Train Derails In Pakistan: പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി; 28 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Train Derailed: ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച്, 28 യാത്രക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെയിൽവേ മന്ത്രി ഖവാജ സാദ് റഫീഖ് പറഞ്ഞു.
കറാച്ചി: തെക്കൻ പാകിസ്ഥാനിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി 28 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തെക്കൻ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ നഗരത്തിന് സമീപമുള്ള സഹാറ റെയിൽവേ സ്റ്റേഷന് സമീപത്താണ് യാത്രാട്രെയിൻ പാളം തെറ്റിയത്. വളരെ വലിയ അപകടമാണ് ഉണ്ടായതെന്ന് റെയിൽവേ മന്ത്രി ഖവാജ സാദ് റഫീഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച്, 28 യാത്രക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാളം തെറ്റിയ ഹസാര എക്സ്പ്രസിൽ ആയിരത്തോളം യാത്രക്കാർ ഉണ്ടായിരുന്നു. മെക്കാനിക്കൽ തകരാറാണോ അട്ടിമറിയാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തും" റെയിൽവേ മന്ത്രി പറഞ്ഞു.
എട്ട് കോച്ചുകൾ പാളം തെറ്റിയതായി റെയിൽവേ ഉദ്യോഗസ്ഥനായ മൊഹ്‌സിൻ സിയാൽ പ്രാദേശിക വാർത്താ മാധ്യമത്തോട് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ചില യാത്രക്കാർ ട്രെയിനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ALSO READ: China restaurant blast: ചൈനയിൽ റസ്റ്റോറന്റിൽ തീപിടിത്തം; 31 പേർ മരിച്ചു
ഒരു ദുരിതാശ്വാസ ട്രെയിൻ സ്ഥലത്തേക്ക് അയച്ചതായി പ്രവിശ്യാ റെയിൽവേ ഉദ്യോഗസ്ഥനായ ഇജാസ് ഷാ എഎഫ്‌പിയോട് പറഞ്ഞു. തെക്ക് തുറമുഖ നഗരമായ കറാച്ചിയിൽ നിന്ന് പുറപ്പെടുന്ന പ്രതിദിന പാസഞ്ചർ ട്രെയിനാണ് ഹസാര എക്സ്പ്രസ്, ഏകദേശം 1,600 കിലോമീറ്റർ വടക്ക് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഹവേലിയനിൽ എത്താൻ ഏകദേശം 33 മണിക്കൂർ എടുക്കും.
2021 ജൂണിൽ സിന്ധിലെ ദഹാർക്കിക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 65 പേർ മരിക്കുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ അപകടത്തിൽ, എതിർ ട്രാക്കിലേക്ക് ഒരു എക്സ്പ്രസ് പാളം തെറ്റി, ഏകദേശം ഒരു മിനിറ്റിനുശേഷം രണ്ടാമത്തെ പാസഞ്ചർ ട്രെയിൻ ആ ട്രെയിനിൽ ഇടിക്കുകയായിരുന്നു. 2019 ഒക്ടോബറിൽ തേസ്‌ഗാം എക്‌സ്‌പ്രസ് ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ 75 യാത്രക്കാർ മരിച്ചു. 2005-ൽ ഘോട്ട്കിയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നൂറിലധികം പേർ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...