കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി അറേബ്യ
Saudi Arabia: കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സൗദിയിൽ കോവിഡ് കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻറെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
ജിദ്ദ: കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സൗദിയിൽ കോവിഡ് കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാൻ, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നാണ് സൗദി അറേബ്യ പൗരന്മാരെ വിലക്കിയിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ മങ്കിപോക്സ് പടർന്നുപിടിക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. സൗദിയില്‍ ഇതുവരെ മങ്കി പോക്‌സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ, കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു. ആഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനി ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ആശങ്ക പടർത്തുകയാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രയേലിലും കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരുന്നു. ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്തവരിലും രോഗം ബാധിക്കുന്നത് ആശങ്കയുണർത്തുകയാണ്. കുരങ്ങുപനി കേസുകൾ വർധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ചേർന്ന അടിയന്തര യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. മെയ് 13 മുതൽ 12 രാജ്യങ്ങളിലായി 92 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന ഞായറാഴ്ച അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ രോഗബാധ വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. നിലവിൽ സാഹചര്യം നിരീക്ഷിച്ച് വരികെയാണെന്നും, പെട്ടെന്ന് ഇത്തരത്തിൽ രോഗം പൊട്ടിപുറപ്പെടാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...