ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കി  ഭരണഘടന കോടതി. ഇതോടെ, ദക്ഷിണാഫ്രിക്കയില്‍ ഉള്ളവര്‍ക്ക്‌ ഇനി സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുകയും കൈയില്‍ വയ്ക്കുകയും ചെയ്യാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, രാജ്യത്ത് കഞ്ചാവ് ഇടപാടുകള്‍ നടത്തുന്നത് കുറ്റകരമായി തന്നെ തുടരും. കൂടാതെ,  പൊതു സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനെയും കോടതി വിലക്കിയിട്ടുണ്ട്.


പ്രായപൂര്‍ത്തിയായവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമാകുന്ന നിയമം ഭരണഘടനാ വിരുദ്ധവും ഓരോ പൗരന്‍റെയും അവകാശത്തിന് മേലുള്ള കടന്ന് കയറ്റവുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.


കേസില്‍ വിധി പറയാന്‍ രൂപികരിച്ച ബെഞ്ചിലെ എല്ലാ ജഡ്ജിമാരും ഏകകണ്ഠേനയാണ് വിധി പുറപ്പെടുവിച്ചത്. ചരിത്രവിധി വന്നതിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്.



 



 



 



 



കോടതി വിധി കേള്‍ക്കാന്‍ മാത്രം ആയിരങ്ങളാണ് തടിച്ച് കൂടിയത്. വിധി പുറത്ത് വന്നതിന് പിന്നാലെ പ്രധാന നഗരങ്ങളില്‍ ആഘോഷ പ്രകടനങ്ങളും നടന്നു. 


കഞ്ചാവ് ഉപയോഗം കുറ്റകരമല്ലെന്ന് വെസ്റ്റേണ്‍ കേപ് കോടതിയുടെ 2017ലെ വിധി ശരിവെച്ചുക്കൊണ്ടാണ് പരമോന്നത കോടതിയുടെയും വിധി. കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.


മദ്യപാനം കഞ്ചാവിനേക്കാള്‍ ഹാനീകരമാണെന്നുള്ള വാദം ശരിയാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ നിയമഭേദഗതി വരുന്നത് വരെ വീട്ടില്‍ ഇനി കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതിയുണ്ടായിരിക്കും. 


കഞ്ചാവിനെ സ്വര്‍ഗീയമായി കാണുന്ന വിഭാഗമാണ്‌ 1930ല്‍ ജമൈക്കയിലാരംഭിച്ച ആത്മീയ പ്രസ്ഥാനമായ റസ്തഫാരി. ലോക പ്രശസ്ത ഗായകനായ ബോബ് മാര്‍ലി  റസ്തഫാരിയില്‍ ആകൃഷ്ടനായ വ്യക്തിയാണ്.