ലണ്ടന്‍: ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് ജനതയുടെ ജനഹിതം മാനിക്കുന്നെന്ന് ബ്രിട്ടീഷ് പ്രധാമന്ത്രി ഡേവിഡ് കാമറൂണ്‍. ഒക്ടോബറോടെ സ്ഥാനമൊഴിയുമെന്ന് കാമറൺ അറിയിച്ചു. ബ്രിട്ടന്‍ സാമ്പത്തികമായി ഭദ്രമാണെന്നും ബ്രിട്ടന് പുതിയ പ്രധാനമന്ത്രിയെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ബ്രിട്ടന്‍ പുറത്തുവരണമെന്നു 52 ശതമാനം പേരും വിധിയെഴുതിയ സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ ബ്രിട്ടനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി ബ്രിട്ടനില്‍ നിന്നും വിടാന്‍ സ്‌കോര്‍ട്ട്‌ലാന്റില്‍ ഹിതപരിശോധന വേണമെന്ന് സ്‌കോര്‍ട്ട്‌ലാന്റ് പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചു. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കൊളാസ് സ്റ്റര്‍ജന്‍ ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിക്കഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡിലെ 32 പ്രാദേശിക കൗണ്‍സിലുകളും യൂണിയനില്‍ തുടരാനാണ് വോട്ടു ചെയ്തത്. ഇത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.


1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52% വോട്ടർമാർ (17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48% (16,141241) വോട്ടർമാരാണ്. 4.64 കോടി വോട്ടർമാരിൽ 71.8% പേരാണ് ഹിതപരിശോധനയിൽ വോട്ടു രേഖപ്പെടുത്തിയത്.


ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ചര്‍ച്ചകളില്‍നിന്നായിരുന്നു ഹിതപരിശോധനയുടെ തുടക്കം. പുതിയ കുടിയേറ്റക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇയുവില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയില്‍പോലും അഭിപ്രായസമന്വയം രൂപീകരിക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് കഴിഞ്ഞില്ല. അങ്ങനെയാണ് പൊതുജനാഭിപ്രായം തേടുക എന്ന വഴി സ്വീകരിച്ചത്. രാജ്യത്തെ യൂണിയനില്‍ നിലനിര്‍ത്താന്‍ പരമാവധി പരിശ്രമിച്ച  കാമറണിന് ഹിതപരിശോധനാ ഫലം കനത്ത തിരിച്ചടിയായി. 


അതേസമയം, ബ്രിട്ടന്‍റെ സ്വാതന്ത്ര്യദിനമാണിതെന്ന് യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് അഭിപ്രായപ്പെട്ടത്. ഇരുപതു വര്‍ഷത്തിലേറെയായി ഈ ആവശ്യം ഉന്നയിക്കുന്ന നേതാവാണ് ഫെറാജ്. സാധാരണക്കാരന്റെയും മര്യാദക്കാരുടെയും വിജയമാണിതെന്നും ജനങ്ങളുടെ തീരുമാനം ഉടന്‍ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.