വിവാദങ്ങൾ അവസാനിക്കുന്നില്ല;ആപ്പിളുമായി മസ്ക് പരസ്യപോരിന്
ഐഒഎസ് ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ആപ് വേണമെങ്കില്‍ ആപ് സ്റ്റോര്‍ വഴി മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ പ്രശ്നങ്ങളുടെയും വിവാദങ്ങളുടെയും കുത്തൊഴുക്കായിരുന്നു ഏറ്റവുമൊടുവിൽ ആപ്പിൾ മേധാവി ടിം കുക്കുമായി ഒരു പരസ്യപോരിന് ഒരുങ്ങിയിരിക്കുകയാണ് മസ്ക്. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്ന് ട്വിറ്ററിന്റെ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നത് തടയാന്‍ ആപ്പിള്‍ ശ്രമിച്ചുവെന്ന് മസ്‌കിന് തോന്നിയതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ ഇതിൽ കൃത്യമായ ഒരു വിശദീകരണം ആപ്പിൾ നൽകിയില്ലെന്ന് മാത്രമല്ല ആപ്പിൾ ട്വിറ്ററിന് നൽകിയിരുന്ന പരസ്യങ്ങൾ കുറയ്ക്കുകയും ചെയ്തു.ഇതും മസ്കിനെ രോഷാകുലനാക്കി.
ഐഒഎസ് ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ആപ് വേണമെങ്കില്‍ ആപ് സ്റ്റോര്‍ വഴി മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതിനാലാണ് മസ്‌ക് ഒരു തുറന്ന 'യുദ്ധ'പ്രഖ്യാപനത്തിലേക്ക് കടന്നത്. പരസ്യക്കാരെ ആശ്രയിക്കുക, മാസവരി ഈടാക്കുക എന്നിങ്ങനെ രണ്ടു മാര്‍ഗങ്ങളാണ് ആപ്പുകള്‍ക്ക് നിലനില്‍ക്കാനുള്ളത് . പരസ്യക്കാരെ ആശ്രയിച്ച് മാത്രം ഇതുവരെ പ്രവര്‍ത്തിച്ചുവന്നതിന്റെ പ്രത്യാഘാതമാണ് ട്വിറ്റർ ഇപ്പോള്‍ നേരിടുന്നത്. അതുകൊണ്ട് മാസവരി എന്ന ബിസിനസ് മോഡല്‍ മസ്ക് മുന്നോട്ടുവയ്ക്കുന്നത്.
പിടിച്ചുനില്‍ക്കാന്‍ ട്വിറ്ററിനു ഇപ്പോള്‍ ഈ വരുമാനം കൂടിയേതീരൂ.എന്നാൽ ട്വിറ്ററിനു ലഭിക്കുന്ന മാസവരിസംഖ്യയില്‍ 30 ശതമാനം ആപ്പിളിനും ഗൂഗിളിനും നല്‍കണം. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങി ആപ്പുകൾ നൽകുന്ന കമ്പനികളുടെ ഇത്തരം പ്രവണതകള്‍ക്കെതിരെ ആന്റിട്രസ്റ്റ് ബില്ലുകൾ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. 'ഓപ്പണ്‍ ആപ് മാര്‍ക്കറ്റ്‌സ് ആക്ട്' അതിലൊന്നാണ്. ഈ ആക്ട് പാസായാല്‍ ആപ് ഡവലപ്പര്‍മാർക്ക് ഒരുവിധം ആശ്വാസമാകും. ഈ ബില്ലിന് മസ്‌ക് എന്തായാലും പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് . അതേസമയം തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകാൻ വേണ്ടിയാണ് കടുത്ത നിയന്ത്രണങ്ങളെന്നാണ് ആപ്പിളിന്റെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...