വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ളബില്‍ അതിക്രമിച്ച് കടന്ന്‍ വെടിവെപ്പ് നടത്തിയ ഒമര്‍ സാദിഖ് മാറ്റീന്‍ എഫ്.ബി.ഐയുടെ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുന്ന സമയത്ത് ഭീകരസംഘടനകളുമായി  ബന്ധമുണ്ടെന്ന സംശയം തോന്നിയതിനാല്‍ ഒമറിനെ  രണ്ടു തവണ എഫ്.ബി.ഐ ചോദ്യം ചെയ്തിരുന്നു. കൂടാതെ ആക്രമണത്തിനുപയോഗിച്ച റൈഫിളും ഹാന്‍ഡ് ഗണും ഇയാള്‍ കൃത്യം ചെയ്യുന്നതിന് 12 ദിവസം മുമ്പാണ് നിയമപരമായി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരിക്കേറ്റു. ഒര്‍ലാന്‍ഡോ പ്രദേശത്തെ പള്‍സ് ക്ലബില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. ഫ്ളോറിഡയില്‍ ഗവര്‍ണര്‍ റിക് സ്കോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം ഭീകരാക്രണം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.


അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തോക്കും സ്ഫോടക വസ്തുക്കളുമായി ക്ളബില്‍ പ്രവേശിച്ച അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. 40 തവണയെങ്കിലൂം ഇയാള്‍ വെടിയുതിര്‍ത്തുവത്രെ.  മൂന്ന് മണിക്കൂറിന് ശേഷമാണ് പൊലീസ് സംഭവസ്ഥലത്തത്തെിയത്. 29കാരനായ ഉമര്‍ സിദ്ദീഖ് മതീന്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഫ്ലോറിഡയിലെ തന്നെ സെന്‍റ്ലൂയീസ് പോര്‍ട്ട് സ്വദേശിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ളയാളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.


20 മൃതദേഹങ്ങളും ക്ളബിന് അകത്തുതന്നെയാണ് കണ്ടത്തെിയത്. എല്ലായിടത്തും മരിച്ചവരും പരിക്കേറ്റവരും ചിതറിക്കിടക്കുകയായിരുന്നെന്നും പൊലീസ് എത്തിയശേഷമാണ് ആശുപത്രിയിലത്തെിക്കാനായതെന്നും ക്ളബിനകത്തുണ്ടായിരുന്നവര്‍ പറഞ്ഞു.  അതേ സമയം  വെടിവെപ്പ് നടത്തിയതിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടന ഐ.എസ് ഏറ്റെടുത്തു. വെടിവെപ്പ് നടത്തിയ ഉമര്‍ സിദ്ദീഖ് മതീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടിട്ടുള്ള ആളാണെന്ന് ഐ.എസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.


അമേരിക്കന്‍ ചരിത്രത്തിലെതന്നെ ഏറ്റവും ഭീകരമായ വെടിവെപ്പാക്രമണമാണ് ഇവിടെ അരങ്ങേറിയതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒര്‍ലാന്‍ഡോ നഗരത്തിലെ ഏറ്റവും പ്രധാന നിശാക്ലബുകളിലൊന്നാണ് അക്രമം നടന്ന പള്‍സ് ഒര്‍ലാന്‍ഡോ. സംഭവം നടക്കുമ്പോള്‍ 300ഓളം പേര്‍ ക്ളബ്ബിലുണ്ടായിരുന്നു