ന്യൂ ഡൽഹി : 22 യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ദേശസുരക്ഷയെയും വിദേശബന്ധങ്ങളെയും ബാധിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് ചാനലുകളും ഉൾപ്പെടുന്നതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ ഐടി നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇത് ആദ്യമായാണ് യൂട്യൂബ് അധിഷ്ഠിതമായ വാർത്താചാനലുകൾക്കെതിരെ നടപടി സ്വീകരിക്കുന്നത്. 22 യൂട്യൂബ് ചാനലുകളും മൂന്ന് ട്വിറ്റർ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഒരു വാർത്താ വെബ്സൈറ്റും ബ്ലോക്ക് ചെയ്യാൻ മാർച്ച് നാല് തിങ്കളാഴ്ച ഉത്തരവിട്ടതായി ഐടി മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതോടെ 2021 ഡിസംബർ മുതൽ ദേശസുരക്ഷ, പരമാധികാരം, രാജ്യത്തിന്റെ അഖണ്ഡത മുതലായവയുമായി ബന്ധപ്പെട്ട് ബ്ലോക്ക് ചെയ്ത യൂട്യൂബ് അധിഷ്ഠിത ചാനലുകളുടെ എണ്ണം 78 ആയി. 


ALSO READ : മൊബൈൽ ആപ്പിലൂടെ വായ്പ ഓഫറുകൾ വരുന്നുണ്ടോ... ശ്രദ്ധിക്കണം ഇതിന് പിന്നിലെ വലിയ തട്ടിപ്പുകളും


ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകൾക്ക് 260 കോടിയിലധികം വ്യൂവർഷിപ്പ് ഉണ്ട്.  ജമ്മു കശ്മീർ, ഇന്ത്യൻ സേന തുടങ്ങിയ വിഷയങ്ങളിലുൾപ്പെടെ വ്യാജ വാർത്ത പ്രചരിപ്പിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള, പാകിസ്ഥാനിൽ നിന്ന് ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരോധിച്ചവയിലുണ്ട്. 


യുക്രെയ്ൻ-റഷ്യ പ്രശ്‌നത്തിൽ തെറ്റായ വാർത്തകൾ നൽകിയതിനാണ് ഇന്ത്യയിൽ നിന്നുള്ള ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. തെറ്റായ വാർത്തകൾ നൽകുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം അപകടത്തിലാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.


ആധികാരികവും വിശ്വസനീയവും സുരക്ഷിതവുമായ ഓൺലൈൻ വാർത്താ മാധ്യമ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, ദേശീയ സുരക്ഷ, വിദേശബന്ധങ്ങൾ, പൊതു ക്രമം എന്നിവയെ തകർക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനും ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.