ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങിയ ഘട്ടത്തില്‍ തന്നെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. വിവാഹേതര ബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ സംഭവത്തില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണ് എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. എന്തായാലും ഈ കേസ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരായിരിക്കണം തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എന്നതിനുള്ള മത്സരം ശക്തമായി തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ മുന്‍പന്തിയില്‍ ട്രംപ് തന്നെ ആയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ക്രിമിനല്‍ കേസില്‍ പെട്ട് അറസ്റ്റിലായാല്‍, അത് ട്രംപിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കും എന്നതില്‍ തര്‍ക്കമില്ല.


Read Also: താന്‍ ഒരു ഇരയല്ല, ട്രംപിന് തലവേദനയായി പോൺ താരം സ്‌റ്റോമി ഡാനിയൽസ്


ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എന്ന 'റെക്കോര്‍ഡിന്' കൂടി ഇപ്പോള്‍ ട്രംപ് അര്‍ഹനായിരിക്കുകയാണ്. എന്നാല്‍ അതൊന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിഘാതം സൃഷ്ടിക്കില്ല. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയാണോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നതൊന്നും മത്സരിക്കുന്നതില്‍ നിന്ന് നിയമപരമായി ട്രംപിനെ തടയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജയിലില്‍ കിടന്നും വേണമെങ്കില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.


റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നത് ഡൊണാള്‍ഡ് ട്രംപ് മാത്രമല്ല. ഇന്ത്യന്‍ വംശജരായ നിക്കി ഹേലിയും വിവേക് രാമസ്വാമിയും മത്സരത്തില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ട്രംപും നിക്കി ഹാലിയും വിവേക് രാമസ്വാമിയും ആണ് ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ മുന്‍നിരയില്‍ ഉള്ളത്.


ട്രംപിനെതിരെയുള്ള കുറ്റം അമേരിക്കന്‍ സമൂഹത്തെ സംബന്ധിച്ച് ചെറിയൊരു കുറ്റമല്ല. വിവാഹേതര ബന്ധം പരസ്യപ്പെടുത്താതിരിക്കാന്‍ പണം നല്‍കുന്നതില്‍ നിയമപരമായി പ്രശ്‌നമില്ല. എന്നാല്‍ ആ പണം എങ്ങനെ നല്‍കി എന്നതാണ് പ്രശ്‌നം. നീലച്ചിത്ര നടിയായ സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം വെളിപ്പെടാതിരിക്കാന്‍ ആണ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. 2016 ലെ തിരഞ്ഞെടുപ്പ് വേളയില്‍ ആയിരുന്നു ഇത്. ട്രംപിന്റെ അഭിഭാഷകന്‍ ആയിരുന്ന മൈക്കല്‍ കോഹന്‍ ആയിരുന്നു ഈ പണം സ്റ്റോമി ഡാനിയല്‍സിന് കൈമാറിയത്. എന്നാല്‍ പിന്നീട് മൈക്കല്‍ കോഹന് ഈ പണം ട്രംപ് തിരികെ നല്‍കുകയും ചെയ്തു. ലീഗല്‍ ഫീസ് എന്ന് പറഞ്ഞായിരുന്നു പണം കൈമാറിയത്. ഇത് ബിസിനസ് രേഖകളില്‍ കൃത്രിമം കാണിക്കുന്നതാണെന്നും ക്രിമിനല്‍ കുറ്റമാണെന്നും ആണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരിക്കുന്നത്.


ഇങ്ങനെ ഒരു കേസ് നിലനില്‍ക്കെ, ട്രംപിന് എങ്ങനെ റിപ്പബ്ലിക്കന്‍ അനുയായികളുടെ പിന്തുണ നേടാന്‍ കഴിയും എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രതിച്ഛായയുണ്ടായിട്ടും ട്രംപ് റിപ്പബ്ലിക്കന്‍സിന്റേയും അമേരിക്കന്‍ ജനതയുടേയും പിന്തുണ നേടി എന്ന ചരിത്രയാഥാര്‍ത്ഥ്യം മുന്നിലുണ്ട്.


ട്രംപിന്റെ സാധ്യത മങ്ങിയാല്‍ പിന്നെയുള്ളത് രണ്ട് ഇന്ത്യന്‍ വംശജര്‍ ആണെന്ന വലിയ പ്രത്യേകതയും ഇത്തവണത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനുണ്ട്. നിക്കി ഹേലിയുടെ മാതാപിതാക്കള്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. സൗത്ത് കരോലിന ഗവര്‍ണര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ഹേലി, ട്രംപ് ഭരണകാലത്ത് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡര്‍ ആയിരുന്നു. വിവേക് രാമസ്വാമിയുടെ കാര്യത്തില്‍ മലയാളികള്‍ക്ക് പ്രത്യേക താത്പര്യമുണ്ട്. കാരണം, ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മലയാളികളാണ്. 37 വയസ്സുമാത്രമുള്ള വിവേക് രാമസ്വാമി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാല്‍ പോലും അത് ചരിത്ര സംഭവം ആയിരിക്കും. 


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മത്സരിച്ച ആളായിരുന്നു കമല ഹാരിസ്. എന്നാൽ ജോ ബൈഡൻ ആയിരുന്നു അന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ആയതും പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചതും. എന്തായാലും കമല ഹാരിസിനെ ബൈഡൻ കൈവിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസ് നിയോഗിതയായി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.