മണ്ണില്‍ മഞ്ഞ് കൊണ്ടൊരു സ്വര്‍ഗം!
ഭൂമിയില്‍ മഞ്ഞ് കൊണ്ട് തീര്‍ത്തൊരു സ്വര്‍ഗം- അതാണ് മണാലി.
ഭൂമിയില്‍ മഞ്ഞ് കൊണ്ട് തീര്‍ത്തൊരു സ്വര്‍ഗം- അതാണ് മണാലി.
വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി. പ്രകൃതി സൗന്ദര്യം ആസ്വദിക്കുക എന്നതിനപ്പുറം സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയെന്നതാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ മുഖ്യ ലക്ഷ്യം.
ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയായ മണാലിയെപ്പറ്റി ചില കാര്യങ്ങള്‍...
ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്. മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
അതിനാല്‍ റോഡ് മാര്‍ഗ൦ മണാലിയിലേക്ക് യാത്ര ചെയ്യുന്നതാണ് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്‍റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍.
ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്.
മണാലിയില്‍ രണ്ട് പ്രദേശങ്ങളായാണ് തിരിച്ചറിയുന്നത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. ഓള്‍ഡ് മണാലി സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലമാണെങ്കില്‍ മണാലി ടൗണ്‍ ഷോപ്പിംഗ് പ്രിയര്‍ക്ക് ഏറെ പ്രിയങ്കരമായ സ്ഥലമാണ്.
മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താ൦ഗ് പാസ്. മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്.
ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ മണാലിയിലെ ഹോട്ടലുകള്‍ ഏറെ മെച്ചപ്പെട്ടതാണ്. അതിനാല്‍ താമസത്തെ കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കേണ്ട. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോര്‍ട്ട് തുടങ്ങിയ ഹോട്ടലുകള്‍ കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നവയാണ്.
സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുള്ള ഒരിടമാണ് മണാലി. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം.
യാത്രയുടെ ദൂരം കുറച്ചു കൂടി കൂട്ടിയാല്‍ സോളാ൦ഗ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.
ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തല കാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്.
വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്. ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം.
എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം.
മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുതല്‍ രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.