ഇനി ഇന്ത്യൻ ഐഫോണുകളുടെ കാലം; വില കുത്തനെ കുറഞ്ഞേക്കും
രാജ്യത്ത് 47,000 കോടി രൂപയുടെ ഐഫോണുകൾ നിർമ്മിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
ഇന്ത്യൻ മൊബൈൽ വിപണി പിടിച്ചടക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. സർക്കാരിന്റെ പ്രൊഡക്ഷൻ- ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ പ്രവർത്തനങ്ങൾ വ്യാപകമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ വിലക്കുറഞ്ഞ ഐഫോൺ എന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ ആഗ്രഹമാണ് സഫലമാകാൻ പോകുന്നത്. നിലവിൽ തെരഞ്ഞെടുത്ത ചില മോഡലുകൾ മാത്രമാണ് രാജ്യത്ത് ആപ്പിൾ നിർമ്മിക്കുന്നത്. ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുന്നവയാണ്. രാജ്യത്ത് ഐഫോണുകൾക്ക് വില വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇറക്കുമതിയിലുണ്ടാകുന്ന ചെലവാണ്. രാജ്യത്ത് ഉൽപ്പാദനം തുടങ്ങുന്നതോടെ ഈ പ്രശ്‌നത്തിനു പരിഹാരമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
പുതിയ പദ്ധതിക്കു കീഴിൽ ആപ്പിളിന്റെ കരാർ നിർമ്മാതാക്കൾ ഈ സാമ്പത്തിക വർഷം രാജ്യത്ത് 47,000 കോടി രൂപയുടെ ഐഫോണുകൾ നിർമ്മിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആപ്പിളിന്റെ വെണ്ടർമാരായ ഫോക്സ്‌കോണും, വിസ്ട്രോണും 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 10,000 കോടി രൂപയുടെ ഐഫോണുകൾ മാത്രമായിരുന്നു നിർമിച്ചിരുന്നത്. 2023 സാമ്പത്തികവർഷത്തിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമായ ഉൽപ്പാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ തീരുമാനം പതിൻമടങ്ങ് കൂടുതലാണ്. പി.എൽ.ഐ. പദ്ധതിക്കു കീഴിൽ നിർമാണം നടത്തുന്ന ഫോക്സ്‌കോൺ, വിസ്ട്രോൺ, പെഗാട്രോൺ പോലുള്ള കരാറുകാർ 8,000 കോടി രൂപയുടെ വ്യക്തിഗത നിർമ്മാണമാണ് നടേത്തണ്ടത്.
ഇന്ത്യയിൽ നിർമിക്കുന്ന ഫോണുകൾ ലോകത്തിന്റെ നാനാഭാഗത്തേയ്ക്കു കയറ്റിയയക്കുകയും ചെയ്യാവുന്നതാണ്. ഇതു രാജ്യത്തിന് വലിയ നേട്ടമാകും. ഈ വർഷം യു.എസ്. സ്മാർട്ട്ഫോൺ വമ്പൻ ഏകദേശം 70 ലക്ഷം യൂണിറ്റുകളുടെ റെക്കോഡ് കയറ്റുമതിക്ക് സാക്ഷ്യം വഹിക്കുമെന്നാണ് വ്യവസായ രംഗത്തെ പ്രമുഖർ വിശ്വസിക്കുന്നത്. ഇത് എക്കാലത്തെയും ഉയർന്ന വിപണി വിഹിതമായ 5.5 ശതമാനത്തിൽ കൂടുതലാണ്.
നിലവിൽ, ആപ്പിളിന്റെ ആഗോള വിൽപ്പനയുടെ 1.5 ശതമാനത്തിൽ താഴെയാണ് ഇന്ത്യയുടെ സംഭാവന. ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ 60 ശതമാനത്തിലധികം കയറ്റുമതിക്കായി ഉപയോഗിക്കാനാണ് ഇപ്പോൾ കമ്പനിയുടെ തീരുമാനം. ചൈനയിലും, വിയറ്റ്‌നാമിലും നിർമ്മാണകേന്ദ്രങ്ങൾ ഒരുക്കിയ വൻകിട കമ്പനികളെ രാജ്യത്തേയ്ക്ക് ആകർഷിക്കുന്നതിനായി 2020ൽ ആയിരുന്നു സർക്കാർ പി.എൽ.ഐ. പദ്ധതി പ്രഖ്യാപിച്ചത്. രാജ്യാന്തരതലത്തിൽ അലയടിച്ച ചൈന വിരുദ്ധ വികാരവും കമ്പനികളെ ഇന്ത്യയിയിലേക്ക് ആകർഷിക്കുന്നതിന് കാരണമായിട്ടുണ്ട്.
പദ്ധതിക്കു കീഴിൽ, സർക്കാർ അഞ്ച് വർഷത്തേക്ക് 4- 6 ശതമാനം ക്യാഷ്ബാക്ക് രൂപത്തിൽ ഇൻസെന്റീവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ മറ്റു രാജ്യങ്ങളിൽ 10- 16 ശതമാനം ആനുകൂല്യം നേടുന്ന കമ്പനികൾക്ക് ഇന്ത്യൻ വിപണികളിലേക്കുള്ള കടന്നുവരവ് സന്തുലിതമാക്കാൻ ഇളവുകൾ വഴിവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 40,995 കോടി രൂപയാണ് പി.എൽ.ഐ. പദ്ധതിയുടെ ആകെ ചെലവ് . അതിൽ ഏകദേശം 40,951 കോടി രൂപയുടെ ഇൻസെന്റീവ് അടങ്കലും, 44 കോടി രൂപയുടെ ഭരണച്ചെലവും ഉൾപ്പെടുന്നുണ്ട്.
വെണ്ടർമാരിലൂടെ ആപ്പിൾ ചൈനയ്ക്കു പുറമേ ഫാക്ടറി വിലയിൽ 85- 90 ബില്യൺ ഡോളറിന്റെ ഐഫോണുകൾ നിർമ്മിക്കാനുള്ള ശേഷി കൈവരിച്ചതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ പദ്ധതിക്കു കീഴിൽ ആപ്പിൾ രണ്ടാം വർഷം ഫാക്ടറി വിലയിൽ ആറു ബില്യൺ ഡോളറിലധികം മൂല്യമുള്ള ഫോണുകൾ നിർമ്മിക്കാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...