോ
കാറിന് തീ പിടിച്ചാൽ നമ്മുക്ക് ഇൻഷുറൻസിന് അപേക്ഷിക്കാം. എന്നാൽ എല്ലാ ഇൻഷുറസ് പോളിസികളിലും ഇത് ലഭ്യമല്ല. ഉദാഹരണമായി തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി തീ പിടുത്തത്തിനെയോ അല്ലെങ്കിൽ സ്വയമേ ഉണ്ടാവുന്ന ഒരു അപകടത്തിനെയോ കവർ ചെയ്യുന്നില്ല. മറിച്ച് ഒരു സമഗ്ര കാർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ കാറിനുണ്ടാകുന്ന കേടുപാടുകൾക്കെതിരെ കവറേജ് വാഗ്ദാനം ചെയ്യുന്നു.
ഇതിൽ അപകടം മൂലമുള്ള കേടുപാടുകൾ, തീയും സ്ഫോടനവും മൂലമുള്ള കേടുപാടുകൾ, മനുഷ്യനിർമിത/പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള നാശനഷ്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു. അതിനാൽ, തീപിടുത്തം മൂലം നിങ്ങളുടെ കാറിന് കേടുപാടുകൾ സംഭവിച്ചാൽ നിങ്ങൾക്ക് ക്ലെയിമിനായി അപേക്ഷിക്കാം. അപകടത്തെക്കുറിച്ച് ഇൻഷുറൻസ് കമ്പനിയെ ഉടൻ അറിയിക്കുകയും ക്ലെയിം നടപടിക്രമം ആരംഭിക്കുകയും ചെയ്യുക.
കത്തിനശിച്ച കാറിന്റെ ഫോട്ടോഗ്രാഫുകൾ എടുക്കുക വീഡിയോകൾ ഷൂട്ട് ചെയ്യുക, അതുവഴി നിങ്ങൾക്ക് നാശനഷ്ടങ്ങൾക്ക് വ്യക്തമായ തെളിവ് ലഭിക്കും. ആവശ്യമെങ്കിൽ, മറ്റ് രേഖകൾക്കൊപ്പം എഫ്‌ഐആറിന്റെ (ആദ്യ വിവര റിപ്പോർട്ട്) പകർപ്പും നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.