Thiruvananthapuram: സംസ്ഥാനത്ത് സാങ്കേതിക  സംരംഭകത്വം  വളര്‍ത്തിക്കൊണ്ടു വരാനുള്ള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ്  കേരള  സ്റ്റാര്‍ട്ടപ് മിഷന്‍  (Kerala Startup Mission-KSUM).


COMMERCIAL BREAK
SCROLL TO CONTINUE READING

അടിസ്ഥാന സൗകര്യം, ഫണ്ടിംഗ്, മെന്‍റ്റിംഗ് , എന്നിവയ്ക്കുള്ള പിന്തുണ തുടങ്ങിയവയാണ് സ്റ്റാര്‍ട്ടപ് മിഷന്‍ നല്‍കുന്നത്.  ഒപ്പം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി  സ്റ്റാര്‍ട്ടപ് മിഷനുണ്ട്. 


കെഎസ് യുഎം  സ്റ്റാര്‍ട്ടപ് "ക്യുകോപ്പി"ക്ക് മികച്ച കോവിഡ് ആപ്പിനുള്ള ആഗോള പുരസ്കാരം ലഭിച്ചതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമൂഹത്തെ സഹായിക്കുന്ന ലോകത്തെ മികച്ച ആപ്പുകളിലൊന്നായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസസ് വികസിപ്പിച്ച ജിഒകെ ഡയറക്ട്-കേരള തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


എന്നാല്‍, ഇപ്പോഴിതാ, കേരള  സ്റ്റാര്‍ട്ടപ് മിഷന്‍  മറ്റൊരു മികച്ച നേട്ടം കൂടി കൈവരിച്ചിരിയ്ക്കുകയാണ്.  ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്,   ബെസ്റ്റ്ഡോക് ( BestDoc) 16  കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കിയിരിയ്ക്കുകയാണ്.   ആരോഗ്യപരിരക്ഷയിലെ ഡിജിറ്റല്‍വല്‍കരണമാണ് ബെസ്റ്റ്ഡോക് സ്റ്റാര്‍ട്ടപ് ലക്ഷ്യമിടുന്നത്.


ആരോഗ്യപരിരക്ഷാമേഖലയിലെ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബെസ്റ്റ്ഡോക് എന്ന മലയാളി സ്റ്റാര്‍ട്ടപ് ഡിജിറ്റല്‍വല്‍കരണത്തിനായി ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്നടക്കം 16  കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി .


ഫെയ്സ് ബുക്കിലും ഫ്ളിപ്കാര്‍ട്ടിലും നിക്ഷേപം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള ആക്സല്‍,  ബെംഗളൂരുവിലെ  അര്‍ക്കം വെഞ്ച്വേര്‍സ് എന്നിവയില്‍നിന്നാണ്  ഹെല്‍ത്ത്ടെക്  സോഫ്റ്റ് വെയര്‍ സേവന (എസ്എഎസ്) സ്റ്റാര്‍ട്ടപ്പായ ബെസ്റ്റ്ഡോക് പ്രാഥമിക നിക്ഷേപം  (പ്രീ സീരിസ് എ) സ്വന്തമാക്കിയത്. നിലവിലെ നിക്ഷേപകരായ ബെംഗളൂരു ആസ്ഥാനമായുള്ള സീ ഫണ്ടും പ്രീ സീരിസ് എ നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തിരുന്നു. 


ആശുപത്രികള്‍ക്കും ഇതര ആരോഗ്യ സേവന ദാതാക്കള്‍ക്കുമുള്ള ഇന്‍റലിജന്‍റ് പേഷ്യന്‍റ് റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ് (പിആര്‍എം) സംവിധാനമാണ് ബെസ്റ്റ്ഡോക്.


അഫ്സല്‍സാലു, ഫയാസ് ബിന്‍ അബ്ദു, സൗദാബി നെടുവഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് 2016 ല്‍ ബെസ്റ്റ്ഡോകിന് തുടക്കമിട്ടത്. ചെറുനഗരങ്ങളില്‍ ഡോക്ടര്‍മാരുടെ അപ്പോയ്മെന്‍റ് എടുക്കുന്നതിനുള്ള വേദിയായിട്ടായിരുന്നു ഇത്. തുടര്‍ന്ന് ആരോഗ്യ പരിരക്ഷാ സംവിധാനത്തിലെ ഡിജിറ്റല്‍വത്ക്കരണത്തിലെ സാധ്യത മനസ്സിലാക്കി ബിസിനസ് ടു ബിസിനസ് മാതൃക സ്വീകരിക്കുകയായിരുന്നു.


2018 മുതല്‍ രാജ്യത്തെ 120 ആരോഗ്യപരിരക്ഷാ ദാതാക്കളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ബെംഗളൂരുവിലെ അപ്പോളോ, മുംബൈയിലെ ഡോ.എല്‍.എച്ച്. ഹിരാനന്ദാനി, കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍, ആസ്റ്റര്‍, കിംസ് ഹെല്‍ത്ത് എന്നിവയും ബെസ്റ്റ്ഡോക്-ന്‍റെ ഉപയോക്താക്കളാണ്. 


രോഗികളുടെ പരിരക്ഷ കേന്ദ്രീകൃതമാക്കി  ചെലവ് കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും ആശുപത്രികളെ സഹായിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങളാണ് കമ്പനി നിര്‍മ്മിച്ചിട്ടുള്ളതെന്ന് സ്ഥാപകരില്‍ ഒരാളായ അഫ്സല്‍സാലു പറഞ്ഞു. കോവിഡ് -19 ന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യപരിരക്ഷാമേഖലയില്‍ ഡിജിറ്റല്‍വത്ക്കരണം ത്വരിതഗതിയില്‍ നടക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളിലായി ടെലിമെഡിസിന്‍, സമ്പര്‍ക്കരഹിത സംവിധാനങ്ങള്‍ എന്നിവയും ബെസ്റ്റ്ഡോക്  വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 


മഹാമാരിയുടെ കാലഘട്ടത്തില്‍ നിക്ഷേപങ്ങള്‍ സ്വന്തമാക്കുന്നതില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ശ്രീ ശശി പിഎം പറഞ്ഞു.  ഇത്തരം നിക്ഷേപങ്ങള്‍  സ്റ്റാര്‍ട്ടപ്പുകളുടെ ഗുണമേന്‍മയേയും കേരളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളോടുള്ള നിക്ഷേപകരുടെ വിശ്വാസത്തേയുമാണ് സൂചിപ്പിക്കുന്നത്.  ഈ കാലയളവില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ 350 കോടി രൂപയുടെ ഇക്യുറ്റി നിക്ഷേപമാണ് നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.


Also read: Zee Hindustan App: വാർത്താ ലോകത്തെ പുതിയ മുഖം, വാർത്തകൾ ഇനി അഞ്ച് ഭാഷകളിൽ...


സീഡ് റൗണ്ടില്‍ എയ്ഞ്ചല്‍ നിക്ഷേപകരില്‍ നിന്നുള്‍പ്പെടെ  ഇതുവരെ 18.4 കോടി രൂപ സമാഹരിച്ചിട്ടുള്ള  ബെസ്റ്റ്ഡോക് പുതിയ നിക്ഷേപം ഉപയോഗപ്പെടുത്തി രാജ്യത്തുടനീളം പ്രവര്‍ത്തനം വ്യാപിക്കുന്നതിനും ഇന്‍പേഷ്യന്‍റ് പ്രവേശന സംവിധാനമുള്‍പ്പെടെ വികസിപ്പിക്കുന്നതിനുമാണ് പദ്ധതിയിടുന്നത്.