ആലപ്പോ: ആലപ്പോയിലെ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാലന്‍റെ ദൃശ്യങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഭയചകിതനും ക്ഷീണിതനുമായ ബാലന്‍ ആംബുലന്‍സിലെ ഓറഞ്ചു കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ബാലന്‍റെ മുഖം നിറയെ ചോരയും മണ്ണും പൊടിയും പറ്റിപ്പിടിച്ചിരിക്കുകയാണ്. സിറിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ നടക്കുന്ന ഭീകരത വെളിപ്പെടുത്തുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചു വയസുകാരനായ ഒമ്രാന്‍ ദക്‌നീഷാണ് ഈ ബാലനെന്ന് ആലപ്പോയിലെ ഡോക്ടര്‍ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രിയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഖട്ടര്‍ജി ജില്ലയിലുണ്ടായ വ്യോമാക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ബാലനെ എം 10 എന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഒസാമ അബു അല്‍-ഇസ സഥിരീകരിച്ചു. തലച്ചോറിന് ക്ഷതമേറ്റിട്ടില്ലെന്നും ബാലനെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.


ആലപ്പോയിലെ ഡോക്ടര്‍മാര്‍ ആശുപത്രികളെ കോഡുകളുപയോഗിച്ചാണ് പരാമര്‍ശിക്കുന്നത്. വ്യോമാക്രമണം നടക്കുമെന്ന് ആശങ്കയെ തുടര്‍ന്നാണിത്. സുരക്ഷ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ റെക്കോഡുകള്‍ ചോര്‍ത്തി ഒരു ആശുപത്രിയില്‍ നിന്ന് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ആംബുലന്‍സിനു നേരെ ആക്രമണം നടത്തുമെന്ന് ഭയക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അബു അല്‍-ഇസ പറഞ്ഞു.


അതേസമയം സിറിയയിലെ സര്‍ക്കാര്‍ ജയിലകളില്‍ 18,000 പേര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ആംനെസ്റ്റി പുറത്തുവിട്ടിരിക്കുന്നത്. 2011 മുതല്‍ സിറിയന്‍ ജയിലുകളില്‍ 18,000 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വെളിപ്പെടുത്തുന്നു.