പട്ടിണിയുടെ കൊടുമുടിയിലാണ് അഫ്ഗാനിസ്ഥാൻ. താലിബാൻ അധികാരം പിടിച്ചതുമുതൽ അഫ്ഗാൻ ജനതയ്ക്ക് മേൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് മേൽ പല കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അഫ്ഗാനിൽ കൊടിയ പട്ടിണിമൂലം ആളുകൾ മരിച്ചുവീഴുന്ന സാഹചര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

''ഞങ്ങളുടെ കുഞ്ഞുങ്ങൾ നിർത്താതെ കരഞ്ഞുകൊണ്ടേയിരിക്കുകയാണ്. വിശപ്പ്മൂലം ഉറങ്ങാൻപോലും കഴിയുന്നില്ല. ഞങ്ങൾക്ക് ഭക്ഷണമില്ല. അടുത്തുള്ള ഫാർമസിയിൽ പോയി ഗുളികൾ വാങ്ങി കുഞ്ഞുങ്ങൾക്ക് കൊടുക്കും. അത് കഴിച്ചവർ ഉറങ്ങും'' 


രാജ്യത്തെ വലിയ മൂന്ന് നഗരങ്ങളിലൊന്നായ ഹെറാത്തിൽ താമസിക്കുന്ന അബ്ദുൾ വഹാബിന്റെ വാക്കുകളാണിത്. ആയിരക്കണക്കിന് പേരാണ് മൺവീടുകളിൽ തിങ്ങിപ്പാർക്കുന്നത്. യുദ്ധവും പ്രകൃതിദുരന്തങ്ങളും പേടിച്ച് ഓടിവന്നവരാണ് ഈ നഗരത്തിലുള്ളവരിൽ ഭൂരിഭാഗവും.


വിശന്ന് കരയുന്ന കുഞ്ഞിനെ ഉറക്കാൻ നിങ്ങൾ എത്ര ഗുളികകൾ കൊടുക്കും? അബ്ദുൾ വഹാബിനോട്  ഒരു ദേശീയ ചാനൽ റിപ്പോർട്ടർ ചോദിച്ചു. '' കുറെ കൊടുക്കും. കൃത്യമായി എണ്ണാറില്ല'' വഹാബ് മറുപടി നൽകി.


ഇതിനിടെ അടുത്ത നിന്ന ഗുലാം ഹസ്രത്ത് നീളൻ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് മരുന്നുകളുടെ ഒരു സ്ട്രിപ് എടുത്ത് നീട്ടി. അൽപ്രാസോളം ഗുളികകളാണ് അവ. വിഷാദ രോഗങ്ങൾക്ക് കുറിച്ചുനൽകപ്പെടുന്നവ.
ഗുലാമിന് ആറ് കുട്ടികളാണ് ഉള്ളത്. ഇളയതിന് ഒരു വയസ് പ്രായം. '' ഞാൻ ഈ ഗുളികകൾ ചെറിയ കുഞ്ഞിനും കൊടുക്കാറുണ്ട്'' ഗുലാം പറ‍ഞ്ഞു.


അടുത്തുണ്ടായിരുന്ന മറ്റുള്ളവരും പോക്കറ്റിൽ നിന്നും മരുന്ന് സ്ട്രിപ്പുകൾ ഉയർത്തിക്കാട്ടി. എസ്‌സിറ്റാലോപ്രം, സെർപ്രാലിൻ മരുന്നുകൾ ആണവ. വിഷാദരോഗത്തിനായി ഡോക്ടർമാർ പ്രിസ്ക്രൈബ് ചെയ്യുന്ന ഗുളികകൾ.


പോഷകാഹാരക്കുറവുള്ള ഇത്ര ചെറിയ കുട്ടികളിൽ ഈ ഗുളികകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അറിയാവുന്നവരും ഇതിന് മുതിരുന്നതിന് പിന്നിൽ കുഞ്ഞുങ്ങളുടെ വിശന്നുള്ള കരച്ചിൽ കണ്ടുനിൽക്കാൻ കഴിയാത്തതാണ്. ഇത്തരം മരുന്നുകളുടെ ഉപയോഗം കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, പെരുമാറ്റവൈകല്യങ്ങൾ ഒക്കെയും പരിണിത ഫലങ്ങളാണ്. 


അഫ്ഗാനിലെ ഫാർമസികളിൽ നിന്നും 5 ഗുളികകൾ 10 അഫ്ഗാിസ് തുക കൊടുത്ത് വാങ്ങാം. ഒരു ചെറിയ കഷണം ബ്രെഡിന്റെ വിലയാണത്. ഓരോ വീടുകളിലും കുടുംബാംഗങ്ങൾ ഏറെയുണ്ട്. ബ്രെഡിന്റെ കഷ്ണങ്ങൾ പരസ്പരം വീതംവച്ച് കഴിക്കും. ഒരു സ്ത്രീ പറഞ്ഞു. '' ഞാൻ രാവിലെ ഉണങ്ങിയ ഒരു ബ്രെഡ് മാത്രം കഴിക്കും. രാത്രി വെള്ളത്തിലിട്ട് ഒരു ബ്രെഡും കഴിക്കും''.


ഐക്യരാഷ്ട്ര സഭ പറയുന്നുണ്ട്. അഫ്ഗാനിൽ ഒരു മനുഷ്യ ദുരന്തം ഇതാ സംഭവിക്കാൻ പോകുന്നു എന്ന്. ഹെറാത്ത് നഗരത്തിലെ ആണുങ്ങളെല്ലാം ദിവസവേതനത്തിന് പുറത്ത് ജോലിക്ക് പോകും. പക്ഷേ ആ തുകയ്ക്ക് വർഷം മുഴുവൻ കഴിയുക അവർക്ക് വളരെ പ്രയാസമാണ്.


കഴിഞ്ഞ ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുക്കുന്നത്. അതോടെ പുതിയ അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങൾക്കും വിള്ള‍ൽ വീണു. വിദേശഫണ്ടുകൾ അഫ്ഗാനിലേക്ക് എത്തുന്നത് തടയപ്പെട്ടു. സാമ്പത്തിക അരക്ഷിതാവസ്ഥയിലായ രാജ്യത്ത് പലർക്കും ജോലി നഷ്ടപ്പെട്ടു.  ജോലി ഉള്ളവരിൽ പലർക്കും എല്ലാ ദിവസവും ഉണ്ടാവുകയും ഇല്ല.


എവിടെനോക്കിയാലും പട്ടിണിക്കോലങ്ങളാണ് ഇപ്പോൾ. പട്ടിണി സഹിക്കവയ്യാതെ മൂന്ന് മാസം മുമ്പ് സ്വന്തം വൃക്ക വിറ്റ അമറും ഉണ്ട് അക്കൂട്ടത്തിൽ. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുറിവുകൾ ഉണങ്ങാതെ അമറിന്റെ  ശരീരത്തിൽ ഇപ്പോഴുമുണ്ട്. 29 വയസിൽ താഴെയെ അവന് പ്രായമുള്ളൂ. 


'' എനിക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ കിഡ്നി വിൽക്കാമെന്ന് കേട്ടിരുന്നു. ഞാൻ അവിടെചെന്നു. കുറച്ച് ആഴ്ചകൾക്ക് ശേഷം ആശുപത്രിയിലേക്ക് ചെല്ലാൻ പറഞ്ഞ്  ഫോൺ കോൾ വന്നു. അവർ കുറച്ച് പരിശോധനകൾ നടത്തി. ഏതോ മരുന്ന് കുത്തിവച്ചപ്പോൾ ഞാൻ ബോധരഹിതനായി. എനിക്ക് പേടിയുണ്ടായിരുന്നു. എന്നാൽ  മുന്നിൽ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല'' . 


2,70,000 അഫ്ഗാനിസ് തുകയാണ് അവന് ലഭിച്ചത്. ഏകദേശം 3,100 ഡോളർ. ആ തുകയ്ക്ക് അമർ വീട്ടിലുള്ള എല്ലാവർക്കും ഭക്ഷണം വാങ്ങിനൽകി. '' ഇന്ന് രാത്രി ആഹാരം കഴിച്ചാൽ പിന്നെ അടുത്ത ദിവസം ഞങ്ങൾ ഒന്നും കഴിക്കില്ല. കിഡ്നി വിറ്റശേഷം എനിക്ക് ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടമായി. ഞാൻ മരിച്ചുപോകുമെന്നാണ് എനിക്ക് തോന്നുന്നത്''. അമറിന്റെ വാക്കുകൾ വേദനയിൽ മുറിഞ്ഞു.


പണത്തിനായി അന്തരികാവയവങ്ങൾ വിൽക്കുന്നത് അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ പുതിയ കാര്യമല്ല. താലിബാൻ ഭരണത്തിലേറിയത് മുതൽ ഇതൊക്കെ സാധാരണമായി എന്നാണ് പറയുന്നത്. അത്രമേൽ ആ ജനത ജീവൻ പിടിച്ചുനിർത്താനായി കഷ്ടപ്പെടുന്നുണ്ട്. 


അധികം പ്രായമില്ലാത്തൊരു സ്ത്രീ ഏഴ് മാസം മുമ്പാണ് കടം വീട്ടാനായി സ്വന്തം വൃക്ക വിറ്റത്. ഉപജീവനമാർഗത്തിനായി അവർ ആടുകളെ വാങ്ങിയിരുന്നു. അവയെല്ലാം വെള്ളപ്പൊക്കത്തിൽ പെട്ട് ചത്തുപോയി. ആ കടം വീട്ടാനാണ് ആ സ്ത്രീ വൃക്ക വിറ്റത്.  കിട്ടിയ ഏകദേശം 2,700 ഡോളർ തുക പക്ഷേ അവരുടെ കടം വീട്ടാൻ തികഞ്ഞതുമില്ല. '' വേറെ നിവൃത്തിയില്ല, ഞങ്ങളുടെ രണ്ട് വയസ് മാത്രമുള്ള കുഞ്ഞിനെ വിൽക്കാൻ പോവുകയാണ്. കടം വാങ്ങിയ തുക നൽകാൻ കഴിവില്ലെങ്കിൽ കുഞ്ഞിനെ തരാൻ പറഞ്ഞ് ആളുകൾ ഭീഷണിപ്പെടുത്തുകയാണ്. '' അവൾ പറഞ്ഞു. 


''എനിക്ക് ആകെ നാണക്കേട് തോന്നുന്നു. ചിലപ്പോൾ ഓർക്കും ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത് ആണെന്ന്.'' അവളുടെ ഭർത്താവിന്റെ വാക്കുകളാണ്. കടംവീട്ടാനും പട്ടിണി മാറ്റാനും പെൺമക്കളെ വിൽക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളും അഫ്ഗാനിൽ പുതുമയല്ലാതായി മാറിയിരിക്കുന്നു.


'' ഞാൻ എന്റെ അഞ്ച് വയസുള്ള മകളെ വിറ്റത് 1,00,000 അഫ്ഗാനിസ് തുകയ്ക്കാണ്. '' നിസാമുദ്ദീൻ പറഞ്ഞു. ഒരു കിഡ്നി വിറ്റാലും കിട്ടുന്ന കുറഞ്ഞതുകയാണത്. മുഴുപട്ടിണി ആളുകളുടെ അന്തസ് പോലും കെടുത്തിയിരിക്കുന്നു. 


'' മതാചാരപ്രകാരം ഞങ്ങൾ ചെയ്യുന്നതൊക്കെ തെറ്റാണ്. ഞങ്ങളുടെ കുട്ടികളുടെ ജീവിതം ഞങ്ങൾ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പക്ഷേ മറ്റെന്ത് വഴിയാണ് മുന്നിലുള്ളത്?'' ചോദിക്കുന്നത് ഇസ്ലാം മതപണ്ഡിതനായ അബ്ദുൾ ഗഫാർ ആണ്.


'' കയ്യിൽ പണമില്ല. അടുത്ത മുസ്ലീം പള്ളിയിൽ മകളെ വിൽക്കാനുണ്ടെന്ന കാര്യം അനൗൺസ് ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്'' പറയുന്നത് നാല് വയസുകാരി നസിയയുടെ പിതാവ് ആണ്. '' തെക്കൻ പ്രവിശ്യയായ കാണ്ഡഹാറിലെ ഒരു കുടുംബത്തിലെ പയ്യൻ അവളെ വിവാഹം കഴിക്കും. അവളെ വിറ്റപണം രണ്ട് പ്രാവശ്യമായി ആ കുടുംബം നൽകിയിട്ടുണ്ട്. പണത്തിൽ അധികപങ്കും ചെലവഴിച്ചത് വീട്ടിലേക്ക് ഭക്ഷണം വാങ്ങാനും ഇളയ മകന് മരുന്നുകൾ വാങ്ങാനും ആണ്. അവന് പോഷകാഹാരക്കുറവുണ്ട്.''  ഇളയ മകന്റെ ഷർട്ട് ഉയർത്തി  വീർത്ത വയറുകൾ ചൂണ്ടിക്കാട്ടി നസിയയുടെ പിതാവ് പറ‍ഞ്ഞു.


അഫ്ഗാനിസ്ഥാനിൽ 5 വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ പോഷകാഹാരക്കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. MSF എന്ന സംഘടന വഴി പോഷകാഹാരക്കുറവിനുള്ള ചികിത്സയിൽ കഴിഞ്ഞ വർഷം 47 ശതമാനം വർധയുണ്ടായി.  ഹെറാത്ത് നഗരത്തിൽ MSF ന്റെ ഒരു സെന്റർ പ്രവർത്തിക്കുന്നുണ്ട്. സമീപ പ്രദേശമായ ഘോറിലും ബാഡ്‌ഗിസിലും പോഷകാഹാരക്കുറവ് നിരക്ക് 55 ശതമാനം വർധിച്ചു. 14 മാസം പ്രായമുള്ള ഒമിദ് എന്ന കുട്ടിയെ MSFൽ ചികിത്സയ്ക്ക് എത്തിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവിനൊപ്പം ഹെർണിയയും ബാധിച്ചിട്ടുണ്ട്. നാല് കിലോഗ്രാം മാത്രമാണ് തൂക്കം. 


ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനായി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ് അഫ്ഗാൻ ഭരണകൂടത്തിന്റെ പ്രതികരണം. ജോലികൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. പട്ടിണി എന്നത് സാവധാമുള്ള സൈലന്റ് കില്ലറാണ്. ഇതിന്റെ ആഘാതം പെട്ടെന്ന് ദൃശ്യമാകണമെന്നില്ല. താലിബാൻ ഭരണത്തിൻകീഴിൽ അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര സഹായങ്ങൾ ഇല്ലാതാകുമ്പോൾ അവിടത്തെ ജനങ്ങൾ മരണത്തോട് മല്ലിടുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.