ലോസ് ഏയ്ഞ്ചല്‍സ്:  ബോക്‌സിംഗ്  റിംഗിലെ ഇടിമിന്നല്‍ മുഹമ്മദ്  അലി(74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.1974ല്‍ ഹെവി വെയ്റ്റ് വിഭാഗത്തില്‍ ലോക ബോക്സിങ്ങ് പട്ടം നേടുമ്പോള്‍ ആതിഥേയത്വം വഹിച്ചത് കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയാണ്. 1981ല്‍ അദ്ദേഹം മത്സരങ്ങളോട് വിടപറഞ്ഞിരുന്നു. 1984ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പാർക്കിൻസൺസ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. കൂടാതെ  അണുബാധയും ന്യൂമോണിയയും മൂലം പലതവണ അദ്ദേഹത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെങ്കിലും ഇന്ന് അന്തരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കയിലെ കെന്റക്കിയിൽ 1942 ജനുവരി 17ന് കാഷ്യസ് മാർസലസ് ക്ലേ സീനിയറിന്റേയും ഒഡേസ ഗ്രേഡി ക്ലേയുടേയും മകനായി പിറന്ന  കാഷ്യസ് ക്ലേ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964ൽ മുഹമ്മദ് അലി എന്ന് പേരു മാറ്റി. . പന്ത്രണ്ടാം വയസ്സില്‍ പിതാവ് തനിക്ക്  സമ്മാനിച്ച സൈക്കിൾ മോഷണം പോയതാണ് കാഷ്യസ് ക്ലേയുടെ ജീവിതത്തെ മാറ്റി മറിച്ചത്. ആ സൈക്കിൾ തേടി അലഞ്ഞ ക്ലേയെയും അനുജൻ ദഡോൾഫിനെയും അന്ന് പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥൻ ജോ മാർട്ടിൻ തന്‍റെ കൊളംബിയ ജിംനേഷ്യത്തിലേക്കു ക്ഷണിച്ചത്തോടെ ക്ലേയുടെ ജീവിതത്തിന് വഴിത്തിരിവായി. ജിംനേഷ്യത്തിൽ ചേർന്ന് ബോക്സിംഗ് പരിശീലിക്കാൻ ജോ,​ അലിയെ പ്രേരിപ്പിച്ചു. പരിശീലനം ആരംഭിച്ചു ആറാഴ്ച പിന്നിട്ടപ്പോൾ ക്ലേ ബോക്സിംഗ് റിംഗിൽ ആദ്യ വിജയം നേടി.


18 വയസുള്ളപ്പോൾ അലി 108 അമേച്വർ ബോക്സിംഗ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 19ആം വയസിൽ 1960ലെ റോം ഒളിംപിക്‌സിൽ ലൈറ്റ് ഹെവിവെയ്‌റ്റ് (81 കിലോ) ബോക്‌സിങ് സ്വർണം നേടിയ ക്ലേ പ്രശസ്‌തിയിലേക്ക് അതിവേഗം ഉയര്‍ന്നു. 1964ൽ ഇസ്‌ലാം മതം സ്വീകരിച്ചതോടെ ക്ലേ, മുഹമ്മദ് അലിയായി. 1964ൽ ലോകകിരീടം സ്വന്തമാക്കിയെങ്കിലും 1967ൽ അദ്ദേഹത്തിന് തിരിച്ചു കൊടുക്കേണ്ടി വന്നു.


എന്നാല്‍ 1974 ഒക്‌ടോബർ 30ന് അലി വീണ്ടും ലോകചാംപ്യൻ ആയി. ആറു മാസത്തിനു ശേഷം ലാസ് വെഗാസിൽ റോൺ ലൈലിയെ തോൽപിച്ച് കിരീടം നിലനിർത്തുകയും ചെയ്തു. 1978ൽ 15 റൗണ്ട് നീണ്ടുനിന്ന മൽസരത്തിൽ അലിയെ തോൽപിച്ച് ലിയോൺ സ്‌പിങ്ക്‌സ് ലോക ചാംപ്യനായി. എന്നാല്‍ ഏതാനും മാസങ്ങൾക്കുശേഷം സ്‌പിങ്ക്‌സിനെ തകർത്ത് അലി വീണ്ടും ലോക കിരീടം തിരിച്ചെടുത്തു. 1981ല്‍  കാനഡയുടെ ട്രവർ ബെർബിക്കിനോട് തോറ്റതോടെ  അലി തന്‍റെ കായിക ജീവിതം അവസാനിപ്പിച്ചു.