ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ക്ക് സഹായഹസ്തവുമായി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍. ദുര്‍ഗാപൂജകളുടെ ചെലവുകള്‍ വെട്ടിക്കുറച്ച് ആ പണം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ തീരുമാനം. രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള പൂജാഘോഷ കമ്മിറ്റികള്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 25 ന് റാഖൈന്‍ മേഖലയിലെ ചെക്ക് പോസ്റ്റ് ആക്രമിക്കപ്പെട്ടതിന് പിറകെയാണ് മ്യാന്‍മറില്‍ ഇപ്പോഴത്തെ സംഘര്‍ഷം ഉടലെടുത്തത്. നാലു ലക്ഷത്തിലധികം വരുന്ന റോഹിങ്കയന്‍ മുസ്ലീമുകളും ഹിന്ദുക്കളും റാഖൈന്‍ മേഖലയില്‍ നിന്ന് കൂട്ടപ്പലായനം നടത്തുകയാണിപ്പോള്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ യു.എന്‍ മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന പ്രസ്താവനയാണ് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചിയില്‍ നിന്നുണ്ടായത്. 


റോഹിങ്ക്യന്‍ അഭിയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കുമെന്ന് ബംഗ്ലാദേശ് പ്രഖ്യാപിച്ചിരുന്നു. നിരവധി റോഹിങ്ക്യകള്‍ അഭയം തേടി ബംഗ്ലാദേശില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മതിയായ സൗകര്യം ഒരുക്കുന്നതിന് ബംഗ്ലാദേശ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 


അതേസമയം റോഹിങ്ക്യര്‍ അഭയാര്‍ത്ഥികളല്ല, അനധികൃത കുടിയേറ്റക്കാരാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. റോഹിങ്ക്യകള മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം ഇല്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.