ലോക ശ്രദ്ധ റഷ്യൻ അധിനിവേശത്തിന് പിന്നാലെ; പൂട്ടിയ ആണവ പരീക്ഷണ ശാലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തി കിം ജോംഗ് ഉൻ
പംയൂറേ ന്യൂക്ലിയർ ടെസ്റ്റിങ് സൈറ്റിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും പഴയവ പുതുക്കിപ്പണിയുകയുമാണ് ഉത്തര കൊറിയ
ലോകത്തിന്റെ ശ്രദ്ധ യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ പോകുമ്പോൾ തനത് ശൈലിയിൽ തന്റെ പണി തുടരുകയാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. മുൻപ് പൂട്ടിയ ഒരു ആണവ പരീക്ഷണശാലയിൽ പുതിയ കെട്ടിടങ്ങൾ ഉൾപ്പെടെ പണിയുന്ന തിരക്കിലാണ് കിം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പംയൂറേ ന്യൂക്ലിയർ ടെസ്റ്റിങ് സൈറ്റിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും പഴയവ പുതുക്കിപ്പണിയുകയുമാണ് ഉത്തര കൊറിയ. അടുത്തിടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.
പംയൂറേ ന്യൂക്ലിയർ ടെസ്റ്റിങ് സൈറ്റ്
രാജ്യത്തിലെ പ്രധാന ആണവ പരീക്ഷണങ്ങൾ പലതും നടന്ന കേന്ദ്രമാണ് ഉത്തര കൊറിയയുടെ വടക്ക്-കിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന പംയൂറേ ആണവ പരീക്ഷണശാല. 2018ൽ ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉത്തര കൊറിയ പംയൂറേ ന്യൂക്ലിയാർ ടെസ്റ്റിങ് സൈറ്റ് പൂട്ടിയത്. അതിന് മുൻപ് ചില സ്ഫോടനങ്ങൾ നടന്ന സാഹചര്യത്തിൽ പംയൂറേയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയിരുന്നു. സ്ഫോടനത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചതിനാൽ പംയൂറേ ഏറെ നാൾ പൂട്ടിയിട്ടു.
2018ൽ ലോകത്തെ തന്നെ ഏക ആണവ പരീക്ഷണ ശാലയായിരുന്നു പംയൂറേ. 2006 മുതൽ പ്രധാനപ്പെട്ട ആറ് ആണവ പരീക്ഷണങ്ങളാണ് പംയൂറേയിൽ നടന്നതെന്നാണ് പുറം ലോകത്തിന് ലഭിച്ച വിവരം. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ നടന്ന സമാധാന ചർച്ചകളുടെ ഭാഗമായി പംയൂറേയിലെ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാൻ കിം തീരുമാനിക്കുകയായിരുന്നു. അന്ന് പൂട്ടിയ പംയൂറേ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത് രാജ്യാന്തര ആണവ ഊർജ ഏജൻസിയുടെ പരാമർശത്തെ തുടർന്നാണ്. പ്ലൂട്ടോണിയം വീണ്ടും ഉത്പാദിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇവിടെ നടക്കുന്നതായി അന്ന് ആണവ ഊർജ ഏജൻസി സംശയം പ്രകടിപ്പിച്ചിരുന്നു.
ഇപ്പോൾ പംയൂറേയിൽ സംഭവിക്കുന്നത്
മക്സാർ എന്ന കമ്പനി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളാണ് പുതിയ വാർത്തകൾക്ക് ആധാരം. പംയൂറേയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഒരു പുതിയ കെട്ടിടം നിർമിക്കുന്നതും മുൻപ് തകർന്ന ഒരു കെട്ടിടം പുനർനിർമിക്കുന്നതും ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഉത്തര കൊറിയ നിർത്തിവച്ചിരുന്ന ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...