പാറ്റ വെറുമൊരു പ്രാണിയല്ല; ജീവന്‍ രക്ഷിക്കുന്ന പാറ്റ റോബോട്ടുകളെ സജ്ജമാക്കി ഗവേഷകര്‍
ചലനങ്ങള്‍ തിരിച്ചറിയാനും, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യമുണ്ടോയെന്ന് നോക്കാനും, ശരീരോഷ്മാവ് കണ്ടെത്താനും റോബോ റോച്ചുകളെ കൊണ്ട് സാധിക്കും
പാറ്റകളെ പലര്‍ക്കും പേടിയാണ്. എന്റോമോഫോബിയ ഉള്ളവരാണെങ്കില്‍ പാറ്റയെ കണ്ടാലുടൻ തന്നെ ആ പരിസരത്ത് നിന്നും ഓടി രക്ഷപ്പെടും. പാറ്റകളുടെ രൂപവും നിറവും ചലന വേഗതയും കാരണമാകാം ആളുകൾ ഇവയെ ഭയപ്പെടുന്നതും ഓടി രക്ഷപ്പെടുന്നതും.
എന്നാല്‍ പാറ്റകൾ ചില സവിശേഷതകളുണ്ട്. ആ സവിശേഷതയെ പഠിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. അതായത് കണ്ടാൽ ഞെട്ടിയോടുന്ന പാറ്റയെ റോബോട്ടായി മാറ്റിയിരിക്കുകയാണ് ഗവേഷകർ. കോക്രോച്ചിനെ റോബോട്ടാക്കിയതിനാല്‍ റോബോ റോച്ച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പാറ്റയുടെ ആകൃതിയും വലിപ്പവും ചലനവേഗതയും പ്രയോജനപ്പെടുത്തുകയാണ് ഗവേഷകർ ചെയ്തത്. അതായത് റോബോ റോച്ചുകളെ ഉപയോഗിച്ച് തകര്‍ന്ന് കിടക്കുന്ന കെട്ടിടത്തിന് അടിയില്‍ കുടുങ്ങിയ ആളുകളെ കണ്ടെത്താൻ കഴിയുമെന്നാണ് ഗവേഷകരുടെ സംഘം പറയുന്നത്.
ചെറിയ ദ്വാരത്തില്‍ കൂടിയും പാറ്റയുടെ വലിപ്പം മാത്രമുളള ഇവയ്‌ക്ക് കടന്ന് ചെല്ലാനാകും. റോബോ റോച്ചുകൾ അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യരുണ്ടോയെന്നും ജീവന്റെ സാന്നിധ്യമുണ്ടോയെന്നും കണ്ടെത്താന്‍ സഹായിക്കും. കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന ഗവേഷണത്തിന്റെ ഫലമായി ഡോ. ഹിരോടാക്ക സാട്ടോയാണ് റോബോ റോച്ചിനെ വികസിപ്പിച്ചത്. സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണദ്ദേഹം.
മഡഗാസ്‌കറില്‍ നിന്നുള്ള പ്രത്യേകതരം ക്രോക്രോച്ചുകളെയാണ് ഗവേഷകര്‍ ഇതിനായി ഉപയോഗിച്ചത്. ഇവയുടെ മുതുകില്‍ ഘടിപ്പിക്കുന്ന സെന്‍സറുകളിളെ അടിസ്ഥാനമാക്കിയാണ് ക്രോക്രോച്ചുകള്‍ ചലിക്കുക. ജീവന്‍ കണ്ടെത്തുന്നതിന് സഹായകമാകുന്ന അല്‍ഗോരിതങ്ങളായിരിക്കും സെന്‍സറുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ റിമോട്ട് കണ്‍ട്രോളിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളാകില്ല.
പാറ്റകളുടെ പുറത്ത് കമ്യൂണിക്കേഷന്‍ ചിപ്പ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സെന്‍സര്‍, മോഷന്‍ സെന്‍സര്‍, ഇന്‍ഫ്രാറെഡ് ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കുന്നു. ഏതൊരു ചലനങ്ങള്‍ തിരിച്ചറിയാനും, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യമുണ്ടോയെന്ന് നോക്കാനും, ശരീരോഷ്മാവ് കണ്ടെത്താനും റോബോ റോച്ചുകളെ കൊണ്ട് സാധിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.