WhatsApp Feature: സ്വന്തം അക്കൗണ്ടിലേക്ക് ഇനി സന്ദേശങ്ങൾ അയയ്ക്കാം; വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഇങ്ങനെ...
സ്വന്തം അക്കൌണ്ടിലേക്ക് സന്ദേശങ്ങൾ അയയ്ക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്.
വാട്സാപ്പ് ഉപയോഗിക്കുമ്പോൾ ഒരു ഫോൺ നമ്പറോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രധാന കാര്യങ്ങൾ സൂക്ഷിക്കണമെങ്കിൽ ഏറ്റവും വേണ്ടപ്പെട്ട ഒരാൾക്ക് അത് അയച്ചിടുകയാണ് നമ്മൾ പതിവായി ചെയ്യാറുള്ളത്. എന്നാൽ ഇനി അതിന്റെ ആവശ്യം വരുന്നില്ല എന്നാണ് വാട്സാപ്പിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന വിവരം. ഒരാൾക്ക് സ്വയം സന്ദേശം അയയ്ക്കാനുള്ള ഓപ്ഷൻ കൊണ്ടുവരാൻ ഒരുങ്ങുകയാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്.
വാട്സാപ്പ് ബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച് ഇപ്പോൾ ആന്‍ഡ്രോയ്ഡ്, ബീറ്റ ആപ്പുകളിൽ ചില ബീറ്റ ടെസ്റ്ററുകൾക്കായി സ്വയം സന്ദേശങ്ങൾ അയയ്ക്കാനുള്ള ഫീച്ചര്‍ പരീക്ഷിക്കുന്നുവെന്നാണ് വിവരം. ആൻഡ്രോയിഡ് 2.22.24.2 അപ്‌ഡേറ്റിനായി വാട്സാപ്പ് ബീറ്റ പുറത്തിറങ്ങിയതിന് ശേഷം തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാര്‍ക്ക് സ്വയം സന്ദേശം അയയ്ക്കാനുള്ള ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് അനുസരിച്ച് കോണ്‍ടാക്റ്റില്‍ 'Me' എന്ന ഒരു കോണ്‍ടാക്റ്റ് കൂടി ആഡ് ചെയ്തിട്ടുണ്ടാകും. ഈ അക്കൗണ്ടിലേക്ക് നിങ്ങള്‍ക്ക് സന്ദേശം അയയ്ക്കാം. ഒരു ലിങ്കോ ഫോൺ നമ്പറോ അങ്ങനെ അത്യാവശ്യമായ എന്തെങ്കിലും ഒന്ന് നിങ്ങൾക്ക് പെട്ടെന്ന് കിട്ടിയെന്ന് കരുതുക. അത് സൂക്ഷിക്കാനായി മറ്റാർക്കും ഇനി അയയ്ക്കണമെന്നില്ല. നിങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് അയയ്ക്കാം. പിന്നീട് ഉപയോഗിക്കാന്‍ സേവ് ചെയ്യാന്‍ ഇത് നല്ല ഓപ്ഷനാണ്.
അതേ സമയം പുതിയ അവതാർ ഓപ്ഷനും വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സെറ്റിംഗ്സില്‍ 'അവതാര്‍' എന്ന ഓപ്ഷൻ വന്നാൽ ഒരു ഉപയോക്താവിന് അവതാര്‍ ക്രിയേറ്റ് ചെയ്യാൻ കഴിയും. ഉപയോക്താക്കൾ അവരുടെ അവതാറുകൾ ഒരുക്കി കഴിയുമ്പോൾ ചാറ്റ് കീബോർഡിലെ അവതാർ പേജ് തുറന്നതിന് ശേഷം അവർക്ക് അവ സ്റ്റിക്കറുകളായി അയയ്ക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...