മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ കിഴക്കു മാറിയാണ് ചെറു ഗ്രാമമായ വട്ടവട. മൂന്നാര്‍ മേഖലയിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി തേയില കൃഷിക്കല്ല ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വട്ടവടയിലെ മലഞ്ചരിവുകളില്‍ വ്യത്യസ്ത ഇനം പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത് കാണാം.


COMMERCIAL BREAK
SCROLL TO CONTINUE READING

സമുദ്ര നിരപ്പില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത ഈ ഹില്‍ സ്റ്റേഷന്‍ നില കൊള്ളുന്നത്. ധാരാളം സൂര്യ പ്രകാശം ലഭിക്കുന്ന ഇവിടെ ശൈത്യകാലത്തു പോലും താപനില അസഹനീയമായ നിലയില്‍ താഴാറില്ല. പച്ചക്കറി കൃഷി ചെയ്യുന്ന താഴ്‌വാരങ്ങള്‍ക്കപ്പുറം യൂക്കാലി, പൈന്‍ തുടങ്ങിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും താവളമാണ് ഈ മനോഹരഗ്രാമം.


ട്രക്കിംഗിനും അനുയോജ്യമായ പ്രദേശമാണിത്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് നടത്താം. കൊടൈക്കനാല്‍, മാട്ടുപെട്ടി, ടോപ്‌സ്റ്റേഷന്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് കാനനപാതകളുണ്ട്. മലനിരകളിലൂടെ സാഹസികമായ ജീപ്പ് സഫാരി, ബൈക്ക് യാത്ര, കാനനത്തിനുള്ളില്‍ താമസം തുടങ്ങി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി വട്ടവട ഒട്ടേറെ അനുഭവങ്ങള്‍ കാത്തു വച്ചിരിക്കുന്നു. ഈ മേഖലയിലെ സ്വകാര്യ സംരംഭകരാണ് ഇതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നത്.


വട്ടവടയിലെ തദ്ദേശീയരിലേറെയും ഗിരിവര്‍ഗക്കാരാണ്. അവരുടെ ജീവിതശൈലി, കലാരൂപങ്ങള്‍, ഭാഷ, ഒറ്റമൂലികള്‍ എന്നിവ ഏറെ താല്‍പര്യമുണര്‍ത്തുന്നു.


യാത്രാസൗകര്യം


എറണാകുളത്തു നിന്നും കോട്ടയത്തു നിന്നും റോഡു മാര്‍ഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്.
സമീപ റെയില്‍വെ സ്റ്റേഷന്‍ : എറണാകുളം ജംഗ്ഷന്‍, മൂന്നാറില്‍ നിന്ന് 130 കി. മീ.
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മൂന്നാറില്‍ നിന്ന് 110 കി. മീ.


(Content Details:www.keralatourism.org)