BTS Story: സംഗീതത്തിലൂടെ സൈന്യത്തെ സൃഷ്ടിച്ച ബിടിഎസ്; പത്ത് വർഷത്തെ യാത്ര... പുതിയ വെളിപ്പെടുത്തലുകൾ
BTS reveal their story: ആർമി ഡേയിൽ (ബിടിഎസ് ആർമി ഡേ ജൂലൈ ഒമ്പത്), ബിടിഎസ് അവരുടെ ആദ്യ പുസ്തകം `ബിയോണ്ട് ദി സ്റ്റോറി: 10-ഇയർ റെക്കോർഡ് ഓഫ് ബിടിഎസ്` എന്ന പേരിൽ പുറത്തിറക്കി. ലോകത്തിന് അറിയാത്ത നിരവധി വെളിപ്പെടുത്തലുകളാണ് ബിടിഎസ് പുസ്തകത്തിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ആഗോളതലത്തിൽ പ്രശസ്തമായ കൊറിയൻ മ്യൂസിക് ബാൻഡ് ആയ ബിടിഎസ് അടുത്തിടെ അവരുടെ 10 വർഷത്തെ യാത്ര ആഘോഷമാക്കി. ഈ യാത്രയിൽ അതുല്യമായ, അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച് ബിടിഎസ് മുന്നേറി. ഈ നാഴികക്കല്ലിന്റെ സ്മരണയ്ക്കായി, ആർമി ഡേയിൽ (ബിടിഎസ് ആർമി ഡേ ജൂലൈ ഒമ്പത്), ബിടിഎസ് അവരുടെ ആദ്യ പുസ്തകം 'ബിയോണ്ട് ദി സ്റ്റോറി: 10-ഇയർ റെക്കോർഡ് ഓഫ് ബിടിഎസ്' എന്ന പേരിൽ പുറത്തിറക്കി. ലോകത്തിന് അറിയാത്ത നിരവധി വെളിപ്പെടുത്തലുകളാണ് ബിടിഎസ് പുസ്തകത്തിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ആർഎം, ജിമിൻ, ജെ ഹോപ്, ജിൻ, സുക, ജുങ്കൂക്ക്, വി എന്നിവരാണ് ബിടിഎസിലെ അംഗങ്ങൾ. ഇവർ ഏഴ് പേരും ചേർന്നാണ് പുസ്തകം രചിച്ചത്. പുസ്തക രചനയിൽ സഹായിച്ചത് പത്രപ്രവർത്തകനായ മിയോങ്‌സിയോക് കാങ് ആണ്. ബിഗ്‌ഹിറ്റ് മ്യൂസിക്ക് വ്യക്തമാക്കുന്നതുസരിച്ച്, ബിടിഎസിന്റെ അരങ്ങേറ്റത്തിന് മുമ്പുള്ള കാലഘട്ടം മുതൽ ഇന്നുവരെ വ്യാപിച്ചുകിടക്കുന്ന സംഗീത യാത്രയുടെ കാലാനുസൃതമായ ഒരു അവലോകനം ഈ പുസ്തകം നൽകുന്നു.
അവരുടെ ഭാവി ശ്രമങ്ങളെക്കുറിച്ചുള്ള കാഴ്ചകളും പുസ്തകത്തിൽ വ്യക്തമാക്കുന്നു. ബിടിഎസും അവരുടെ ആരാധകവൃന്ദമായ ആർമിയും തമ്മിലുള്ള അടുപ്പവും വ്യക്തമാക്കുന്നതാണ് 'ബിയോണ്ട് ദി സ്റ്റോറി: 10-ഇയർ റെക്കോർഡ് ഓഫ് ബിടിഎസ്' എന്ന പുസ്തകം. ബിടിഎസിന്റെ ആദ്യ ഔദ്യോഗിക പുസ്തകമാണ് ‘ബിയോണ്ട് ദ സ്റ്റോറി’, അതിൽ ബിടിഎസിന്റെ അരങ്ങേറ്റത്തിനു മുമ്പുള്ള ദിനങ്ങൾ മുതൽ ഇന്നുവരെയുള്ള സംഗീത ജീവിതത്തിന്റെ കാലക്രമ സംഗ്രഹവും അവരുടെ ഭാവി ശ്രമങ്ങൾക്കായുള്ള പ്രതീക്ഷകളും അടങ്ങിയിരിക്കുന്നു. ബിടിഎസിനും ആർമിക്കും ഇടയിൽ പങ്കുവയ്ക്കപ്പെടുന്ന ഒരു കഥയ്ക്ക് അപ്പുറം ഒരു "കാൻഡിഡ് റെക്കോർഡ്" ആയി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിജയത്തിലേക്കുള്ള യാത്രയിൽ ബിടിഎസ് അംഗങ്ങൾ അഭിമുഖീകരിച്ച വ്യക്തിപരമായ പോരാട്ടങ്ങളിലേക്കും വെല്ലുവിളികളിലേക്കും വെളിച്ചം വീശുന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ പുറത്ത് വന്നു. ഓരോ അംഗവും തങ്ങൾ അഭിമുഖീകരിച്ച വെല്ലുവിളികളെക്കുറിച്ചും പത്ത് വർഷത്തെ യാത്രയിൽ അവർക്ക് തരണം ചെയ്യേണ്ടിവന്ന പ്രതിബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്.
കെ-പോപ്പ് ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ള പ്രവണതയിൽ നിന്ന് വ്യതിചലിച്ച്, പുതിയ തീമുകൾ കൊണ്ടുവരികയും അവയെ പിന്തുടരുകയും ചെയ്തു. 2016-ലെ ആൽബം 'വിംഗ്സ്' ആണ് ശ്രദ്ധേയമായ ഒരു ഉദാഹരണം. ബിടിഎസ് വലിയ സംഗീത ബ്രാൻഡായി വളർന്നതോടെ തങ്ങൾ നിരന്തരം കരിയറിൽ മാത്രം ശ്രദ്ധിച്ചുവെന്നും ഒരു വ്യക്തി ഇത്രത്തോളം ക്ഷീണിതനായിരിക്കുന്നത് ശരിയാണോയെന്ന് താൻ ചിന്തിച്ചുവെന്നും ജിൻ പറയുന്നു.
ഇംഗ്ലീഷ് മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുന്നതിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് ആർവി പറയുന്നത്. ദൂരവ്യാപകമായ അനന്തരഫലങ്ങൾ ഉണ്ടാക്കിയേക്കാവുന്ന തെറ്റുകൾ വരുത്തുന്നതിനെ കുറിച്ച് പലപ്പോഴും വ്യാകുലപ്പെട്ടിരുന്നു. ബിടിഎസിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക വ്യക്തിയാണ് ആർവി. ഇക്കാര്യത്തിൽ മാനസികമായി തകർന്ന അവസ്ഥ വരെയുണ്ടായെന്ന് ആർവി വെളിപ്പെടുത്തുന്നു.
ഒരു കാലയളവിൽ കരാർ പുതുക്കൽ ചർച്ചാവിഷയമായി, ബിടിഎസ് പിരിച്ചുവിടാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നു. ഏഴ് അംഗങ്ങളും തമ്മിലുള്ളത് ശക്തമായ ബന്ധമാണ്. ഒരാൾ പോയാൽ പോലും, ഗ്രൂപ്പിന്റെ നിലനിൽപ്പ് അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന് ജിൻ പറയുന്നു. പ്രശസ്തിയുടെ സമ്മർദ്ദവും നേരിടുന്നതിൽ ഓരോ അംഗവും നേരിട്ട വ്യക്തിപരമായ വെല്ലുവിളികളിലേക്കും പുസ്തകം വെളിച്ചം വീശുന്നു. ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജുങ്കൂക്ക് സമ്മർദ്ദം താങ്ങാൻ കഴിയാതെ മദ്യത്തിൽ അഭയം തേടുന്ന സാഹചര്യത്തിലേക്കെത്തി. തന്റെ സ്വരത്താലും നൃത്തത്താലും പ്രശസ്തനായ ജിമിൻ സ്വയം ഒറ്റപ്പെട്ടുകൊണ്ട് ആശ്വാസം തേടി.
ജിമിനും ജുങ്കൂക്കും ഒരുമിച്ച് ഒരു മ്യൂസിക് വീഡിയോ ചിത്രീകരിക്കാൻ ചെലവഴിച്ച ഒരു രാത്രിയുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കിട്ടു. “ഒരിക്കൽ ചിത്രീകരണത്തിന് ശേഷം, ഞാൻ ഒറ്റയ്ക്ക് മദ്യപിക്കാൻ പോയി, എനിക്ക് വല്ലാത്ത നിരാശ തോന്നി. ഞാൻ എന്റെ ക്യാമറയിൽ ഫോട്ടോകൾ എടുക്കുന്ന സമയമായിരുന്നു അത്. അതിനാൽ, ഞാൻ എന്റെ ഫോൺ ക്യാമറ എന്റെ മുന്നിൽ സജ്ജീകരിച്ചു, ഞാൻ ഒരു യുട്യൂബ് സ്ട്രീം ചെയ്യുന്നതുപോലെ എന്നോട് തന്നെ സംസാരിച്ചു. അതേ സമയം ഞാൻ മദ്യപിച്ചു. എന്നാൽ പെട്ടെന്ന് ജിമിൻ പ്രത്യക്ഷപ്പെട്ടു," ജുങ്കൂക്ക് പുസ്തകത്തിൽ ഓർക്കുന്നു.
കഥയുടെ മറുവശം പങ്കുവെച്ചുകൊണ്ട് ജിമിൻ വെളിപ്പെടുത്തി, "ഞാൻ ജുങ്കൂക്കിനെക്കുറിച്ച് അൽപ്പം ആശങ്കാകുലനായിരുന്നു, അതിനാൽ ഞാൻ ജീവനക്കാരോട് ജുങ്കൂക്കിനെക്കുറിച്ച് ചോദിച്ചു, അവൻ മദ്യപിക്കാൻ പോയെന്ന് അവർ പറഞ്ഞു. ജുങ്കൂക്ക് സ്വയം വീഡിയോ ചിത്രീകരിക്കുന്നത് കണ്ടു. ഞാൻ അകത്ത് കയറിയപ്പോൾ, ജുങ്കൂക്ക് ഒറ്റയ്ക്ക് ക്യാമറയ്ക്ക് മുന്നിലിരുന്ന് മദ്യപിക്കുകയാണ്. അങ്ങനെയാണ് ഞങ്ങൾ സംസാരിച്ചത്," ജിമിൻ ഓർമ്മകൾ പങ്കുവച്ചു.
"ഞങ്ങൾ സംസാരിച്ചതൊന്നും എനിക്ക് ഓർമ്മയില്ല, പക്ഷേ ജിമിൻ വന്നതിൽ ഞാൻ വളരെ ആവേശഭരിതനായി. കാരണം അവൻ എന്നെ ആശ്വസിപ്പിക്കാൻ വന്നതാണ്," ജുങ്കൂക്ക് കൂട്ടിച്ചേർത്തു. "അവൻ പറയുന്നത് കേട്ട്, അവൻ എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കി, ഞാൻ ഒരുപാട് കരഞ്ഞു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. ജുങ്കൂക്ക് അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ശ്രമിച്ചു." ജിമിൻ പറഞ്ഞു.
കൊറിയൻ പാട്ടുസംഘത്തിന്റെ പുസ്തകം കഥയല്ല കഠിനാധ്വാനത്തിലൂടെയുള്ള യാത്രയിലെ ഓർമ്മകളാണ്. ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റ് കമ്പനിയാണ് 2010 ൽ കൊറിയൻ ബാൻഡ് ആയ ബിടിഎസ് രൂപീകരിച്ചത്. ഓഡിഷൻ നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ആയിരക്കണക്കിന് മത്സരാർഥികളിൽ നിന്ന് ഒടുവില്‍ ആ ഏഴ് പേർ തിരഞ്ഞെടുക്കപ്പെട്ടു. ആ ഏഴ് പേരാണ് ലോകവേദികളെ അടക്കിവാണ, ആരാധകരുടെ സൈന്യത്തെ സൃഷ്ടിച്ച പാട്ടിന്റെ വിസ്മയം തീർത്ത് 'ഏഴ് പയ്യന്മാർ'. വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്ന് വന്ന അവർക്ക് ഓരോരുത്തർക്കും ഓരോ കഥയാണ് പറയാനുണ്ടായിരുന്നത്.
ആർഎം
ബിടിഎസിന്റെ നായകനാണ് ആർഎം എന്ന റാപ് മോൺസ്റ്റർ. ഐക്യു ലെവൽ 148 ഉള്ള സമർഥൻ. കവിതകൾ എഴുതുന്ന, സംഗീതം ഇഷ്ടപ്പെടുന്ന മകൻ പാട്ടിന്റെ വഴിയേ പോകുന്നതിനോട് മാതാപിതാക്കൾക്ക് എതിർപ്പായിരുന്നു. എഴുതിയ പാട്ടിന്റെ വരികൾ ആരും കാണാതെ ഒളിച്ചുവച്ചെങ്കിലും ഒരു ദിവസം അമ്മ പിടികൂടി. എല്ലാം നശിപ്പിച്ചു. പതിമൂന്നാം വയസിൽ അമച്വർ ഹിപ് ഹോപ് കൂട്ടായ്മകളിൽ സജീവമായി ആർഎം. ഇതിനെയെല്ലാം അമ്മ എതിർത്തു. എന്നാൽ ‘അമ്മയുടെ മകൻ ഒന്നാം നമ്പർ റാപ്പർ ആകണോ അതോ ആയിരം വിദ്യാർഥികളിൽ ഒരുവൻ ആകണോ’ എന്ന ആർഎമ്മിന്റെ ചോദ്യം അമ്മയുടെ മനസ്സിനെ മാറ്റി. ഒടുവിൽ ആർഎം ലോകവേദികളിലെത്തി. ബിടിഎസിന്റെ നായകനായി.
വി
കർഷക കുടുംബത്തിലായിരുന്നു വിയുടെ ജനനം. മകന്റെ കലാജീവിതത്തിന് പിന്തുണ നൽകി ഒപ്പം നിന്ന മാതാപിതാക്കൾ. ചെറുപ്പം മുതൽ വി സാക്സോഫോൺ പരിശീലിച്ചിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കവേ ഓഡിഷനിൽ പങ്കെടുത്ത് ബിടിഎസിൽ എത്തി. ലോകം കീഴടക്കിയ ഏഴ് പയ്യന്മാരിൽ ഒരാളായി വി.
ജെ ഹോപ്
കുട്ടിക്കാലം മുതൽ നൃത്തത്തിൽ മികവുണ്ടായിരുന്നു ജെ ഹോപിന്. സ്കൂൾ കാലത്തുതന്നെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു ജെ ഹോപ്. നൃത്തം കരിയർ ആക്കുന്നതിനെ അച്ഛൻ എതിർത്തു. എന്നാൽ, അമ്മ ജെ ഹോപ്പിന് ഒപ്പം നിന്നു. പിന്നീട് നൃത്തവുമായി മുന്നോട്ട് പോയി. ബിടിഎസില്‍ എത്തിയതോടെ ജെ ഹോപ്പിന്റെ ചുവടുകളെ ലോകം വിസ്മയത്തോടെ നോക്കി. മകന്റെ നേട്ടങ്ങളിൽ അച്ഛനും അഭിമാനമായി.
സുക
ശമ്പളം പോലുമില്ലാതെ റെക്കോർഡിങ് സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്ന കാലം പിന്നിട്ടാണ് സുക എത്തിയത്. പാട്ടിനോടുള്ള അഭിനിവേശത്താൽ സുക താണ്ടിയത് കല്ലും മുള്ളും നിറഞ്ഞ ജീവിത പാതകളായിരുന്നു. കഷ്ടപ്പാടും കഠിനാധ്വാനവും കൊണ്ട് വളർന്നു. ബിടിഎസിലൂടെ ലോകം വാഴ്ത്തിയ സംഗീതജ്ഞനായി മാറി സുക.
ജിൻ
മാധ്യമപ്രവർത്തകൻ ആകാൻ ആയിരുന്നു ബാല്യത്തിൽ ജിനിന്റെ മോഹം. ജൂനിയർ ഹൈസ്കൂളിൽ ആയിരുന്ന കാലത്ത് ഒരു കെ പോപ് ഏജൻസി ജിനിനെ അവരുടെ സംഘത്തിൽ ചേർക്കാൻ ശ്രമിച്ചെങ്കിലും അവസരം വേണ്ടെന്ന് വച്ച് ജിൻ അഭിനയം പഠിക്കാൻ പോയി. അതിനിടയിൽ ബിടിഎസിന്റെ ഓഡിഷനിൽ പങ്കെടുത്തു. ഏഴംഗ സംഘത്തിൽ ഒരുവനായി ലോകത്തെ പാട്ടുകൾ കൊണ്ട് ത്രസിപ്പിച്ചു.
ജിമിൻ
ബിടിഎസിന്റെ ഓഡിഷനിൽ വെറുതെയൊന്നു പങ്കെടുക്കൂ എന്നു പറഞ്ഞ് ജിമിനെ അധ്യാപികയാണ് നിർബന്ധിച്ച് അയച്ചത്. ആ നിർബന്ധം ജിമിനെ ലോകപ്രശസ്തനാക്കി. ബിടിഎസിൽ ആഭരണങ്ങളുടെ വമ്പൻ ശേഖരം ഉള്ളത് ജിമിനാണ്. പ്രകടനങ്ങള്‍ക്കൊപ്പം ജിമിന്റെ കമ്മലുകളും മാലകളും ട്രെൻഡായി മാറി.
ജുങ്കൂക്ക്
ബിടിഎസിലെ ഓൾറൗണ്ടർ ആണ് ജങ്കൂക്ക്. അത്‌ലറ്റിക്സ്, പെർഫോമിങ് ആർട്സ്, കംപോസിങ്, വിഡിയോഗ്രഫി തുടങ്ങി എല്ലാ കാര്യങ്ങളിലും മിടുക്കൻ. ബിടിഎസിന്റെ ഭാഗമായതോടെ ലോകമെമ്പാടും വലിയ ആരാധക സംഘത്തെ സൃഷ്ടിച്ച താരമാണ് ജുങ്കൂക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...