നിഗൂഢ രഹസ്യങ്ങള്‍ ഒളിപ്പിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട് ഈ ലോകത്ത്. അത്തരത്തിൽ  സഞ്ചാരികള്‍ക്ക് എന്നും കൗതുകവും ആവേശവും പകരുന്ന സ്ഥലങ്ങളിലൊന്നാണ് സ്ലോവേനിയയിലെ ഇന്നർ കാർനിയോളയിലുള്ള പ്രെഡ്‌ജാമ കാസിൽ. ഒട്ടേറെ നൂറ്റാണ്ടുകളുടെ പഴമയും ഓരോ ചുവടിലും  മറഞ്ഞിരിക്കുന്ന നൂറായിരം കഥകളും ഈ സ്ഥലത്തിന്‍റെ  പ്രത്യേകതയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സുന്ദര കാഴ്ചകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന സ്ഥലമാണ് ഇത്.  പ്രസിദ്ധമായ പോസ്റ്റോജ്ന ഗുഹയിൽ നിന്ന് 9 കിലോമീറ്റർ മാത്രം അകലെയുള്ള പ്രെഡ്ജാമ എന്ന കൊച്ചു  സ്ലോവേനിയൻ ഗ്രാമത്തിലാണ് പ്രെഡ്ജാമ കാസില്‍ സ്ഥിതി ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തിലെ ഏറ്റവും വലിയ ഗുഹാ കോട്ടയാണ് പ്രെഡ്‌ജാമ കാസിൽ. ഏകദേശം നാനൂറോളം അടി ഉയരമുള്ള മല തുരന്നാണ് ഈ കോട്ടയുടെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ കോട്ട പോലെയാണ് ഇത് തോന്നിക്കുന്നത്. എന്നാൽ  ഉള്ളില്‍ കയറുന്ന ആരെയും അമ്പരിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ കാഴ്ചകളാണ് കാണാൻ സാധിക്കുക. കൊടും തണുപ്പും ഇരുട്ടും പോരാത്തതിന് ഒട്ടനേകം മുറികളും രഹസ്യ വഴികളും ഗുഹയ്ക്കുള്ളിൽ കയറുന്നവരെ കുഴപ്പിക്കും. എവിടെ തുടങ്ങണം എവിടെ അവസാനിക്കണം എന്ന ആശയകുഴപ്പമുണ്ടാക്കുന്ന വഴികളാണ്, എവിടെയാണ് അവസാനിക്കുന്നത് എന്നു കണ്ടെത്താന്‍ പ്രയാസമാണ്.


വാൾ, യുദ്ധ ചുറ്റിക, വില്ലുകൾ, കവചങ്ങൾ ചെറിയ ചാപ്പൽ, കിടപ്പുമുറി,  കുന്തങ്ങൾ,  തുടങ്ങിയ വിവിധ ആയുധങ്ങളുടെ പകർപ്പുകൾ നിറഞ്ഞ മുറികളും ഇവിടെ കാണാൻ സാധിക്കും.  തണുപ്പുകാലത്ത്  ഇവിടം വവ്വാലുകളുടെ കോട്ടയാണ്. ഗുഹയിലെത്തുന്ന സഞ്ചാരികൾ ആദ്യം കോർട്ട് റൂമിലേക്കാണ് കടന്നുചെല്ലുന്നത്. അതിനരികിലായി തടവുകാരെ ഉപദ്രവിച്ചിരുന്ന മുറി കാണാം. ഇതിന് പുറമേ ശൗചാലയവും അടുക്കളയുമുള്ള ഡൈനിങ് റൂം എന്നിവയും കാണാം. മൂന്നാം നിലയില്‍ തുറന്ന ടെറസ്, അതിനടുത്തായി കോട്ടയിലെ ഒരേയൊരു കിടപ്പുമുറിയും കാണാം. 
 
പതിമൂന്നാം നൂറ്റാണ്ടിലാണ്  കോട്ട നിര്‍മിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ജർമൻ നാമമായ ല്യൂഗ് എന്ന പേരിലാണ് കോട്ട ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് കോട്ട  പതിനഞ്ചാം നൂറ്റാണ്ടില്‍ ട്രൈസ്റ്റെയിലെ ഗവർണറായിരുന്ന നിക്കോളജ് ലൂഗറിന്‍റെ മകനും കൊള്ളക്കാരനുമായിരുന്ന ബാരൺ ഇറാസ്മസ് വോൺ ലൂഗിന്‍റെ ഉടമസ്ഥതയിലാവുകയായിരുന്നു. പല കുറ്റ കൃത്യങ്ങൾ ചെയ്ത ശേഷം, പ്രെഡ്ജമ കോട്ടയില്‍ ഇറാസ്മസ് ഒളിച്ചിരുന്നു. എന്നാൽ അന്നത്തെ ചക്രവർത്തിയായിരുന്ന ഫ്രെഡറിക് മൂന്നാമൻ ചതിയിലൂടെ  ഇറാസ്മസിനെ ആക്രമിച്ച്  കൊലപ്പെടുത്തുകയായിരുന്ന. പിന്നീട് ഈ കോട്ട ഒബർബർഗ് കുടുംബം ഏറ്റെടുക്കുകയായിരുന്നു. 


പിന്നീട് 1511-ൽ, പതിനാറാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിൽ പർഗ്സ്റ്റാൾ കുടുംബം നിർമിച്ച രണ്ടാമത്തെ കോട്ട ഒരു ഭൂകമ്പത്തിൽ നശിച്ചിരുന്നു. 1567-ൽ, ഓസ്ട്രിയയിലെ ആർച്ച്ഡ്യൂക്ക് ചാൾസ് ഈ കോട്ട ബാരൺ ഫിലിപ്പ് വോൺ കോബെൻസലിന് പാട്ടത്തിന് നൽകിയിരുന്നു.1570-ൽ, പണി പൂര്‍ത്തിയായ നിലവിലെ കോട്ട നിർമിച്ചിട്ടുള്ളത് നവോത്ഥാന ശൈലിയിലാണ്.


പതിനെട്ടാം നൂറ്റാണ്ടിൽ, കോബെൻസൽ കുടുംബത്തിന്‍റെ പ്രിയപ്പെട്ട വേനൽക്കാല വസതികളിൽ ഒന്നായി കോട്ട മാറിയിരുന്നു. ഓസ്ട്രിയൻ രാഷ്ട്രതന്ത്രജ്ഞനും പ്രശസ്ത ആർട്ട് കളക്ടറുമായ ഫിലിപ്പ് വോൺ കോബെൻസലും നയതന്ത്രജ്ഞനായ കൗണ്ട് ലുഡ്‌വിഗ് വോൺ കോബെൻസലുമെല്ലാം കോട്ടയിൽ സമയം ചെലവഴിക്കാനായി എത്തിയിരുന്നു. 1810-ൽ, മൈക്കൽ കൊറോണിനി വോൺ ക്രോൺബെർഗിന് ഈ കോട്ട അവകാശമായി ലഭിച്ചിരുന്നു.  അദ്ദേഹം1846-ൽ ഇത് വിൻഡിഷ്ഗ്രാറ്റ്സ് കുടുംബത്തിന് വിറ്റതിനെ തുടർന്ന്  രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനം വരെ ഇവരായിരുന്നു ഉടമകള്‍. പിന്നീട് യുഗോസ്ലാവ് കമ്മ്യൂണിസ്റ്റ് അധികാരികൾ കോട്ട കണ്ടുകെട്ടുകയും ദേശസാൽക്കരിക്കുകയും ചെയ്യുകയായിരുന്നു.


മെയ് മുതൽ സെപ്തംബർ വരെയുള്ള സമയത്താണ് ഇവിടം  സന്ദർശകർക്കായി തുറക്കുന്നത്. പ്രെഡ്‌ജാമ കാസിൽ, പോസ്റ്റോജ്ന ഗുഹ എന്നിവയ്ക്കായി ടിക്കറ്റുകൾ ഒരുമിച്ചു വാങ്ങാൻ സാധിക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ഗുഹയ്ക്കും കോട്ടയ്ക്കും ഇടയിൽ ഒരു ഹാൻഡി ഷട്ടിൽ-ബസ് സർവീസ് നടത്തുന്നുണ്ട്. രണ്ടിനുമായി ഒരൊറ്റ ടിക്കറ്റ് വാങ്ങുന്ന സന്ദർശകർക്ക് ഈ യാത്ര സൗജന്യമായിരിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.