ഫ്യൂഗോ അഗ്നിപർവത വിസ്ഫോടനം: ഗ്വാട്ടിമാലയില്‍ 25 പേര്‍ മരിച്ചു
ഫ്യൂഗോ അഗ്നിപർവത വിസ്ഫോടനത്തെ തുടർന്ന് ഗ്വാട്ടിമാലയിൽ 25 പേര്‍ മരിക്കുകയും 20 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗ്വാട്ടിമാല: ഫ്യൂഗോ അഗ്നിപർവത വിസ്ഫോടനത്തെ തുടർന്ന് ഗ്വാട്ടിമാലയിൽ 25 പേര്‍ മരിക്കുകയും 20 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്ഫോടനത്തെ തുടർന്നു ചാരവും പാറക്കഷ്ണങ്ങളും കൊണ്ട് മേഖല നിറഞ്ഞതിനാൽ ഗ്വാട്ടിമാല ദേശീയ വിമാനത്താവളം അടച്ചിടുകയും 2000ല്‍ അധികം ആളുകളെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.
ഫ്യൂഗോ അഗ്നിപർവതത്തിന്‍റെ തെക്കു ഭാഗത്തായി താമസിക്കുന്ന കർഷകരാണ് ഉരുകിയൊലിച്ച ലാവയിൽ വെന്തു മരിച്ചതെന്നും വെളിച്ചക്കുറവിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും മരിച്ചവര്‍ക്കായുള്ള തിരച്ചിലും തടസപ്പെടുന്നുവെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
അഗ്നിപർവതത്തിന്‍റെ സമീപ നഗരങ്ങളിൽനിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ദുരിത ബാധിത മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ അന്വേഷിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
അതേസമയം, രക്ഷപ്പെടാനായി ചിതറിയോടിയ കർഷകരെ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി നൂറിലധികം പോലീസിനെയും സൈന്യത്തെയും റെഡ് ക്രോസ് ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അധികാരികള്‍ അറിയിച്ചു.
സജീവമായി നിൽക്കുന്ന മൂന്ന് അഗ്നിപർവതങ്ങളാണ് ഗ്വാട്ടിമാല സിറ്റിയിലുള്ളത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. 12,346 അടി ഉയരത്തിലാണ് ഇത്തവണ പൊട്ടിത്തെറി ഉണ്ടായത്.