ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ തന്നെയുണ്ട്- മുൻ പാക് പ്രസിഡൻറ് മുഷറഫ്
1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് മുൻ പാക്കിസ്ഥാൻ പ്രസിഡൻറ് പർവേസ് മുഷറഫ് സൂചന നൽകി.
ലാഹോർ: 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് മുൻ പാക്കിസ്ഥാൻ പ്രസിഡൻറ് പർവേസ് മുഷറഫ് സൂചന നൽകി.
ഒരു പാക്കിസ്ഥാൻ ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം സൂചിപ്പിച്ചത്. "ദാവൂദിന്റെ കാര്യത്തിൽ ഇന്ത്യ പാകിസ്താനെ എന്നും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, നമുക്ക് എന്തുകൊണ്ട് അവരെ ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയുന്നില്ല? ദാവൂദ് ഇവിടെ എവിടെയോ തന്നെയുണ്ട്..." മുഷറഫ് പറയുന്നു.
ദാവൂദ് ഇബ്രാഹീം പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒരു കൊട്ടാരത്തിൽ കഴിയുന്നുണ്ടെന്ന് ഇന്ത്യ പലപ്പോഴും ആരോപിച്ചിട്ടുണ്ടെങ്കിലും അതിനെ സംബന്ധിച്ചുള്ള സൂചനകളെല്ലാം പാകിസ്താൻ നിരന്തരം നിരസിക്കുകയാണുണ്ടായത്. കഴിഞ്ഞ 10 വർഷമായി മുംബൈ സ്ഫോടന കേസിൽ ദാവൂദ് ഇബ്രാഹീമിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിരവധി കേസ് ഫയലുകളാണ് ഡൽഹിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഇന്ത്യ അയച്ചിട്ടുള്ളത്.
ഇബ്രാഹിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ ഏറ്റെടുക്കുമെന്ന് ഹോം സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നു. ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെയുണ്ടെന്നും, ആ രാജ്യം അയാൾക്ക് അഭയം നൽകിയിട്ടുണ്ടെന്നും നിയമം നേരിടാൻ ഇന്ത്യയിലേക്ക് അയാളെ കൊണ്ടുവരുന്നതിന് പാക്കിസ്ഥാൻ തടസ്സം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1993ലെ മുംബൈ സ്ഫോടന കേസിൽ ദാവൂദ് ഇബ്രാഹിം മുഖ്യ പ്രതിയാണ്. ഇതിൽ 260 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അൽക്വയ്ദ തലവൻ ഒസാമ ബിൻ ലാദനും പാക്കിസ്ഥാൻ അഭയം നൽകിയിരുന്നുവെന്ന് ഇന്ത്യ നേരത്ത തന്നെ ആരോപിച്ചിരുന്നു. അമേരിക്കൻ നാവികസേനയുടെ പ്രത്യേക സംഘം 2011 മെയ് 2ന് ബിൻ ലാദനെ കൊലപ്പെടുത്തിയപ്പോഴാണ് ലാദൻ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഉണ്ടായിരുന്ന കാര്യം ലോകം അറിഞ്ഞത്.
"ഒസാമ കൊല്ലപ്പെട്ടപ്പോൾ മാത്രമാണ് അയാളെക്കുറിച്ച് ജനങ്ങൾ അറിഞ്ഞത്. അതുവരെ അയാൾ ഒരു മയക്കുമരുന്നു വ്യാപാരിയായിരുന്നെന്നാണ് സാധാരണ ജനങ്ങൾ കരുതിയിരുന്നത്. ഒസാമ കൊല്ലപ്പെടുന്നതിനും മുൻപ് തുടർച്ചയായി അഞ്ചു വർഷം വരെയും അബോട്ടാബാദിൽ കഴിയുകയായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ സംശയമുണ്ട്" മുഷ്‌റഫ് പറഞ്ഞു.