Khalistan Attack in London: ഖലിസ്ഥാന്‍ ഇന്ത്യയുടെ മറുപടി ഇങ്ങനെ...ലണ്ടനിൽ ഉയർന്നത് ഭീമൻ ത്രിവർണ പതാക
Indian High Commission in UK: ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിന് മുന്നിലെ ദേശീയ പതാക നീക്കിയതിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഞായറാഴ്ച അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. ഒരു വിഭാഗം ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക അഴിച്ച് മാറ്റിയിരുന്നു. വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിന്റെ ചിത്രങ്ങളും ഖലിസ്ഥാൻ പതാകകളും പോസ്റ്ററുകളുമായാണ് ഒരു കൂട്ടം പ്രതിഷേധക്കാർ എത്തിയത്.
ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിന് മുന്നിലെ ദേശീയ പതാക നീക്കിയതിൽ ഇന്ത്യ ബ്രിട്ടനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഡൽഹിയിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഇതിന് പിന്നാലെ ഖലിസ്ഥാൻ അനുകൂലികൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയിരിക്കുകയാണ്. ലണ്ടനിലെ ഹൈക്കമ്മീഷന് മുന്നിൽ നേരത്തെ സ്ഥാപിച്ചിരുന്ന ദേശീയ പതാകയേക്കാൾ വലിയ പതാക സ്ഥാപിച്ചാണ് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്.
ALSO READ: വ്ലാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ്; അംഗീകരിക്കാതെ റഷ്യ
ത്രിവർണ പതാക അഴിക്കാനായി ഇന്ത്യൻ ഹൈക്കമ്മീഷൻറെ ബാൽക്കണിയിൽ കയറിയ ഖലിസ്ഥാൻ അനുകൂലിയെ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥൻ നേരിടുന്നത് വീഡിയോയിൽ കാണാം. അഴിച്ചുമാറ്റിയ ഇന്ത്യയുടെ ദേശീയ പതാക ഉദ്യോഗസ്ഥൻ തിരിച്ചുവാങ്ങുകയും ഖലിസ്ഥാൻ പതാക താഴേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. ഈ സമയത്ത് ഇന്ത്യൻ ഹൈക്കമ്മീഷന് മതിയായ സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്ന് വീഡിയോയിൽ വ്യക്തമാണ്.
സംഭവത്തിന് പിന്നാലെ സ്ഥലത്തേയ്ക്ക് മെട്രോ പൊളിറ്റൻ പോലീസ് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സംഘർഷത്തിന് പ്രേരണ നൽകിയെന്ന് സംശയിക്കുന്ന ഒരാളെ മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവം ലജ്ജാകരവും തികച്ചും അപലപനീയവുമാണെന്നായിരുന്നു ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസിൻറെ പ്രതികരണം.
അതേസമയം, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്തെ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെ യുഎസിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാർ ഇന്ത്യൻ കോൺസുലേറ്റിന്റെ ചുമരിൽ 'ഫ്രീ അമൃത്പാൽ' എന്ന് സ്പ്രേ പെയിൻറ് ചെയ്യുകയും ഖലിസ്ഥാൻ പതാകകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കോൺസുലേറ്റിന്റെ മുന്നിൽ സ്ഥാപിച്ച ഖലിസ്ഥാനി പതാകകൾ കോൺസുലേറ്റ് ഉദ്യോഗസ്ഥർ നീക്കം ചെയ്തതതോടെ പ്രതിഷേധക്കാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അക്രമികൾ കൂട്ടത്തോടെ വരുന്നത് കണ്ട കോൺസുലേറ്റ് ജീവനക്കാർ ഉടൻ തന്നെ കെട്ടിടത്തിൻറെ വാതിലും ജനലുകളുമെല്ലാം അടച്ചുപൂട്ടി. തുടർന്ന് പതാക ഉപയോഗിച്ച് ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കാൻ ശ്രമിച്ചു. വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ലണ്ടനിലും യുഎസിലുമെല്ലാം ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിക്കുന്നത്. അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പോലീസ് നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അമൃത്പാൽ സിങ്ങിന്റെ വാഹനത്തെ പിന്തുടർന്ന പോലീസ് ജലന്ധറിലെ ഷാഹ്‌കോട്ടിലെ മെഹത്പൂർ ഗ്രാമത്തിൽ വെച്ച് അദ്ദേഹത്തെ വളഞ്ഞെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...