ധരിക്കാവുന്ന എയര്‍ കണ്ടീഷനുമായി സോണി വരുന്നു!
റിയോണ്‍ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ എയര്‍ കണ്ടീഷണര്‍ തണുപ്പിക്കാന്‍ മാത്രമല്ല തണുപ്പ് കാലത്ത് ചൂട് കിട്ടുന്ന ഹീറ്ററായും പ്രവര്‍ത്തിക്കും.
ധരിക്കാവുന്ന എയര്‍ കണ്ടീഷന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി സോണി. സോണിയുടെ ക്രൌഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമിന്‍റെ ഭാഗമായാണ് ഈ വെയറബിള്‍ എയര്‍കണ്ടീഷണര്‍ വികസിപ്പിച്ചിരിക്കുന്നത്.
റിയോണ്‍ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ എയര്‍ കണ്ടീഷണര്‍ തണുപ്പിക്കാന്‍ മാത്രമല്ല തണുപ്പ് കാലത്ത് ചൂട് കിട്ടുന്ന ഹീറ്ററായും പ്രവര്‍ത്തിക്കും. വൈന്‍ കൂളര്‍, കാറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന പെല്‍ടയര്‍ എന്ന വസ്തുവാണ് ഈ ഉപകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇന്നര്‍ ബനിയന്‍ പോലുള്ള അടിവസ്ത്രങ്ങളില്‍ ഘടിപ്പിക്കും വിധമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതിന്‍റെ മുകളില്‍ ഷര്‍ട്ടോ മറ്റ് വസ്ത്രങ്ങളോ ധരിക്കാം. ഒപ്പമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍സ് ഉപയോഗിച്ചാണ് റിയോണ്‍ പോക്കറ്റിന്‍റെ താപനില നിയന്ത്രിക്കുന്നത്.
റിയോണ്‍ പോക്കറ്റ് രണ്ട് മണിക്കൂര്‍ നേരം ചാര്‍ജ്ജ് ചെയ്യണം. സോണിയുടെ ഫസ്റ്റ് ഫ്ലൈറ്റ് ക്രൌഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഈ ഉപകരണം ജപ്പാനില്‍ മാത്രമാണ് ലഭ്യമാവുക.
ഇതിന് ഉദ്ദേശം 130 ഡോളര്‍ വരെ വിലയുണ്ടാകും. റിയോണ്‍ പോക്കറ്റ് ഉപകരണത്തിനോപ്പം ഇത് ഘടിപ്പിക്കാനായി പ്രത്യേക അടിവസ്ത്രവും ലഭിക്കും.