മൊബൈൽ ആപ്പുകൾ വഴി വായ്പകൾ നൽകുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്. പേപ്പർ വർക്കുകൾ കുറവാണെന്നും എളുപ്പം വായ്പ ലഭിക്കുമെന്നും ഉൾപ്പെടെ നിരവധി ഓഫറുകളും ഇവർ മുന്നോട്ട് വയ്ക്കും. എന്നാൽ, ഇത്തരം വായ്പകൾ വേ​ഗത്തിൽ ലഭിക്കുമെന്ന് കരുതി ഒന്നും നോക്കാതെ വായ്പ എടുക്കരുത്. നിരവധി ചതിക്കുഴികൾ ഇവയിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം വായ്പകൾക്ക് അപേക്ഷിക്കുകയോ വായ്പ എടുക്കുകയോ ചെയ്യുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകൾക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും മാത്രമേ നിയമപരമായി വായ്പ നൽകാൻ സാധിക്കൂ. മൊബൈൽ ആപ്പുകളും പോർട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം ചെയ്യാൻ ആർബിഐയുടെ അം​ഗീകാരം ആവശ്യമാണ്. വായ്പ വാഗ്‌ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകളും പോർട്ടലുകളും ഏതു സ്ഥാപനത്തിൽ നിന്നാണ് വായ്പ ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കണം.


വായ്പ ലഭ്യമാകാൻ വളരെ എളുപ്പമാണ് എന്നത് ഇത്തരം വായ്പകൾ എടുക്കുന്നവരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. തിരിച്ചടവിൽ വീഴ്ച വന്നാൽ പലിശ വലിയ രീതിയിൽ വർധിപ്പിക്കും. ആറുമാസത്തിനുള്ളിൽ തുക ഇരട്ടിയോ അതിലധികമോ ആകും. പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതികളും മറ്റ് ഫീസുകൾ ഈടാക്കുന്നതും ആർബിഐയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പരാതിപ്പെടാം.


മൊബൈൽ ആപ്പിലൂടെ വായ്പ അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ മുഴുവൻ ഉപയോഗിക്കാൻ അനുവാദം നൽകരുത്. ഏത് ബാങ്കാണ് അല്ലെങ്കിൽ ഏത് ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കണം.


ഏത് സ്ഥാപനമാണെന്ന് വ്യക്തമാകാതെ വായ്പ വാങ്ങരുത്. ദിവസക്കണക്കിനോ മാസക്കണക്കിനോ പറയുന്ന പലിശ നിരക്കുകൾ വാർഷികാടിസ്ഥാനത്തിൽ എത്ര വരുമെന്ന് മനസ്സിലാക്കണം. പലിശ കണക്കുകൂട്ടുന്ന രീതിയും പിഴപ്പലിശയും മറ്റ് ഫീസുകളും എത്രയാണെന്ന് തിരിച്ചറിയണം. വായ്പാ കരാറിന്റെ കോപ്പി പരിശോധിച്ച് വ്യക്തിഗത വിവരങ്ങൾ അനുവാദമില്ലാതെ ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറപ്പാക്കണം.


വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വിവരങ്ങൾ ചോർത്തിയെടുത്ത് ഇടപാടുകളും പെരുമാറ്റങ്ങളും പരിശോധിച്ച് ഓരോരുത്തരുടെയും ബന്ധങ്ങളും സാമ്പത്തിക സ്വഭാവവും അവലോകനം ചെയ്താണ് ആപ്പുകൾ വായ്പ അനുവദിക്കുന്നത്. നിർമിത ബുദ്ധി, ബിഗ് ഡേറ്റ വിശകലനം തുടങ്ങിയ ഡിജിറ്റൽ സാങ്കേതിക വിദ്യകളാണ് ഇതിനായി ഇത്തരം ഇടപാടുകാർ ഉപയോഗപ്പെടുത്തുന്നത്.


ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും കോണ്ടാക്ട് ലിസ്റ്റ് വായ്പാസ്ഥാപനത്തിന് കൈമാറിയാൽ വായ്പ ലഭിക്കും. എന്നാൽ പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നാൽ, അടുത്ത സുഹൃത്തുകൾക്കും ബന്ധുക്കൾക്കും സന്ദേശം അയക്കും. സമൂഹത്തിൽ മാന്യന്മാരായ നിങ്ങളുടെയൊക്കെ ജാമ്യത്തിൽ ഇന്നയാൾ പണം കടം വാങ്ങി സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നെന്ന രീതിയിലായിരിക്കും സന്ദേശങ്ങൾ പ്രചരിക്കുക. അതിനാൽ വായ്പ ആപ്പുകൾ വഴി വായ്പ എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.